ചൈനയ്ക്കു പ്രായമേറുന്നു ; നമ്മളൊന്ന് നമ്മൾക്കൊന്ന് ലൈനിൽ ചീനക്കാർ
Saturday, January 18, 2025 1:02 AM IST
ബെയ്ജിംഗ്: തുടർച്ചയായ മൂന്നാം വർഷവും ജനസംഖ്യയിൽ കുറവുണ്ടായതായി ചൈന.
2024ലെ ജനസംഖ്യയിൽ 14 ലക്ഷത്തിന്റെ കുറവാണുണ്ടായത്. പോയവർഷം അവസാനം 1.408 ബില്യൺ (140.88 കോടി) ആണ് ചൈനയിലെ ജനസംഖ്യ. യുവാക്കളുടെ എണ്ണം കുറയുന്നത് ചൈനയുടെ സാമ്പത്തികരംഗത്തേയും ബാധിക്കുന്നതായാണ് റിപ്പോർട്ട്.
ജോലിക്ക് ആളെ കിട്ടാതാകുകയും വൃദ്ധജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ സർക്കാരിനു വെല്ലുവിളിയാകുമെന്നുമാണ് കരുതുന്നത്. ജനസംഖ്യ കുറഞ്ഞതോടെ ചൈന അതിന്റെ ഒറ്റക്കുട്ടിനയം മാറ്റി മൂന്ന് കുട്ടികൾവരെ ആകാമെന്ന് അനുമതി നൽകിയിട്ടും ആളുകൾ ഇതിനോടു മുഖംതിരിക്കുകയാണ്. നമ്മളൊന്ന് നമ്മൾക്കൊന്ന് ലൈനാണ് ചൈനക്കാർ ഇപ്പോഴും.
ചൈന ജനസംഖ്യാനിയന്ത്രണം പ്രാവർത്തികമാക്കിയതിനു ശേഷം 2023ൽ ഇന്ത്യ അയൽക്കാരെ ജനസംഖ്യയുടെ കാര്യത്തിൽ മറികടന്നു. ജനസംഖ്യയിലെ ഒന്നാം സ്ഥാനം ആർക്കും വിട്ടുകൊടുക്കാതെ ഇന്ത്യ കൈവശംവച്ചിരിക്കുകയാണ്.
റിപ്പോർട്ട് പ്രകാരം ചൈനീസ് ജനസംഖ്യയുടെ അഞ്ചിലൊന്നിൽ കൂടുതൽ പേർ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. 2035-ഓടെ, ഈ സംഖ്യ 30 ശതമാനം കവിയുമെന്നു പ്രവചിക്കപ്പെടുന്നു.