ചൈനീസ് ഹെലികോപ്റ്ററിന്റെ അഭ്യാസപ്രകടനത്തെ വിമർശിച്ച് ഫിലിപ്പീൻസ്
Wednesday, February 19, 2025 1:21 AM IST
സ്കാബറോ ഷോൾ: ചൈനീസ് നാവിക ഹെലികോപ്റ്റർ ഫിലിപ്പീൻസ് പട്രോൾ വിമാനത്തിന്റെ സമീപത്തുകൂടി പറന്നത് പരിഭ്രാന്തി പരത്തി.
ഏതു നിമിഷവും തങ്ങളുടെ വിമാനവുമായി കൂട്ടിമുട്ടാവുന്ന തരത്തിലാണു ഹെലികോപ്റ്റർ പറക്കുന്നതെന്നു തിരിച്ചറിഞ്ഞ ഫിലിപ്പിനോ പൈലറ്റ് റേഡിയോ സന്ദേശം വഴി താക്കീത് നൽകി.
നിങ്ങൾ വളരെ അടുത്താണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഞങ്ങളുടെ വിമാനത്തിലുള്ളവരുടെ ജീവൻ അപകടത്തിലാക്കരുതെന്നുമാണ് ഫിലിപ്പിനോ പൈലറ്റ് റേഡിയോയിലൂടെ ചൈനീസ് ഹെലികോപ്റ്ററിന് നൽകിയ സന്ദേശം. ചൈനയ്ക്കും ഫിലിപ്പീൻസിനുമിടയിലെ തർക്കമേഖലയായ സ്കാബറോ ഷോൾ എന്ന ദ്വീപിന് മുകളിൽ വെച്ചായിരുന്നു സംഭവം.
ദക്ഷിണ ചൈനാ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന മേഖലയുടെ നിയന്ത്രണത്തിനുവേണ്ടി ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന തർക്കത്തിൽ തങ്ങൾ ഫിലിപ്പീൻസിനെ പിന്തുണയ്ക്കുമെന്നു പറഞ്ഞ യുഎസിനു ചൈന ശക്തമായ താക്കീതും നൽകിയിട്ടുണ്ട്.