ഇനി ട്രംപ് യുഗം; വെടിക്കെട്ടോടെ ട്രംപിന് വാഷിംഗ്ടണിൽ വരവേല്പ്
Monday, January 20, 2025 1:27 AM IST
വാഷിംഗ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി അധികാരമേൽക്കാൻ ഫ്ലോറിഡയിൽനിന്ന് തലസ്ഥാനഗരിയായ വാഷിംഗ്ടൺ ഡിസിയിലെത്തിയ ട്രംപിന് പ്രവർത്തകർ നൽകിയത് ആവേശോജ്വല വരവേല്പ്.
പ്രാദേശിക സമയം ശനിയാഴ്ച രാത്രി എട്ടിന് യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിലാണ് ഫ്ലോറിഡയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ട്രംപ് വാഷിംഗ്ടണിലെത്തിയത്. ഭാര്യ മെലനിയ, മകൾ ഇവാൻക, ഭർത്താവ് ജറാദ് കുഷ്നർ തുടങ്ങിയവരും ട്രംപിനൊപ്പമുണ്ടായിരുന്നു. വൻ കരിമരുന്ന് പ്രയോഗത്തോടെയായിരുന്നു ട്രംപിനെ വരവേറ്റത്.
ഇന്നലെ രാവിലെ ആർലിംഗ്ടൺ നാഷണൽ സെമിത്തേരിയിലെ അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ച ട്രംപ് ഉച്ചകഴിഞ്ഞ് മൂന്നിന് വാഷിംഗ്ടണിലെ കാപിറ്റോൾ വൺ അരീനയിൽ "മേക്ക് അമേരിക്ക ഗ്രേറ്റ് എഗെൻ വിക്ടറി റാലി’എന്നപേരിൽ വിജയ റാലി നടത്തി. ലോകത്തിലെ ഏറ്റവും വലിയ സന്പന്നനും ട്രംപിന്റെ പ്രചാരണഫണ്ടിലേക്ക് 250 ദശലക്ഷം ഡോളറിലേറെ സംഭാവന ചെയ്ത് ട്രംപിന്റെ വിശ്വസ്തനായി മാറുകയും ചെയ്ത ഇലോൺ മസ്ക്, നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാന്പ്യൻഷിപ്പ് സിഇഒ ഡാനാ വൈറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.
ഗായകനും റാപ്പറുമായ കിഡ് റോക്ക്, ഡിസ്കോ ഗ്രൂപ്പായ ദ വില്ലേജ് പീപ്പിൾ, ഗായിക ബില്ലി റെ സൈപ്രസ്, ഗായകൻ ലീ ഗ്രീൻവുഡ് എന്നിവരുടെ കലാപരിപാടികൾ റാലിക്ക് കൊഴുപ്പേകി. നാലു വർഷം മുന്‍പ് യുഎസ് കാപിറ്റോളിൽ ട്രംപ് അനുകൂലികൾ ഇരച്ചുകയറിയ സംഭവത്തിനുശേഷം ആദ്യമായാണ് ട്രംപ് യുഎസ് തലസ്ഥാനത്ത് തിരികെയെത്തുന്നത്.
മാർട്ടിൻ ലൂഥർ കിംഗ് ജൂണിയർ ദിനത്തോടനുബന്ധിച്ച് ഇന്നലെ സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലേക്ക് പ്രസിഡന്റ് ജോ ബൈഡൻ തന്റെ അവസാന ഔദ്യോഗിക യാത്ര നടത്തി. അദ്ദേഹം റോയൽ മിഷനറി ബാപ്റ്റിസ്റ്റ് പള്ളിയിൽ നടന്ന ശുശ്രൂഷകളിൽ പങ്കെടുത്തു.
നിരാശരായി ട്രംപ് അനുകൂലികൾ
കാപിറ്റോൾ മന്ദിരത്തിനുമുന്നിലെ തുറന്ന വേദിയിൽ നടത്താനിരുന്ന ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ വീക്ഷിക്കാൻ 2.20 ലക്ഷം പേർക്ക് പാസ് ലഭിച്ചിരുന്നു. എന്നാൽ അതിശൈത്യത്തെത്തുടർന്ന് ചടങ്ങുകൾ ഉള്ളിലേക്കു മാറ്റിയതിനാൽ വിശിഷ്ടാതിഥികളുൾപ്പെടെ 20,000ത്തോളം പേരെ മാത്രമേ കാപിറ്റോൾ മന്ദിരത്തിന് ഉൾക്കൊള്ളാനാകൂ.
സത്യപ്രതിജ്ഞാചടങ്ങുകൾക്ക് ദൃക്സാക്ഷിയാകാനെത്തിയ പലർക്കും ഇതു നിരാശയുണ്ടാക്കി. ദൂരെയുള്ള സംസ്ഥാനങ്ങളിൽനിന്നുപോലും ചടങ്ങ് കാണാൻ ദിവസങ്ങൾക്കുമുന്പേ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകരും നേതാക്കളും എത്തിയിരുന്നു. ഇവർക്കായി കാപിറ്റോളിനു പുറത്ത് പ്രത്യേക സ്ക്രീനുകളില്‍ ചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കും. 40 വര്‍ഷത്തിനുശേഷമാണ് യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ തുറന്നവേദിയില്നിന്നു മാറ്റുന്നത്. 1985 ജനുവരി 20ന് റൊണാൾഡ് റൊണാൾഡ് റീഗന്റെ സത്യപ്രതിജ്ഞാച്ചടങ്ങാണ് ഏറ്റവുമൊടുവിൽ അതിശൈത്യം മൂലം തുറന്ന വേദിയിൽനിന്നു മാറ്റിയത്.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി ട്രംപിനെതിരേ ആയിരത്തോളം വനിതകൾ ഇന്നലെ വാഷിംഗ്ടൺ ഡിസിയിൽ പ്രതിഷേധ മാർച്ച് നടത്തി. ഇന്നും നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ ട്രംപ് വിരുദ്ധ പ്രകടനങ്ങൾ നടക്കും. ഇതിന് പോലീസ് മുൻകൂർ അനുമതി നൽകിയിട്ടുണ്ട്. ചടങ്ങിനോടനുബന്ധിച്ച് വെള്ളിയാഴ്ച ആരംഭിച്ച വിവിധ ആഘോഷപരിപാടികൾ ഇന്നും തുടരും.
ചടങ്ങിൽ പ്രമുഖർ
ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോണി, ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബൻ, അർജന്റൈൻ പ്രസിഡന്റ് ജാവിയർ മിലെ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് എന്നിവരെയാണ് ട്രംപ് സത്യപ്രതിജ്ഞാചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടുള്ളത്. ഇതിൽ ഷി ചിൻപിംഗ് ഒഴികെയുള്ള നേതാക്കളെല്ലാം എത്തുന്നുണ്ട്.
ചൈനയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ഹാൻ ഷെംഗ് ആയിരിക്കും പങ്കെടുക്കുക. മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ബുഷ്, ബറാക് ഒബാമ എന്നിവരും ഹിലരി ക്ലിന്റൺ, മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, വ്യവസായ ഭീമന്മാരായ ടെസ്ല സിഇഒ ഇലോൺ മസ്ക്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മെറ്റ സിഇഒ മാർക് സക്കർബർഗ്, ആപ്പിൾ സിഇഒ ടിം കുക്ക്, ഓപ്പൺ എഐ സിഇഒ സാം ആൾട്മാൻ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എന്നിവരും സിൽവസ്റ്റർ സ്റ്റാലൻ അടക്കമുള്ള നടന്മാർ, ഗായകർ, കായികതാരങ്ങൾ തുടങ്ങി വൻ താരനിരയും പങ്കെടുക്കും. അതേസമയം, മുൻ പ്രഥമവനിതയും ബറാക് ഒബാമയുടെ ഭാര്യയുമായ മിഷേൽ ഒബാമ, മുൻ സ്പീക്കർ നാൻസി പെലോസി എന്നിവർ പങ്കെടുക്കില്ല. ചൈനീസ് സോഷ്യൽ മീഡിയ ഭീമൻ ടിക് ടോക്കിന്റെ മേധാവി ഷൊ ച്യുവിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
തീവ്ര വലതുപക്ഷവാദിയും ട്രംപിന്റെ അനുകൂലിയുമായ ബ്രസീൽ മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയ്ക്ക് സ്ഥാനാരോഹണത്തിൽ പങ്കെടുക്കാനാകില്ല. ബ്രസീലിലെ കോടതി യാത്രാനുമതി നിഷേധിച്ചതിനാലാണ് ഇത്. ബൊൽസൊനാരോയുടെ ഭാര്യ മിഷേൽ പങ്കെടുക്കും.
ചടങ്ങുകൾ പ്രാദേശികസമയം രാവിലെ 11.30 മുതൽ
പ്രാദേശികസമയം രാവിലെ 11.30ന് സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിക്കും. ആമുഖമായി നെബ്രാസ്ക യൂണിവേഴ്സിറ്റിയും ലിങ്കൺ കംബൈൻഡ് ക്വയേഴ്സും ദ പ്രസിഡന്റ്സ് ഓൺ യുഎസ് മറീൻ ബാൻഡും സംയുക്തമായി അവതരിപ്പിക്കുന്ന സംഗീതപരിപാടി നടക്കും. തുടർന്ന് ന്യൂയോർക്ക് ആർച്ച്ബിഷപ് കർദിനാൾ തിമോത്തി ഡോളനും റവ. ഫ്രാങ്ക്ളിൻ ഗ്രഹാമും പ്രാരംഭ പ്രാർഥന നടത്തും.
പിന്നീട് വിശ്രുത ഓപ്പറ ഗായകൻ ക്രിസ്റ്റഫർ മച്ചിയോ ദേശീയഗാനം ആലപിക്കും. തുടർന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെയും പ്രസിഡന്റ് ട്രംപിന്റെയും സത്യപ്രതിജ്ഞ. ഇതിനുശേഷം ഗായിക കാരീ അണ്ടർവുഡും ആംഡ് ഫോഴ്സ് കോറസും യുഎസ് നേവൽ അക്കാദമി ഗ്ലീ ക്ലബ്ബും ചേർന്ന് "അമേരിക്ക ദ ബ്യൂട്ടിഫുൾ' എന്ന ദേശഭക്തിഗാനം ആലപിക്കും. തുടർന്ന് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും. അടുത്ത നാലുവർഷം താൻ നടപ്പാക്കാനുദ്ദേശിക്കുന്ന കർമപദ്ധതികൾ പ്രഖ്യാപിക്കും. തുടർന്ന് സർവമത പ്രാർഥനയും സദസിനുള്ള ആശീർവാദവും നടക്കും.
ബ്രൂക്ലിൻ രൂപതയിലെ ഫാ. ഫ്രാങ്ക് മാൻ, യഹൂദറാബിയും യെഷിവ യൂണിവേഴ്സിറ്റി പ്രസിഡന്റുമായ ഡോ. ആരി ബെർമൻ, കാർബാല ഇസ്ലാമിക് എഡ്യുക്കേഷൻ സെന്ററിലെ ഇമാം ഹുഷാം അൽ ഹുസൈനി, പാസ്റ്റർ ലൊറേൻസോ സെവെൽ, എന്നിവർ പ്രാർഥനയ്ക്ക് നേതൃത്വം നൽകും.