യൂറോപ്യൻ നേതാക്കൾ അടിയന്തര യോഗം ചേരുന്നു
Monday, February 17, 2025 1:26 AM IST
പാരീസ്: യുക്രെയ്ൻ വിഷയത്തിൽ യൂറോപ്യൻ നേതാക്കൾ അടിയന്തര യോഗം ചേരുന്നു. യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏകപക്ഷീയ നീക്കങ്ങളുമായി മുന്നോട്ടു പോകുന്ന പശ്ചാത്തലത്തിലാണിത്. സമാധാന ചർച്ചയിൽ യൂറോപ്പിനു പങ്കുണ്ടാവില്ലെന്നാണ് അമേരിക്കൻ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.
ഈ സാഹചര്യത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആണു പാരീസിൽ അടിയന്തര യോഗം വിളിച്ചത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ യോഗം ചേരുമെന്നാണു സൂചന. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ റഷ്യൻ, അമേരിക്കൻ പ്രതിനിധികൾ അടുത്ത ദിവസങ്ങളിൽ സൗദിയിൽ ആരംഭിക്കുമെന്നാണു റിപ്പോർട്ട്. യൂറോപ്യൻ നേതാക്കളോട് അഭിപ്രായം ആരായുമെങ്കിലും യൂറോപ്യൻ നേതാക്കൾ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ട്രംപിന്റെ പ്രത്യേക യുക്രെയ്ൻ പ്രതിനിധി കീത്ത് കെല്ലോഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരുപാടു കക്ഷികൾ പങ്കെടുത്തതുകൊണ്ടാണു മുൻ ചർച്ചകൾ പരാജയപ്പെട്ടത് എന്ന ന്യായമാണ് കെല്ലോഗ് ഇതിനായി പറഞ്ഞത്.
ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിലുണ്ടാക്കുന്ന സമാധാന ധാരണ യുക്രെയ്നു ഗുണകരമായിരിക്കില്ലെന്ന ആശങ്ക യൂറോപ്യൻ നേതൃത്വത്തിനുണ്ട്. വിഷയത്തിൽ യൂറോപ്പിനും അമേരിക്കയ്ക്കും ഇടയിലുള്ള അഭിപ്രായഭിന്നത പരിഹരിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമർ ഇടപെടുമെന്ന സൂചനയുണ്ട്.
ഈ മാസം അവസാനം അമേരിക്ക സന്ദർശിക്കുന്ന സ്റ്റാർമർ യൂറോപ്യൻ നേതാക്കളുടെ അഭിപ്രായങ്ങൾ ട്രംപിനെ അറിയിക്കും. സ്റ്റാർമർ തിരിച്ചെത്തിയശേഷം യൂറോപ്യൻ നേതാക്കൾ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
യുക്രെയ്നെ പങ്കെടുപ്പിക്കാതെ ഉണ്ടാക്കുന്ന സമാധാന ധാരണ അംഗീകരിക്കില്ലെന്ന് സെലൻസ്കി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സമാധാന ചർച്ചയിലേക്കു സെലൻസ്കിയെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് അമേരിക്കൻവൃത്തങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചത്. ക്ഷണം ലഭിച്ചിട്ടില്ലെന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം.