ഹമാസിന് ട്രംപിന്റെ ഡെഡ്ലൈൻ
Wednesday, February 12, 2025 12:02 AM IST
വാഷിംഗ്ടൺ: ഹമാസ് തടവിലാക്കിയിരിക്കുന്ന എല്ലാ ബന്ദികളെയും ശനിയാഴ്ച ഉച്ചയോടെ വിട്ടയച്ചില്ലെങ്കിൽ ഏകപക്ഷീയമായി വെടിനിർത്തൽ കരാർ റദ്ദാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
എന്നാൽ, അന്തിമ തീരുമാനം ഇസ്രയേലിന്റേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്നാരോപിച്ച് ശേഷിക്കുന്ന ബന്ദികളുടെ മോചനം വൈകിക്കാൻ ഹമാസ് തയാറെടുക്കുന്നതിനു പിന്നാലെയാണു ട്രംപിന്റെ ഭീഷണി.
എന്നാൽ ട്രംപിന്റെ ഭീഷണി ഹമാസ് തള്ളി. വെടിനിർത്തൽ കരാർ പാലിക്കാൻ എല്ലാ കക്ഷികളും തയാറായെങ്കിൽ മാത്രമേ ബന്ദികളെ തിരിച്ചയയ്ക്കൂ എന്ന് ഹമാസ് വക്താവ് സാമി അബു സുഹ്രി പറഞ്ഞു. ഭീഷണിയുടെ ഭാഷ കാര്യങ്ങൾ സങ്കീർണമാക്കുകയേയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച ഉച്ചയോടെ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന് ഇസ്രായേൽ ആവശ്യപ്പെടേണ്ട സമയമാണിത്; അല്ലെങ്കിൽ യുദ്ധം പുനരാരംഭിക്കണം- ട്രംപ് വൈറ്റ്ഹൗസില് മാധ്യമങ്ങളോടു പറഞ്ഞു.
തന്റെ സ്വന്തം അഭിപ്രായമാണ് പറയുന്നതെന്നും ഇസ്രയേലിന് ഇതു മറികടക്കാമെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഹമാസ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ അമേരിക്ക ഇടപെടുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, താൻ എന്താണ് പറഞ്ഞതെന്നു ഹമാസ് മനസിലാക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി.
പലസ്തീനികളെ ഗാസയിൽനിന്നു മാറ്റിപ്പാർപ്പിക്കുന്നത് അംഗീകരിക്കുന്നില്ലെങ്കിൽ ജോർദാനും ഈജിപ്തിനുമുള്ള സഹായം റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്നും ട്രംപ് പറഞ്ഞു. വാഷിംഗ്ടൺ ഡിസിയിൽ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.ഇതിനിടെയായിരുന്നു ട്രംപിന്റെ പ്രസ്താവന.
പലസ്തീനികളെ സ്വീകരിക്കാൻ ജോർദാനെ എങ്ങനെ പ്രേരിപ്പിക്കുമെന്നു ചോദിച്ചപ്പോൾ, “അവർ സ്വീകരിക്കുമെന്ന് താൻ കരുതുന്നു, മറ്റ് രാജ്യങ്ങളും സ്വീകരിക്കുമെന്നാണു കരുതുന്നത്. അവർക്ക് നല്ല മനസുണ്ട്” എന്നായിരുന്നു മറുപടി. എന്നാൽ തന്റെ പദ്ധതിയുമായി അവർ യോജിക്കുന്നില്ലെങ്കിൽ ജോർദാനും ഈജിപ്തിനും യുഎസ് നൽകുന്ന കോടിക്കണക്കിന് ഡോളർ സഹായം തടഞ്ഞുവയ്ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.
ഗാസയിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും പലസ്തീനികളെ മാറ്റിപ്പാർപ്പിക്കാനുള്ള ട്രംപിന്റെ നിർദേശത്തെ ഈജിപ്ത് തള്ളിക്കളഞ്ഞു. കിഴക്കൻ ജറുസലെം തലസ്ഥാനമാക്കി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്നതാണു മേഖലയിലെ ശാശ്വത സമാധാനത്തിനുള്ള വഴിയെന്ന് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗാസയുടെ ഉടമസ്ഥത ഏറ്റെടുക്കുമെന്ന ട്രംപിന്റെ പരാമർശത്തെ അസംബന്ധമെന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. പലസ്തീനെയും ഈ മേഖലയെയുംകുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ഇത്തരം പരാമർശങ്ങളുണ്ടാകുന്നതെന്ന് മുതിർന്ന ഹമാസ് നേതാവ് പറഞ്ഞു.