ഓപ്പറേഷന്റെ സങ്കീർണതകൾ വിവരിച്ച് റെഡ് ക്രോസ്
Monday, January 20, 2025 10:57 PM IST
ടെൽ അവീവ്: ഇസ്രേലി ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും മോചനം അതിസങ്കീർണ ഓപ്പറേഷനായിരുന്നുവെന്ന് റെഡ് ക്രോസ് മേധാവി മിരിയാന സ്പോൾയാറിക്. ബന്ദികളുടെയും തടവുകാരുടെയും മോചനം വിജയകരമായി പൂർത്തിയാക്കിയശേഷം പ്രതികരിക്കുകയായിരുന്നു ഇവർ.
റെഡ് ക്രോസ് ആണ് ഹമാസിൽനിന്ന് ബന്ദികളെ സ്വീകരിച്ച് ഇസ്രയേലിനു കൈമാറിയത്. ഇസ്രയേൽ മോചിപ്പിച്ച പലസ്തീൻ തടവുകാരെ വെസ്റ്റ് ബാങ്കിലും ഗാസയിലും തിരികെയെത്തിച്ചതും റെഡ് ക്രോസാണ്.
കടുത്ത സുരക്ഷാ വെല്ലുവിളികൾ ഓപ്പറേഷനിൽ നേരിടേണ്ടിവന്നതായി റെഡ് ക്രോസ് മേധാവി അറിയിച്ചു. പൊട്ടാത്ത ബോംബുകളുടെയും യുദ്ധത്തിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളുടെയും ഇടയിലൂടെയാണു വാഹനമോടിച്ചുപോകേണ്ടിവന്നത്. ജനക്കൂട്ടവും അവരുടെ വികാരാധിക്യവും മറ്റൊരു വെല്ലുവിളിയായി. അടുത്ത ബന്ദികൈമാറ്റത്തിനു റെഡ് ക്രോസ് ടീം തയാറാണെന്നും മേധാവി കൂട്ടിച്ചേർത്തു.