2014ൽ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം വീണ്ടെടുത്തു
Monday, January 20, 2025 1:27 AM IST
ടെൽ അവീവ്: 2014ലെ ഗാസ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രേലി സൈനികൻ ഓറോൺ ഷൗളിന്റെ മൃതദേഹം വീണ്ടെടുത്തു. ഇസ്രേലി സുരക്ഷാവിഭാഗം ഗാസയിൽ നടത്തിയ രഹസ്യ ഓപ്പറേഷനിലാണു മൃതദേഹാവശിഷ്ടം കണ്ടെത്തിയതെന്ന് അറിയിപ്പിൽ പറയുന്നു. ഇസ്രയേലിലെത്തിച്ചു നടത്തിയ ഫോറൻസിക് പരിശോധനയിൽ മൃതദേഹം സൈനികന്റേതുതന്നെയെന്നു സ്ഥിരീകരിച്ചു.
2014 ജൂലൈ 20നു ഗാസ സിറ്റിയിൽ കൊല്ലപ്പെട്ട ഓറോൺ ഷൗളിന്റെ മൃതദേഹം ഹമാസ് ഭീകരർ തട്ടിയെടുക്കുകയായിരുന്നു.
2023 ഒക്ടോബർ ഏഴിലെ ഭീകരാക്രണത്തിനു മുന്പ് പിടികൂടിയ രണ്ട് ഇസ്രേലികളും ഒരു ഇസ്രേലി സൈനികന്റെ മൃതദേഹവും ഹമാസിന്റെ കസ്റ്റഡിയിലുണ്ട്. 2014ലെ യുദ്ധത്തിൽ കൊല്ലപ്പെട്ട ഹദാർ ഗോൾഡിൻ എന്ന സൈനികന്റെ മൃതദേഹമാണ് ഹമാസിന്റ കസ്റ്റഡിയിലുള്ളത്. 2014, 2015 വർഷങ്ങളിൽ ഗാസയിൽനിന്ന് ഹമാസ് പിടികൂടിയ എത്യോപ്യൻ-ഇസ്രേലി പൗരനായ അവേര മെൻഗിസ്തു, ബദൂയിൻ അറബ് വംശജനായ ഇസ്രേലി പൗരൻ ഹിഷാം അൽ സയ്യദ് എന്നിവരാണ് മറ്റു രണ്ടു പേർ. ഇവർ ജീവനോടെ ഉണ്ട്.