ഒബാമയും മിഷേലും വേർപിരിയുന്നുവെന്ന് പ്രചാരണം
Saturday, January 18, 2025 1:02 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലും വിവാഹബന്ധം വേര്‍പിരിയുന്നുവെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നു.
നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് മിഷേല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഒബാമ ദമ്പതികളുടെ വിവാഹമോചന വാര്‍ത്തകള്‍ വീണ്ടും ചര്‍ച്ചയായത്.
ഈ മാസം ഇതു രണ്ടാം തവണയാണ് ഒബാമയുമൊത്തുള്ള ഔദ്യോഗിക പരിപാടികളില്‍നിന്ന് മിഷേല്‍ വിട്ടുനില്‍ക്കുന്നത്. കഴിഞ്ഞ ഒന്‍പതിന് നടന്ന മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ മൃതസംസ്കാര ചടങ്ങുകളിലും മിഷേല്‍ ഒബാമ പങ്കെടുത്തിരുന്നില്ല. ഇപ്പാള്‍ സ്ഥാനാരോഹണത്തിനും വരുന്നില്ലെന്നു പറഞ്ഞതോടെയാണ് വിവാഹമോചനവാര്‍ത്തകള്‍ വീണ്ടും സജീവമായത്.
അതേസമയം, മിഷേല്‍ കൃത്യമായ നിലപാടുകളും വ്യക്തിത്വവുമുള്ള സ്ത്രീയാണെന്നും അതുകൊണ്ടാണ് ചില പരിപാടികളില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കുന്നതെന്നുമാണ് ചിലരുടെ അഭിപ്രായം. മിഷേലിന്റെ അമ്മ അടുത്തിടെയാണു മരിച്ചതെന്നും അതിന്റെ ദുഃഖത്തിലാണ് അവരെന്നും പ്രചാരണമുണ്ട്.