ജീവിതം തിരിച്ചുകിട്ടി: എമിലി
Monday, January 20, 2025 10:57 PM IST
ടെൽ അവീവ്: ജീവിതത്തിലേക്കു തിരിച്ചുവന്നിരിക്കുന്നു, ലോകത്തിലെ ഏറ്റവും സന്തോഷമുള്ള പെൺകുട്ടി ഞാനാണ്- ഹമാസ് ഭീകരർ ഞായറാഴ്ച മോചിപ്പിച്ച എമിലി ദമാരി സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകളാണിത്.
എല്ലാവർക്കും സ്നേഹം. ദൈവത്തിനും കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി- എമിലി കൂട്ടിച്ചേർത്തു.
എമിലിയുടെ അവസ്ഥ വിചാരിച്ചതിലും മെച്ചമാണെന്ന് അമ്മ അമാൻഡ ദമാരി അറിയിച്ചു. “കാത്തുകാത്തിരുന്ന് ഒടുവിൽ മകളെ കാണാൻ കഴിഞ്ഞു. ദീർഘനാളായി കൊതിച്ച ആലിംഗനം നല്കി. എമിലിയുടെ മോചനത്തിൽ പങ്കുവഹിച്ച എല്ലാവരോടും നന്ദി പറയുന്നു.
ഗാസയിലുള്ള മറ്റു ബന്ദികളുടെ കാര്യം മറക്കരുത്. വെടിനിർത്തൽ തുടരണം. ബന്ദികളെല്ലാം വീടണയണം. എമിലിയുടെ ഇടതു കൈയിലെ രണ്ടു വിരലുകൾ നഷ്ടമായി”- അമ്മ കൂട്ടിച്ചേർത്തു.
വിശ്വസിക്കാൻ കഴിയുന്നില്ല: റോമിയുടെ അമ്മ
മകൾ മോചിതയായി എന്ന യാഥാർഥ്യം വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് റോമി ഗോനന്റെ അമ്മ മെരാവ് ലാഷം പറഞ്ഞു.
15 മാസം മുന്പ് നൊവാ സംഗീതോത്സവത്തിൽ പങ്കെടുക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയ മകളെ തിരിച്ചുകിട്ടി. ഈ യാഥാർഥ്യം അംഗീകരിക്കാൻ കുറച്ചുസമയം വേണ്ടിവന്നു.
ഗാസയിലെ മറ്റു ബന്ദികളെയും അവരുടെ കുടുംബാംഗങ്ങളെയും മറക്കരുതെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ഇവർ കൂട്ടിച്ചേർത്തു.