വെടിനിർത്തൽ മൂന്നു ഘട്ടങ്ങളായി
Friday, January 17, 2025 1:05 AM IST
ദോഹ: ഖത്തർ, ഈജിപ്ത്, അമേരിക്ക രാജ്യങ്ങളുടെ മധ്യസ്ഥതയിൽ മാസങ്ങളായി നടക്കുന്ന ശ്രമങ്ങൾക്കൊടുവിലാണ് ഗാസയിൽ സമാധാനം പുലരാനുള്ള സാധ്യത തെളിയുന്നത്. 15 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള വെടിനിർത്തൽ ഞായറാഴ്ച യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്നു ഘട്ടങ്ങളായി വ്യവസ്ഥ ചെയ്യുന്ന വെടിനിർത്തൽ നിർദേശങ്ങൾ താഴെ:
1. തടവുകാരുടെ കൈമാറ്റം
ആറാഴ്ച നീളുന്ന താത്കാലിക വെടിനിർത്തലാണ് ഒന്നാം ഘട്ടം. ഹമാസിന്റെ കസ്റ്റഡിയിലുള്ള വനിതകൾ, കുട്ടികൾ, അന്പതിനു മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ 33 പേരെ വിട്ടയയ്ക്കും. ഇതിനു പകരമായി ഇസ്രേലി ജയിലുകളിലുള്ള തടവുകാരെ വൻതോതിൽ മോചിപ്പിക്കും. ഇതിൽ ആയിരം പേർ 2023 ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിനു ശേഷം പിടിയിലായവരായിരിക്കും.
ഇതോടൊപ്പം ഇസ്രേലി സേന ഗാസയിൽനിന്നു പിന്മാറാൻ തുടങ്ങും. തുടക്കത്തിൽ അതിർത്തിയോട് 700 മീറ്റർ അടുത്തെങ്കിലും പിന്മാറണമെന്നാണു ഹമാസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ദിവസം 600 ലോറി സഹായവസ്തുക്കൾ ഗാസയിലേക്കു കടത്തിവിടും. ഗാസ നിവാസികൾക്കു സ്വന്തം പ്രദേശങ്ങളിലേക്കു മടങ്ങാം. പരിക്കേറ്റവരെ മറ്റു രാജ്യങ്ങളിൽ ചികിത്സയ്ക്കു കൊണ്ടുപോകാൻ അനുവദിക്കും.
2. യുദ്ധം അവസാനിപ്പിക്കൽ
താത്കാലിക വെടിനിർത്തൽ സ്ഥിരം വെടിനിർത്തലാകുന്നു. ഹമാസിന്റെ കസ്റ്റഡിയിലുള്ള മുഴുവൻ ബന്ദികളും മോചിതരാകും. ഇസ്രേലി സേന ഗാസയിൽനിന്നു പൂർണമായി പിന്മാറും.
3. ഗാസയുടെ പുനരുദ്ധാരണം
ഗാസയുടെ ഭരണത്തിനായി പലസ്തീൻ അഥോറിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സഹകരണത്തോടെ പ്രത്യേക സമിതി നിലവിൽ വരും. അന്താരാഷ്ട്ര സഹായത്തോടെ ഗാസയുടെ പുനരുദ്ധാരണം വ്യവസ്ഥ ചെയ്യുന്ന മൂന്നാംഘട്ടം വർഷങ്ങൾ നീണ്ടേക്കും. ഗാസയിൽവച്ചു കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്ത ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രയേലിനു കൈമാറും.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേലിൽ ഭീകരാക്രമണം നടത്തി 1200 പേരെ വധിക്കുകയും 251 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതോടെയാണ് യുദ്ധം തുടങ്ങിയത്. 2023 നവംബറിലെ ഒരാഴ്ച നീണ്ട വെടിനിർത്തലിൽ നൂറിലധികം ബന്ദികൾ മോചിതരായിരുന്നു.
ഗാസയിൽ 94 ബന്ദികൾകൂടി അവശേഷിക്കുന്നുണ്ടെന്നാണ് അനുമാനം. ഇതിൽ 34 പേർ മരിച്ചിരിക്കാമെന്നും കരുതുന്നു.
ഇസ്രേലി ആക്രമണങ്ങളിൽ ഗാസയിൽ 46,700 പേരാണു കൊല്ലപ്പെട്ടത്. ഗാസയിലെ 23 ലക്ഷം ജനങ്ങളിൽ ഭൂരിഭാഗവും അഭയാർഥികളായി.
ഇസ്രയേലിനെ തുരത്തിയെന്ന് ഖമനെയ്
ടെഹ്റാൻ: ഗാസ വെടിനിർത്തലിനെ ഇസ്രേലി സേനയുടെ പരാജയമെന്നു വിശേഷിപ്പിച്ച് ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയ്.
പലസ്തീന്റെ ചെറുത്തുനിൽപ്പും ഇറാന്റെ പിന്തുണയുള്ള ‘ചെറുത്തുനില്പിന്റെ അച്ചുതണ്ടും’ ഇസ്രയേലിനെ തുരത്തുന്നതിൽ വിജയിച്ചതായി ഖമനെയ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
പലസ്തീൻ പ്രതിരോധത്തിന്റെ വിജയമാണ് വെടിനിർത്തലെന്ന് ഇറാനിലെ വിപ്ലവഗാർഡ് പ്രതികരിച്ചു. പലസ്തീന്റെ വിജയവും ഇസ്രയേലിന്റെ പരാജയവുമാണിതെന്നും കൂട്ടിച്ചേർത്തു.