നിർമിതബുദ്ധി വൈദഗ്ധ്യം പങ്കിടാൻ ഇന്ത്യ തയാർ: പ്രധാനമന്ത്രി മോദി
Wednesday, February 12, 2025 1:42 AM IST
പാരീസ്: ജനനന്മയെ മുൻനിർത്തിയാണ് എഐ (നിർമിതബുദ്ധി) സംവിധാനങ്ങൾ ഇന്ത്യ വികസിപ്പിക്കുന്നതെന്നും എഐ സാങ്കേതിക മേഖലയിലെ വൈദഗ്ധ്യവും വിദഗ്ധരെയും ലോകവുമായി പങ്കിടാൻ തയാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
തൊഴിൽനഷ്ടത്തിനു കാരണമാകുമെന്നതാണ് എഐ ഉയർത്തുന്ന ഏറ്റവും വലിയ ആശങ്ക. എന്നാൽ സാങ്കേതിക വിദ്യ തൊഴിൽനഷ്ടം സൃഷ്ടിക്കില്ല എന്നതാണ് ചരിത്രം നമുക്കു കാണിച്ചുതരുന്നതെന്നും അദ്ദേഹം പറഞ്ഞു. പാരീസിൽ നടക്കുന്ന നിർമിത ബുദ്ധി ഉച്ചകോടിയിൽ നൂറിലേറെ രാഷ്ട്രപ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നിർമിതബുദ്ധിയുടെ വ്യാപനത്തിലൂടെ തൊഴിലിന്റെ രീതി മാറുകയും പുതുരീതി തൊഴിലുകൾ രൂപപ്പെടുകയും ചെയ്യും. നമ്മുടെ രാജ്യഘടനയെയും സന്പദ്ഘടനയെയും സുരക്ഷയെയും എന്തിനേറെ, സമൂഹത്തെവരെ എഐ പുനർനിർമിച്ചുകഴിഞ്ഞു.
ഈ സാഹചര്യത്തിൽ ലോകത്തിന്റെ പൊതുനന്മ ലക്ഷ്യമിട്ടാകണം നിർമിതബുദ്ധി മേഖലയിലെ പുതിയ മാറ്റങ്ങളെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. എഐ വഴി ലഭ്യമാകുന്ന വിവരങ്ങള്‍ പക്ഷപാതമില്ലാത്തവയാണോ എന്നതില്‍ കൃത്യമായ ശ്രദ്ധയും മേല്‍നോട്ടവും ഉണ്ടാവണം.
യന്ത്രങ്ങള്‍ മനുഷ്യരെ മറികടക്കുമോ എന്ന പേടി പലര്‍ക്കുമുണ്ട്. ഈ ഭയം അടിസ്ഥാനമില്ലാത്തതാണ്.
ഐഐയുടെ ഭാവി എന്താകണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്. ആ ഉത്തരവാദിത്വമായിരിക്കണം നമ്മെ നയിക്കേണ്ടതെന്നു പറഞ്ഞ പ്രധാനമന്ത്രി എഐ വഴി പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങള്‍ക്ക് സുതാര്യത വേണമെന്നും നിർദേശിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം സഹ അധ്യക്ഷനായിരുന്നു മോദി. യുഎസ് വൈസ്പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഉൾപ്പെടെ നൂറോളം രാജ്യങ്ങളുടെ പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
പ്രധാനമന്ത്രിക്ക് ഫ്രാൻസിൽ ഊഷ്മള സ്വീകരണം
പാരീസ്: ദ്വിദിന സന്ദർശനത്തിനായി പാരീസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. തിങ്കളാഴ്ച രാത്രിയോടെ പാരീസിലെത്തിയ പ്രധാനമന്ത്രി ഐഐ ഉച്ചകോടിക്കു പുറമേ ഉഭയകക്ഷി ചർച്ചയ്ക്കും സമയം കണ്ടെത്തും. തിങ്കളാഴ്ച രാത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഔദ്യോഗിക വസതിയായ എലീസെ പാലസിൽ പ്രധാനമന്ത്രിക്ക് അത്താഴവിരുന്ന് ഒരുക്കിയിരുന്നു.
‘സുഹൃത്ത് നരേന്ദ്ര മോദിക്ക് പാരീസിലേക്ക് സ്വാഗതം’ എന്ന കുറിപ്പോടെ പ്രധാനമന്ത്രിയോടൊപ്പമുള്ള ചിത്രങ്ങൾ ഫ്രഞ്ച് പ്രസിഡന്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
‘സുഹൃത്തായ മാക്രോണിനെ കാണാനായതില്‍ സന്തോഷമുണ്ട് ’ എന്ന കുറിപ്പോടെ പ്രധാനമന്ത്രിയും കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.