ചന്ദ്രനിലേക്ക് സ്വകാര്യ പേടകങ്ങൾ
Thursday, January 16, 2025 1:07 AM IST
ഹൂസ്റ്റൺ: ജപ്പാനിലെയും അമേരിക്കയിലെയും സ്വകാര്യ കന്പനികളുടെ ചാന്ദ്രപര്യവേക്ഷണ പേടകങ്ങളുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നു യാത്രപുറപ്പെട്ടു.
ജപ്പാനിലെ ഐസ്പേസ് കന്പനിയുടെ റെസീലിയൻസ് റോവർ, അമേരിക്കയിലെ ഫയർഫ്ലൈ കന്പനിയുടെ ബ്ലൂ ഗോസ്റ്റ് റോവർ എന്നിവയാണ് റോക്കറ്റിലുള്ളത്. റോക്കറ്റ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയാൽ രണ്ടു പേടകങ്ങളും വേർപെടും.
റോക്കറ്റിൽനിന്നു വേർപ്പെട്ട് 45 ദിവസത്തിനകം ബ്ലൂ ഗോസ്റ്റ് റോവർ ചന്ദ്രനിലിറങ്ങും. ചന്ദ്രന്റെ ഉപരിതലം തുരന്ന് സാന്പിളുകൾ ശേഖരിച്ചു പരിശോധിക്കുന്നതിനൊപ്പം ഭൂമിയുടെ കാന്തികമേഖലയുടെ ചിത്രങ്ങളും ഈ റോവർ പകർത്തും.
ഐസ്പേസിന്റെ റോവർ അഞ്ചു മാസത്തിനുശേഷമായിരിക്കും ചന്ദ്രനിലിറങ്ങുക. രണ്ടു ദൗത്യങ്ങൾക്കും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പിന്തുണയുണ്ട്.