വെടിനിർത്തലിന് മിനിറ്റുകൾക്കു മുന്പും ആക്രമണം
Monday, January 20, 2025 1:27 AM IST
കയ്റോ: വെടിനിർത്തൽ പ്രാബല്യത്തിൽവരുന്നതിന് മിനിറ്റുകൾ മുന്പും ഇസ്രേലി സേന ഗാസയിൽ ആക്രമണം നടത്തി. വെടിനിർത്തൽ ആരംഭിക്കാൻ ഉദ്ദേശിച്ച പ്രാദേശികസയമം 8.30നും വെടിനിർത്തൽ യഥാർഥത്തിൽ ആരംഭിച്ച 11.15നും ഇടയിൽ 26 പലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടു.
മോചിപ്പിക്കുന്ന ബന്ദികളുടെ പേരുവിവരങ്ങൾ ഹമാസ് കൈമാറാത്തതിന്റെ പേരിൽ വെടിനിർത്തൽ വൈകിക്കാൻ തീരുമാനിച്ചതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെയാണുഗാസയിൽ ആക്രമണങ്ങളുണ്ടായത്.
വെടിനിർത്തൽ ആരംഭിക്കേണ്ടിയിരുന്ന 8.30ന് ഗാസയിൽ ആക്രമണങ്ങൾ നടത്തിയതായി ഇസ്രേലി സേന സ്ഥിരീകരിച്ചു. സെൻട്രൽ ഗാസയിൽ ഗാസ സിറ്റിയിലും വടക്കൻ ഗാസയിൽ ബെയ്ത് ഹനൂൺ പട്ടണത്തിലും ഇസ്രേലി യുദ്ധവിമാനങ്ങളും ടാങ്കുകളും ആക്രമണം നടത്തി. നെതന്യാഹുവിന്റെ നിർദേശപ്രകാരമാണ് ആക്രമണം പുനരാരംഭിച്ചതെന്ന് ഇസ്രേലി സേന വ്യക്തമാക്കി.
അതേസമയം, സാങ്കേതിക കാരണങ്ങളാലാണ് ബന്ദികളുടെ പേരുവിവരങ്ങൾ കൈമാറാൻ വൈകിയതെന്നു ഹമാസ് വിശദീകരിച്ചു. വെടിനിർത്തൽ ആരംഭിക്കാൻ നിശ്ചയിച്ച സമയത്തിനു രണ്ടു മണിക്കൂർ ശേഷമാണു ഹമാസ് വിവരങ്ങൾ കൈമാറിയത്. ഇതിനു പിന്നാലെ ഇസ്രയേൽ ഇക്കാര്യം സ്ഥിരീകരിച്ചു.
മോചിപ്പിക്കുന്ന ബന്ദികളെ സ്വീകരിക്കേണ്ട ഗാസയിലെ സ്ഥലം റെഡ് ക്രോസിനെയാണ് ഹമാസ് അറിയിക്കുക. റെഡ് ക്രോസ് ആയിരിക്കും ബന്ദികളെ സ്വീകരിക്കുക.
വെടിനിർത്തൽ നിലവിൽ വന്നതോടെ ഗാസ നിവാസികൾ സ്വപ്രദേശങ്ങളിലേക്കു മടങ്ങാൻ തുടങ്ങി. ഇസ്രേലി ആക്രമണത്തിൽ ഗാസയിലെ 24 ലക്ഷം ജനങ്ങളിൽ 19 ലക്ഷവും അഭയാർഥികളായിരുന്നു. ആയിരക്കണക്കിനു ഗാസ നിവാസികൾ വസ്ത്രങ്ങളടക്കമുള്ള ഭാണ്ഡക്കെട്ടുകളുമായി ഇന്നലെ രാവിലെ മുതൽ മടക്കയാത്ര ആരംഭിച്ചു. റോഡുകളിൽ വാഹനങ്ങളുടെ നീണ്ടനിര കാണാമായിരുന്നു.