ക്രിപ്റ്റോയിൽ കുരുങ്ങി അർജന്റീന പ്രസിഡന്റ്
Wednesday, February 19, 2025 1:21 AM IST
ബുവാനസ്ഐറിസ്: സമൂഹമാധ്യമത്തിലൂടെ ക്രിപ്റ്റോകറൻസി പ്രചരിപ്പിച്ച പ്രസിഡന്റ് ഹാവിയർ മിലെയ്ക്കെതിരേ ഇംപീച്ച്മെന്റിനൊരുങ്ങി അർജന്റീന. സമൂഹമാധ്യമമായ എക്സിൽ ലിബ്ര കോയിൻ പരിചയപ്പെടുത്തിയതാണു മിലെയ്ക്കു കെണിയായത്.
ലിബ്ര കോയിൻ ചെറുകിട ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും ധനസഹായം നൽകുമെന്ന് കുറിച്ച പ്രസിഡന്റ് അത് വാങ്ങുന്നതിനുള്ള ലിങ്കും എക്സിൽ പങ്കുവച്ചു. ഇതോടെ ലിബ്ര കോയിന്റെ വില കുതിച്ചുയർന്നു. എന്നാൽ ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ മിലെ തന്റെ പോസ്റ്റ് പിൻവലിച്ചു. പിന്നാലെ ക്രിപ്റ്റോകറൻസിയുടെ മൂല്യം ഇടിഞ്ഞു.
നിക്ഷേപകർക്ക് ഇതോടെ വലിയ തോതിൽ പണവും നഷ്ടമായി. സംഭവത്തിൽ മിലെയ്ക്കെതിരേ പ്രതിപക്ഷം രംഗത്തുവന്നു. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾ ആരംഭിക്കാൻ പദ്ധതിയിടുന്നതായി പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു.
അതേസമയം, ഞായറാഴ്ച അർജന്റീനയിലെ ക്രിമിനൽ കോടതിയിൽ അഭിഭാഷകർ മിലെയ്ക്കെതിരേ വഞ്ചനക്കുറ്റം ആരോപിച്ച് പരാതി നൽകി. ഊഹാപോഹങ്ങൾ ഒഴിവാക്കുന്നതിനാണു പോസ്റ്റ് നീക്കം ചെയ്തതെന്നു പ്രസിഡന്റിന്റെ ഓഫീസ് പറഞ്ഞു. ക്രിപ്റ്റോകറൻസിയുടെ പ്രചാരണത്തിൽ മിലെ ഉൾപ്പെട്ടിട്ടില്ലെന്നും സംഭവത്തിൽ പ്രസിഡന്റ് ഉൾപ്പെടെ ആരെങ്കിലും തെറ്റായി പ്രവർത്തിച്ചിട്ടുണ്ടോയെന്ന് അഴിമതി വിരുദ്ധ ഓഫീസ് അന്വേഷിക്കുമെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
പ്രതിപക്ഷത്തെ പ്രമുഖ നേതാവും മുൻ പ്രസിഡന്റുമായ ക്രിസ്റ്റീന ഫെർണാണ്ടസ് ഡി കിർച്ച്നർ ക്രിപ്റ്റോ തട്ടിപ്പുകാരൻ എന്നാണ് പ്രസിഡന്റിനെ വിശേഷിപ്പിച്ചത്. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ അനുമതി തേടുമെന്നു രാജ്യത്തെ പ്രധാന പ്രതിപക്ഷ സഖ്യം അറിയിച്ചു.