ദോഹയിൽ റഷ്യ-യുക്രെയ്ൻ ചർച്ച
Friday, January 17, 2025 1:05 AM IST
ദോഹ: റഷ്യയും യുക്രെയ്നും തമ്മിൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ പരിമിതമായ ചർച്ചകൾ നടത്തിയെന്നു റിപ്പോർട്ട്. യുദ്ധത്തിനിടെ അണുശക്തിനിലയങ്ങൾ ആക്രമിക്കപ്പെടുന്നത് ഒഴിവാക്കാൻ ഉദ്ദേശിച്ചായിരുന്നു ചർച്ചയെന്നു പറയുന്നു.
അതേസമയം, തടവുകാരെ കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ചു മാത്രമാണു ചർച്ച നടത്തിയതെന്ന് യുക്രെയ്ൻ വൃത്തങ്ങൾ പ്രതികരിച്ചു. റഷ്യ പ്രതികരണത്തിനു തയാറായില്ല.
വൈദ്യുതിവിതരണ സംവിധാനങ്ങൾ ആക്രമിക്കപ്പെടുന്നതൊഴിവാക്കാൻ കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ യുക്രെയ്നും റഷ്യയും ചർച്ച നടത്തിയിരുന്നു. യുക്രെയ്ൻ സേന റഷ്യയിലെ കുർക് പ്രദേശത്ത് അധിനിവേശം നടത്തിയതിനെത്തുടർന്ന് റഷ്യ കരാറിൽനിന്നു പിന്മാറിയെന്നും പറയുന്നു.