മോചിതരായവർ ഷേബാ ആശുപത്രിയിൽ; ഇനി പരിശോധനകളും കൗൺസലിംഗും
Monday, January 20, 2025 10:57 PM IST
ടെൽ അവീവ്: ഹമാസ് മോചിപ്പിച്ച എമിലി ദമാരി, റോമി ഗോനൻ, ദൊറോൺ സ്റ്റെയിൻബ്രീച്ചർ എന്നീ വനിതകളെ ടെൽ അവീവ് നഗരത്തിലെ ഷേബാ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്.
ഞായറാഴ്ച രാത്രി ബന്ധുക്കൾ ഇവർക്കൊപ്പം കഴിഞ്ഞു. മൂന്നു പേർക്കും വെവ്വേറെ മുറികളും ഇഷ്ടമുള്ള ഭക്ഷണം തയാറാക്കാനായി പാചകക്കാരെയും നിയോഗിച്ചിരുന്നു.
ഇനിയുള്ള ദിവസങ്ങളിൽ ഇവരെ സമഗ്ര പരിശോധനകൾക്കു വിധേയമാക്കും. മാനസികാരോഗ്യ പരിശോധന ഇതിൽ പ്രധാനമാണ്.
മൂവർക്കും പ്രശ്നങ്ങളില്ലെന്നു പുറമേക്കു തോന്നാമെങ്കിലും 15 മാസത്തെ ബന്ദിവാസം മാനസികാരോഗ്യത്തെ ബാധിച്ചിരിക്കാം. കൗൺസലിംഗ് അടക്കം നല്കേണ്ടതുണ്ട്. മൂവരും കുറച്ചു ദിവസങ്ങൾ ആശുപത്രിയിൽ ചെലവഴിക്കേണ്ടിവരുമെന്നാണു റിപ്പോർട്ട്. ഇനി ബന്ധുക്കളെ അനുവദിച്ചേക്കില്ല.
എമിലി ദമാരിയുടെ ഇടത്തേ കൈയിലെ രണ്ടു വിരലുകൾ നഷ്ടമായിട്ടുണ്ട്. തട്ടിക്കൊണ്ടുപോകപ്പെടുന്നതിനു മുന്പായി ഹമാസ് ഭീകരരുടെ വെടിയേറ്റതു മൂലമാണിത്.