പിന്തുണയുമായി സ്റ്റാർമർ യുക്രെയ്നിൽ
Friday, January 17, 2025 1:05 AM IST
കീവ്: യുക്രെയ്നു പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ കീവിലെത്തി. റഷ്യയോടു പോരാടാൻ വേണ്ട പിന്തുണ യുക്രെയ്ന് ബ്രിട്ടൻ നല്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി സ്റ്റാർമർ കൂടിക്കാഴ്ച നടത്തി.
യുക്രെയ്നും ബ്രിട്ടനും തമ്മിൽ സുരക്ഷയും വാണിജ്യവും വർധിപ്പിക്കുന്ന കരാർ ഒപ്പുവച്ചു. ബാൾട്ടിക് കടൽ, അസോവ് കടൽ, കരിങ്കടൽ മേഖലകളിൽ സൈനിക സഹകരണം വർധിപ്പിക്കുന്നതാണു കരാർ. ഊർജവിഭവങ്ങൾ, ധാതുക്കൾ തുടങ്ങിയവയുടെ ഉത്പാദനം വർധിപ്പിക്കാനുള്ള വ്യവസ്ഥകളും കരാറിലുണ്ട്.
കഴിഞ്ഞ വർഷം ജൂലൈയിൽ അധികാരത്തിലേറിയ സ്റ്റാർമർ ആദ്യമായിട്ടാണ് യുക്രെയ്നിലെത്തുന്നത്. അമേരിക്കയിൽ അധികാരത്തിലേറാൻ പോകുന്ന ഡോണൾഡ് ട്രംപ് യുക്രെയ്നു പിന്തുണ തുടരുമോ എന്നതിൽ ആശങ്കയുള്ള പശ്ചാത്തലത്തിൽക്കൂടിയാണ് അദ്ദേഹത്തിന്റെ സന്ദർശനം.