വെടിയൊച്ച നിലച്ചു ; ഗാസ നിവാസികൾക്കു മുന്നിൽ അവശിഷ്ടക്കൂന്പാരം
Monday, January 20, 2025 10:57 PM IST
ടെൽ അവീവ്: ഹമാസ് മൂന്ന് വനിതാ ഇസ്രേലി ബന്ധികളെ കൈമാറുകയും ഇസ്രയേൽ 90 പലസ്തീൻ തടവുകാരെ ജയിലുകളിൽനിന്നു മോചിപ്പിക്കുകയും ചെയ്തതോടെ ഗാസാ വെടിനിർത്തലിന്റെ ഒന്നാം ദിനം ശുഭകരമായി അവസാനിച്ചു. ബന്ദി കൈമാറ്റത്തിന്റെയും തടവുകാരുടെ മോചനത്തിന്റെയും ഓപ്പറേഷൻ നിർവഹിച്ചത് റെഡ് ക്രോസ് ആണ്.
മോചിതരായ ഇസ്രേലി ബന്ദികൾ രാജ്യത്തിന്റെ കരുതലിലേക്കും ബന്ധുക്കളുടെ ഊഷ്മളതയിലേക്കും മടങ്ങിയെത്തി. വെസ്റ്റ് ബാങ്കിലെത്തിച്ച പലസ്തീൻ തടവുകാരെ ബന്ധുക്കൾ വികാരവായ്പോടെ സ്വീകരിച്ചു.
15 മാസത്തിനുശേഷം ഗാസയിൽ വെടിയൊച്ച നിലച്ചു. സ്ഫോടനങ്ങളും തുടർന്നുള്ള പുകപടലവും ഇന്നലെ ഗാസയുടെ ആകാശത്തുണ്ടായില്ല. പലസ്തീൻകാർ അവരുടെ സ്വപ്രദേശങ്ങളിലേക്കു മടങ്ങിയെത്താൻ തുടങ്ങി.
തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിലൂടെ ഒറ്റയ്ക്കും കൂട്ടമായും ഭാണ്ഡക്കെട്ടുകളുമായി നടന്നുനീങ്ങുന്നവരുടെയും വാഹനങ്ങളിൽ പോകുന്നവരുടെയും ചിത്രങ്ങൾ പുറത്തു വന്നു.
ഇസ്രേലി ആക്രമണത്തിൽ തരിപ്പണമായ ഗാസയിൽ പലസ്തീൻകാർക്കു കയറിക്കിടക്കാൻ വീടുകളില്ല. മരിച്ചവരുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കുകയെന്ന ആദ്യ ഉത്തരവാദിത്വമാണു പലർക്കും നിർവഹിക്കാനുള്ളത്.
വെടിനിർത്തലോടെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയാണ് ഇസ്രയേലിലും ഗാസയിലുമുള്ളത്.