ഭൂകന്പം: ടിബറ്റിലെ അണക്കെട്ടുകൾക്ക് കേടുപാട്
Friday, January 17, 2025 1:05 AM IST
ബെയ്ജിംഗ്: ഈ മാസം ഏഴിലെ ഭൂകന്പത്തെത്തുടർന്ന് ടിബറ്റിലെ അഞ്ച് അണക്കെട്ടുകൾക്ക് കേടുപാടുണ്ടായതായി ചൈനീസ് അധികൃതർ കണ്ടെത്തി. ജലവൈദ്യുത പദ്ധതികളുടെ ഭാഗമായി 14 അണക്കെട്ടുകളാണു ടിബറ്റിലുള്ളത്. ഭൂകന്പത്തെത്തുടർന്ന് വിശദപരിശോധന നടത്തുകയായിരുന്നു.
കേടുപാട് കണ്ടെത്തിയ അഞ്ച് അണക്കെട്ടുകളിൽ മൂന്നെണ്ണത്തിലെ വെള്ളം വറ്റിച്ചുകളഞ്ഞു. ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമായി റ്റിങ്കിരിയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടിന്റെ ഭിത്തിക്കു ചരിവുണ്ടായി. ഈ അണക്കെട്ടിനു താഴെ ആറു ഗ്രാമങ്ങളിലായി പാർക്കുന്ന 1,500 പേരെ ഒഴിപ്പിച്ചുമാറ്റി.
അതിശക്തമായ ഭൂകന്പത്തിൽ 126 പേർ മരിക്കുകയും 3,600 വീടുകൾ തകരുകയും ചെയ്തിരുന്നു.