പാക്കിസ്ഥാനിൽ ഭീകരാക്രമണം; ഏഴു പേർ കൊല്ലപ്പെട്ടു
Thursday, February 20, 2025 1:20 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ അജ്ഞാതരായ തോക്കുധാരികൾ യാത്രാബസ് തടഞ്ഞ് ഏഴു പേരെ വെടിവച്ചു കൊന്നു. ലാഹോറിലേക്കു പുറപ്പെട്ട ബസ് ബർക്കാൻ ജില്ലയിൽവച്ച് 40 തോക്കുധാരികൾ തടയുകയായിരുന്നു.
ബസിൽ കയറി യാത്രക്കാരുടെ രേഖകൾ പരിശോധിച്ച ശേഷം ഏഴു പേരെ പുറത്തിറക്കിനിർത്തിയാണ് വെടിവച്ചുകൊന്നത്. മരിച്ചവരെല്ലാം പഞ്ചാബ് പ്രവിശ്യക്കാരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല.
പ്രവിശ്യയിൽ ശക്തമായ സാന്നിധ്യമുള്ള ബലൂച് വിഘടനവാദികൾ ഇതര പ്രവിശ്യകളിൽനിന്നുള്ള തൊഴിലാളികളെ ആക്രമിക്കാറുണ്ട്.