ന്യൂ ഗ്ലെൻ റോക്കറ്റ് വിക്ഷേപണം വിജയകരം
Friday, January 17, 2025 1:05 AM IST
മയാമി: അമേരിക്കൻ ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ കന്പനി നിർമിച്ച പടുകൂറ്റൻ ന്യൂ ഗ്ലെൻ റോക്കറ്റിന്റെ പ്രഥമ വിക്ഷേപണം വിജയകരം. ഫ്ലോറിഡയിലെ കേപ് കാനവറാൾ വിക്ഷേപണത്തറയിൽനിന്ന് ഉയർന്ന റോക്കറ്റ് നിശ്ചിത ഭ്രമണപഥത്തിലെത്തി.
98 മീറ്ററാണു റോക്കറ്റിന്റെ ഉയരം. ഭാവിയിൽ ബഹിരാകാശ യാത്രകൾക്കും ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണിക്കും ഉപയോഗിക്കാവുന്ന ബ്ലൂ റിംഗ് എന്ന പേടകത്തിന്റെ മാതൃകയും റോക്കറ്റിലുണ്ടായിരുന്നു.
ബഹിരാകാശ മാർക്കറ്റിൽ ആധിപത്യം പുലർത്തുന്ന ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കന്പനിയുമായി മത്സരിക്കാനാണു ജെഫ് ബെസോസിന്റെ നീക്കം. ആദ്യ വിക്ഷേപണത്തിൽത്തന്നെ റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞതിൽ ബെസോസിനെ ഇലോൺ മസ്ക് അഭിനന്ദിച്ചു.