അഭയാർഥികൾക്കായുള്ള ഫണ്ട് മരവിപ്പിച്ച നടപടി: ട്രംപിനെതിരേ യുഎസ് ബിഷപ്പുമാർ കോടതിയിൽ
Thursday, February 20, 2025 1:20 AM IST
വാഷിംഗ്ടൺ ഡിസി: അഭയാർഥി പദ്ധതികൾക്കുള്ള ധനസഹായം മരവിപ്പിച്ച പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തിനെതിരേ കോടതിയെ സമീപിച്ച് അമേരിക്കൻ കാത്തലിക് ബിഷപ്സ് കോൺഫറൻസ് (യുഎസ്സിസിബി).
ഫണ്ട് മരവിപ്പിച്ച നടപടി നിയമവിരുദ്ധമാണെന്നും യുഎസിലെ അഭയാർഥികളെ പുനരധിവസിപ്പിക്കുന്നതിന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് പോപ്പുലേഷൻ, റഫ്യൂജീസ് ആൻഡ് മൈഗ്രേഷൻ ബ്യൂറോയുമായി ചേർന്ന് തങ്ങൾ ഏകദേശം അരനൂറ്റാണ്ടായി പ്രവർത്തിച്ചുവരികയാണെന്നും വാഷിംഗ്ടൺ ഡിസിയിലെ യുഎസ് ഡിസ്ട്രിക്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ബിഷപ്പുമാർ ചൂണ്ടിക്കാട്ടി.
മുന്നറിയിപ്പില്ലാതെയാണ് ജനുവരി 24ന് സഹായം മരവിപ്പിച്ചതെന്നും ഇതുമൂലം നിരവധി പേരാണ് ദുരിതമനുഭവിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഫണ്ട് മരവിപ്പിച്ച നടപടി ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് പ്രൊസീജിയർ ആക്ടിന്റെ ലംഘനമാണെന്നും യുഎസ് ഭരണഘടന പ്രകാരമുള്ള അധികാര വിഭജനത്തെയും ഇതു ലംഘിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.
ഫണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് മെംബർമാരിൽ സമ്മർദം ചെലുത്താൻ കത്തോലിക്കാവിശ്വാസികളോട് യുഎസ് മെത്രാന്മാർ നിർദേശിച്ചു.