ഹൃദയഭൂമിയിലേക്ക് ആശ്വാസ മടക്കം
Monday, January 20, 2025 1:27 AM IST
ഹമാസിന് മുദ്രാവാക്യം മുഴക്കി ജനം
ഗാസ സിറ്റിയുടെ പടിഞ്ഞാറുഭാഗത്ത് അൽറിമാർ പ്രദേശത്തുള്ള അൽ സരായ ചത്വരത്തിൽവച്ചാണ് മൂന്ന് ഇസ്രേലി വനിതാ ബന്ദികളെ ഹമാസ് റെഡ്ക്രോസിനു കൈമാറിയത്. ആയുധമേന്തിയ ഹമാസ് ഭീകരർ ചുറ്റുംനിൽക്കുന്ന വാഹനത്തിൽനിന്ന് ബന്ദികൾ പുറത്തിറങ്ങുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ ചാനലുകൾ പുറത്തുവിട്ടു.
ബന്ദികൾ തുടർന്ന് റെഡക്രോസിന്റെ വാഹനത്തിൽ കയറി. പലസ്തീനികളുടെ വൻ ജനക്കൂട്ടവും സ്ഥലത്തുണ്ടായിരുന്നു. ബന്ദികൈമാറ്റം നടക്കുന്പോഴെല്ലാം ജനം ഹമാസിന് മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. ബന്ദികളെ റെഡ്ക്രോസ് ഗാസയിൽതന്നെയുള്ള ഇസ്രേലി സേനയ്ക്കു കൈമാറുകയായിരുന്നു. ഇവിടെനിന്ന് ഹെലികോപ്റ്ററിൽ കയറ്റി ഇസ്രയേലിലേക്കു കൊണ്ടുപോയി.
സഹായവസ്തുക്കൾ എത്തിത്തുടങ്ങി
സഹായവസ്തുക്കൾ നിറച്ച ലോറികൾ ഗാസയിൽ പ്രവേശിച്ചുതുടങ്ങി. വടക്കൻ ഗാസയിൽ സിക്കിം ക്രോസിംഗിലൂടെയും തെക്ക് കെറം ഷാലോമിലൂടെയുമാണു ലോറികൾ ഗാസയിലേക്കു കടന്നതെന്ന് യുഎൻ അറിയിച്ചു. ഈജിപ്ഷ്യൻ അതിർത്തിയിലെ റാഫ ക്രോസിംഗിലൂടെയും ലോറികൾ കടത്തിവിട്ടു. ഭക്ഷ്യവസ്തുക്കളാണ് ആദ്യം വിതരണം ചെയ്യുക.
ഗാസയിൽ വിതരണം ചെയ്യാനായി ഭക്ഷണവും ഇന്ധനവും നിറച്ച 4,000 ലോറികൾ വെടിനിർത്തലിനു മുന്നേ തയാറാക്കി നിർത്തിയിരുന്നു. വെടിനിർത്തൽ ധാരണ അനുസരിച്ച് ദിവസം 600 ലോറികളാണു കടത്തിവിടുക. യുദ്ധത്തിനു മുന്‍പ് ദിവസം അഞ്ഞൂറു ലോറി സഹായവസ്തുക്കളാണ് വേണ്ടിയിരുന്നത്. വെടിനിർത്തലിനു മുന്‍പത്തെ ആഴ്ചകളിൽ 40 ലോറികളാണു കടത്തിവിട്ടിരുന്നത്.