മൂന്നിലധികം മക്കളുള്ള വത്തിക്കാൻ ജീവനക്കാരുടെ കുടുംബത്തിന് പ്രതിമാസം 300 യൂറോ
Friday, January 17, 2025 1:05 AM IST
വത്തിക്കാൻ സിറ്റി: വത്തിക്കാൻ ജീവനക്കാരിൽ മൂന്നും അതിലധികവും മക്കളുള്ള ദന്പതികൾക്ക് പ്രതിമാസം 300 യൂറോ( 26,766 രൂപ) ബോണസ് നൽകും.
ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർഥനയെത്തുടർന്നാണ് വത്തിക്കാൻ ഗവർണറേറ്റിന്റെ തീരുമാനം. കുട്ടികൾ ജനിക്കുന്ന ദിവസം വത്തിക്കാൻ ജീവനക്കാർക്ക് മൂന്നു ദിവസത്തെ ശമ്പളത്തോടുകൂടിയ രക്ഷാകർതൃ അവധിയും മാർപാപ്പ പ്രഖ്യാപിച്ചിരുന്നു.
വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ചു പറയാറുണ്ട്. ഇതോടൊപ്പം യൂറോപ്പിലെ ജനനനിരക്ക് താഴുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു. വത്തിക്കാനിൽ 4800 ജീവനക്കാരാണുള്ളത്. ഇതിൽ പകുതി സന്യസ്തരും പകുതി അല്മായരുമാണ്.