യുകെയിൽ ഡ്യൂട്ടിക്കിടെ മലയാളിനഴ്സിന് കുത്തേറ്റു
Thursday, January 16, 2025 1:07 AM IST
ലണ്ടന്‍: യുകെയിലെ മാഞ്ചസ്റ്ററില്‍ ഡ്യൂട്ടിക്കിടെ മലയാളി നഴ്സിന് രോഗിയുടെ കുത്തേറ്റു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്ഹാം ആശുപത്രിയിൽ ജോലി ചെയ്യുന്ന അച്ചാമ്മ ചെറിയാനാണ് (57) കത്രിക കൊണ്ട് കുത്തേറ്റത്. ശനിയാഴ്ച പ്രാദേശികസമയം രാത്രി 11.30നായിരുന്നു സംഭവം.
ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ മുഹമ്മദ് റുമോൺ ഹഖ് (37) എന്നയാളാണു യാതൊരു പ്രകോപനവുമില്ലാതെ നഴ്സിനെ ആക്രമിച്ചത്. പോലീസെത്തി അറസ്റ്റ് ചെയ്ത പ്രതിയെ മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 18ന് ഇയാളെ മിന്‍ഷൂള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കും.
ആശുപത്രിയിലെത്തിയപ്പോള്‍ പരിശോധനയ്ക്ക് ഏറെനേരം കാത്തിരിക്കേണ്ടിവന്നെന്നും തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് നഴ്സിനെ ആക്രമിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
കഴുത്തിനു പിന്നിലാണ് കുത്തേറ്റത്. രണ്ട് കുട്ടികളുടെ അമ്മയായ അച്ചാമ്മ ചെറിയാന്റെ പരിക്കുകൾ ഗുരുതരമാണെന്നും ചികിത്സ നൽകി വരികയാണെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
നഴ്സിനുനേരേയുണ്ടായ ആക്രമണത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ അപലപിച്ചു. നഴ്സുമാര്‍ ആരോഗ്യമേഖലയുടെ നട്ടെല്ലാണെന്നും ആക്രമണത്തെ ഗൗരവമായി കാണുന്നുവെന്നും യുകെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് എക്സില്‍ കുറിച്ചു.
അച്ചാമ്മ പത്തുവര്‍ഷമായി ഓള്‍ഡ്ഹാം റോയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാണ്. ഇന്ത്യന്‍ അസോസിയേഷന് ഓള്‍ഡ്ഹാം (ഐഎഒ), കമ്യൂണിറ്റി സെന്റര്‍ എന്നിവയുടെ സജീവ പ്രവര്‍ത്തകയാണ്.