പെൺകുട്ടികൾക്കെതിരായ പീഡനസംഭവങ്ങൾ അന്വേഷിക്കുമെന്ന് യുകെ
Sunday, January 19, 2025 1:59 AM IST
ലണ്ടൻ: പെൺകുട്ടികൾക്കെതിരേ രാജ്യത്തു നടന്ന സംഘടിതമായ പീഡനങ്ങൾ അന്വേഷിക്കാൻ തയാറാണെന്ന് യുകെ സർക്കാർ. അന്വേഷണത്തിനായി പത്തു ദശലക്ഷം പൗണ്ട് നീക്കിവച്ചതായും ആഭ്യന്തര സെക്രട്ടറി ഇവേറ്റ് കൂപ്പർ അറിയിച്ചു.
ശതകോടീശ്വരനായ എലോണ്‍ മസ്ക് വിഷയം സമൂഹമാധ്യമമായ എക്സിൽ ഉന്നയിക്കുകയും ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമറെ വിമർശിക്കുകയും ചെയ്തതോടെയാണു വിഷയം ചൂടുപിടിച്ചത്.
വടക്കൻ ഇംഗ്ലണ്ടിലെ ഓൾഡ്ഹം പട്ടണത്തിലെ പ്രാദേശിക ഭരണകൂടം അഭ്യർഥിച്ചിട്ടും പ്രധാനമന്ത്രി ദേശീയ അന്വേഷണത്തെ പിന്തുണയ്ക്കുന്നില്ലെന്ന് മസ്ക് വിമർശിച്ചിരുന്നു.
2000നും 2010നും ഇടയിൽ 18 വയസിനു താഴെയുള്ള പെണ്‍കുട്ടികളെ പാക്കിസ്ഥാനിൽനിന്നുള്ള കുടിയേറ്റക്കാരുടെ സംഘങ്ങൾ ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.
സ്റ്റാർമർ ഇംഗ്ലണ്ടിലെ ചീഫ് പ്രോസിക്യൂട്ടറായിരുന്ന വേളയിൽ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തയാറായില്ലെന്നും മസ്ക് ആരോപിച്ചിരുന്നു. പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന മുൻനിലപാടിൽനിന്ന് സർക്കാർ പിൻമാറിയത് വലിയ പുരോഗതിയാണെന്ന് വിലയിരുത്തപ്പെടുന്നു.