പസെഷ്കിയാൻ റഷ്യയിൽ
Saturday, January 18, 2025 1:02 AM IST
മോസ്കോ: റഷ്യയുമായി സുപ്രധാന പ്രതിരോധ സഹകരണ കരാർ ഒപ്പുവയ്ക്കുന്നതിനായി ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ മോസ്കോയിലെത്തി.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തന്ത്രപ്രധാന പങ്കാളിയായ ഇറാനുമായി റഷ്യ സഹകരണം ശക്തിപ്പെടുത്തുമെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
ഉപരോധങ്ങളിൽ ഒറ്റപ്പെട്ട റഷ്യ ഇറാനുമായും ഉത്തരകൊറിയയുമായും ബന്ധം വളർത്തുന്നതിൽ പാശ്ചാത്യശക്തികൾക്ക് ആശങ്കയുണ്ട്. പരസ്പര സൈനികസഹായത്തിനുള്ള കരാർ ഉത്തകൊറിയയുമായി റഷ്യ ഉണ്ടാക്കിയിട്ടുണ്ട്.
ഇറാനുമായി ഒപ്പിടാൻ പോകുന്ന കരാർ ഇത്തരത്തിലുള്ളതല്ലെങ്കിലും പാശ്ചാത്യരുടെ ആശങ്കയ്ക്കു കുറവില്ല. ഇറാൻ നല്കുന്ന ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും റഷ്യ യുക്രെയ്നിൽ പ്രയോഗിക്കുന്നതായി ആരോപണമുണ്ട്.
ഇറാന്റെ പശ്ചിമേഷ്യാ സ്വാധീനം ഇസ്രേലി ഇടപെടലുകളിൽ ദുർബലമായ പശ്ചാത്തലത്തിൽക്കൂടിയാണു പസെഷ്കിയാന്റെ റഷ്യാ സന്ദർശനം.