കോംഗോയിൽ ഭീകരർ 70 ക്രൈസ്തവരെ പള്ളിയിൽ കഴുത്തറത്തു കൊന്നു
Thursday, February 20, 2025 1:20 AM IST
കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ 70 ക്രൈസ്തവരെ തലയറത്തു കൊന്ന നിലയിൽ പ്രൊട്ടസ്റ്റന്റ് പള്ളിയിൽ കണ്ടെത്തി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) എന്ന ഭീകരസംഘടനയാണ് നിഷ്ഠുരകൃത്യം നടത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കസാംഗ എന്ന സ്ഥലത്തെ പള്ളിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ മേയ്ബ എന്ന ഗ്രാമത്തിൽനിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയവരെ പള്ളിയിൽവച്ച് കൊലപ്പെടുത്തിയെന്നാണു കരുതുന്നത്. തുടർച്ചയായ ആക്രമണങ്ങൾ കാരണം പ്രദേശവാസികൾ ഈ ഗ്രാമത്തിൽനിന്നു പലായനം ചെയ്തിരുന്നുവെന്നു പറയുന്നു.
പടിഞ്ഞാറൻ യുഗാണ്ട കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എഡിഎഫ് പിന്നീട് അയൽ രാജ്യമായ കോംഗോയിലേക്കു ഭീകരപ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു. അമേരിക്കയും യുഗാണ്ടയും എഡിഎഫിനെ ഭീകരസംഘടനയായി മുദ്രകുത്തിയിട്ടുണ്ട്.