ഇമ്രാൻ ഖാന് 14 വർഷം തടവ്
Saturday, January 18, 2025 1:02 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷേര ബീബിക്കും അഴിമതിക്കേസിൽ ജയിൽശിക്ഷ. അൽ ഖ്വാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ ഇമ്രാന് 14ഉം ബുഷേരയ്ക്ക് ഏഴും വർഷത്തെ തടവാണ് ലഭിച്ചത്.
2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ തടവിൽ കഴിയുന്ന ലാഹോർ ജയിലിൽ രൂപീകരിച്ച പ്രത്യേക അഴിമതിവിരുദ്ധ കോടതിയാണ് വിധി പ്രസ്താവിച്ചത്. മറ്റു കേസുകളിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ബുഷേരയെ ഈ കേസിലെ വിധിപ്രസ്താവത്തിനു പിന്നാലെ അധികൃതർ കസ്റ്റഡിയിലെടുത്തു.
ഇമ്രാൻ പ്രധാനമന്ത്രിയായിരിക്കേ റിയൽ എസ്റ്റേറ്റ് വ്യവസായിയെ വഴിവിട്ടു സഹായിച്ചതിന് 60 ഏക്കറിലധികം ഭൂമി പാരിതോഷികമായി സ്വീകരിച്ചുവെന്നാണു കേസ്. ഇമ്രാനും ഭാര്യയും സ്ഥാപിച്ച അൽ ഖ്വാദിർ ട്രസ്റ്റിന്റെ പേരിലാണ് ഭൂമി ലഭിച്ചത്. എന്നാൽ, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇമ്രാനും അനുയായികളും ആരോപിക്കുന്നു.