മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം; 23വരെയുള്ള പൊതുപരിപാടികൾ റദ്ദാക്കി
Wednesday, February 19, 2025 1:21 AM IST
വത്തിക്കാന്‍: ശ്വാസകോശ അണുബാധയെത്തുടർന്ന് കഴിഞ്ഞ 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലുള്ള ഫ്രാൻസിസ് മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് വത്തിക്കാൻ.
നേരത്തേ നല്കിവന്നിരുന്ന ചികിത്സയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും വത്തിക്കാൻ പ്രസ്താവനയില്‍ അറിയിച്ചു.
മാർപാപ്പ രാത്രിയിൽ നന്നായി ഉറങ്ങുന്നുണ്ട്. പതിവ് ദിനചര്യപ്രകാരം പത്രങ്ങൾ വായിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം, മാർപാപ്പയുടെ ഇന്നത്തെ പ്രതിവാര പൊതുകൂടിക്കാഴ്ച റദ്ദാക്കി. ഡീക്കന്മാരുടെ ജൂബിലിയോടനുബന്ധിച്ച് 23ന് വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയിൽ തനിക്കു പകരം മുഖ്യകാർമികത്വം വഹിക്കുന്നതിന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്ട് ആർച്ചബിഷപ്പ് റീനൊ ഫിസിക്കേല്ലയെ മാർപാപ്പ ചുമതലപ്പെടുത്തി.