2500 തടവുകാരുടെ ശിക്ഷ റദ്ദാക്കി ബൈഡൻ
Saturday, January 18, 2025 1:02 AM IST
വാഷിംഗ്ടൺ ഡിസി: സ്ഥാനമൊഴിയാൻ പോകുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ 2500 തടവുകാരുടെ ശിക്ഷകൂടി ഇളവ് ചെയ്തു.
അക്രമരഹിത മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കു ശിക്ഷിക്കപ്പെട്ടവരാണു മോചിതരാകുക. ഏറ്റവും കൂടുതൽ പേർക്കു ശിക്ഷായിളവു നല്കുന്ന പ്രസിഡന്റ് താനാണെന്നും ബൈഡൻ അവകാശപ്പെട്ടു.
അമേരിക്കയിൽ വധശിക്ഷ കാത്തുകഴിയുന്ന 40 ൽ 37 പേർക്കും ബൈഡൻ ഡിസംബറിൽ മാപ്പു നല്കിയിരുന്നു. വധശിക്ഷ റദ്ദാക്കപ്പെട്ടെങ്കിലും ഇവർ മരണംവരെ ജയിലിൽ കഴിയണം.
ദീർഘകാലമായി തടവ് അനുഭവിക്കുന്ന മറ്റ് 1500 പേരുടെ ശിക്ഷയും ബൈഡൻ ഡിസംബറിൽ റദ്ദാക്കിയിരുന്നു.
ഇതിനിടെ, ക്രിമിനൽ കേസുകൾ നേരിടുന്ന സ്വന്തം മകൻ ഹണ്ടറിനു മാപ്പ് നല്കിയതിന്റെ പേരിൽ അദ്ദേഹം കടുത്ത വിമർശനം നേരിടുകയുമുണ്ടായി.