ഗാസയിൽ വെടിനിർത്തൽ ഇന്നുമുതൽ
Sunday, January 19, 2025 2:56 AM IST
ടെൽ അവീവ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വഴിയൊരുക്കുമെന്നു പ്രത്യാശിക്കുന്ന വെടിനിർത്തൽ ഇന്ന് ഇസ്രേലി സമയം രാവിലെ 8.30ന്
(ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.00) പ്രാബല്യത്തിലാകും. ഗാസയിൽ തടവിലുള്ള മൂന്ന് ഇസ്രേലി വനിതാബന്ദികളെ ഹമാസ് ഇന്നു മോചിപ്പിച്ച് റെഡ്ക്രോസിനു കൈമാറും. ബന്ദികളെ സ്വീകരിക്കാനും വെടിനിർത്തൽ നടപ്പിലാക്കാനും നടപടികൾ ആരംഭിച്ചതായി ഇസ്രേലി സേന അറിയിച്ചു.
ബന്ദികളിൽ ആരൊക്കെ ജീവനോടെയുണ്ട് എന്നതിൽ അവ്യക്തത തുടരുന്നതിനാൽ ഇസ്രയേലിലെ അവരുടെ ബന്ധുക്കൾ വലിയ ആശങ്കയിലും ആകാംക്ഷയിലുമാണ്. യുദ്ധം ഇതോടെ അവസാനിക്കുമെന്ന പ്രതീക്ഷ ഗാസ നിവാസികളും പ്രകടിപ്പിച്ചു.
ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങൾ മാസങ്ങൾ മുൻകൈയെടുത്തു നടത്തിയ മധ്യസ്ഥശ്രമങ്ങളാണ്, 15 മാസം നീണ്ട യുദ്ധം അവസാനിക്കാൻ വഴിയൊരുക്കിയത്. വെള്ളിയാഴ്ച രാത്രി ഇസ്രേലി മന്ത്രിസഭയുടെ സന്പൂർണ യോഗം വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയിരുന്നു.
ഇന്നു രാവിലെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ഖത്തറും ഇസ്രേലി സേനയും സ്ഥിരീകരിച്ചു. ഇന്നു മോചിപ്പിക്കുന്ന മൂന്നു വനിതാ ബന്ദികളുടെ പേരുവിവരങ്ങൾ ഹമാസ് ഖത്തറിന് കൈമാറുകയായിരുന്നു. ഖത്തർ ഇത് ഇസ്രേലി ചാരസംഘടനയായ മൊസാദിന്റെ തലവൻ ഡേവിഡ് ബാർണിയയ്ക്കു കൈമാറി. അദ്ദേഹം ഇസ്രേലി സർക്കാരിനെയും ബന്ദികളുടെ കുടുംബങ്ങളെയും വിവരമറിയിച്ചു.
മൂന്നു ഘട്ടങ്ങളായി വ്യവസ്ഥ ചെയ്യുന്ന വെടിനിർത്തൽ കരാറിന്റെ ആറാഴ്ച (42 ദിവസം) നീളുന്ന ഒന്നാം ഘട്ടമാണ് ഇന്ന് ആരംഭിക്കുന്നത്. വനിതകൾ, കുട്ടികൾ, പ്രായം ചെന്നവർ എന്നിവരടക്കം 33 ബന്ദികളെയാണ് ഹമാസ് ഒന്നാം ഘട്ടത്തിൽ വിട്ടയയ്ക്കുക. ഇതിനു പകരമായി ഇസ്രേലി ജയിലുകളിലുള്ള 1,904 പലസ്തീൻ തടവുകാർ മോചിതരാകും. ഗാസയിലെ ജനവാസ കേന്ദ്രങ്ങളിൽനിന്ന് ഇസ്രേലി സേന പിന്മാറാൻ തുടങ്ങും.
ശ്മശാനഭൂമിയായി ഗാസ; മണ്ണടിഞ്ഞത് 1.7 ലക്ഷം കെട്ടിടങ്ങൾ
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്നാണ് ഗാസ. 365 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു വസിച്ചിരുന്നത് 24 ലക്ഷം പേരാണ്. എല്ലാ ദിവസവും ബോംബിംഗുണ്ടായി. 85,000 ടൺ സ്ഫോടകവസ്തുക്കളാണ് ഇസേലി സേന ഗാസയിൽ പ്രയോഗിച്ചത്.
ഐക്യരാഷ്ട്രസഭയുടെ സാറ്റലൈറ്റ് സെന്റർ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചു നടത്തിയ കണക്കെടുപ്പു പ്രകാരം 2024 ഡിസംബർ ഒന്നുവരെ ഗാസയിൽ 1,70,812 കെട്ടിടങ്ങൾ തകരുകയോ കേടുപാട് നേരിടുകയോ ചെയ്തു. ഗാസയിലെ മൊത്തം കെട്ടിടങ്ങളുടെ 69 ശതമാനം വരുമിത്.ആറു ലക്ഷം പേർ വസിച്ചിരുന്ന ഗാസ സിറ്റിയിലെ മൂന്നിലൊന്നു കെട്ടിടങ്ങളും തകർന്നു.
റാഫ നഗരം പാതി നശിച്ചു. ഇസ്രേലി അതിർത്തിയോടു ചേർന്ന ഗാസപ്രദേശങ്ങളിലെ 90 ശതമാനം കെട്ടിടങ്ങളും ഇല്ലാതായി.
ഗാസയുടെ പുനരുദ്ധാരണത്തിന് 15 വർഷമെങ്കിലും എടുക്കുമെന്നാണ് യുഎൻ നിഗമനം. ഇതിന് 5000 കോടിയിലധികം ഡോളർ വേണ്ടിവരും. കെട്ടിടാവശിഷ്ടങ്ങൾ മാത്രം നാലു കോടി ടണ്ണിനു മുകളിൽ വരും.
ഇസ്രയേലും ലോകവും പകച്ച ഒക്ടോബർ 07
ഇസ്രയേൽ മാത്രമല്ല ലോകംതന്നെ പകച്ചുപോയ ദിനമായിരുന്നു 2023 ഒക്ടോബർ ഏഴ്. പഴുതടച്ച സുരക്ഷാവലയം ഭേദിച്ച് തെക്കൻ ഇസ്രയേലിലേക്ക് കടന്നുകയറി ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിൽ 1,139 പേര് കൊല്ലപ്പെട്ടതായാണ് ഇസ്രയേലിന്റെ ഔദ്യോഗിക കണക്ക്.
ഡസന്‍കണക്കിന് ബലാത്സംഗവും ലൈംഗികാതിക്രമവും കടന്നുകയറ്റത്തിന്റെ ഭാഗമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 250 തിൽ അധികം പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതോടെ ഹമാസിനെതിരേ യുദ്ധം പ്രഖ്യാപിച്ച ഇസ്രേലിസേന തുടർന്നിങ്ങോട്ട് രാപകലില്ലാതെ ഗാസയിൽ ബോംബ് വർഷിച്ചു. നേതാക്കളെ ഒന്നൊന്നായി കൊന്നുതള്ളി ഹമാസിന്റെ നടുവൊടിച്ചു.
ഗാസയിലെ തുരങ്കങ്ങളിൽ 80 ശതമാനവും തകര്‍ത്തു. ഇതിനിടെ ലബനനിലെ ഭീകരസംഘടനയായ ഹിസ്ബുള്ളയ്ക്കും ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതി വിമതർക്കും ഭീകരസംഘടനകളെ കൈയയച്ച് സഹായിക്കുന്ന ഇറാനും കൊടുത്തു എട്ടിന്റെ പണി. ഇസ്രയേലിന്റെ സുരക്ഷാസംവിധാനങ്ങളെ നാണംകെടുത്തുംവിധമുള്ള ഓപ്പറേഷൻ കൂടിയായിരുന്നു ഹമാസിന്റേത്. അമേരിക്കയ്ക്ക് സെപ്റ്റംബർ 11 പോലെ ഇസ്രായേലിനെ എന്നും ഭീതിപ്പെടുത്തും ഒക്ടോബർ ഏഴ്.
അന്നേദിവസം ഇസ്രയേലിനുനേരേ ഹമാസ് തൊടുത്തത് നാലായിരത്തിലേറെ റോക്കറ്റുകളാണ്. ഇസ്രയേലിന്റെ വിഖ്യാത വ്യോമപ്രതിരോധമായ അയണ്‍ഡോമിന്റെ പ്രതിരോധം മറികടന്ന് ഇവയില്‍ ചിലത് രാജ്യത്ത് പതിച്ചു. ഇതിനൊപ്പം തന്നെ പുലര്‍ച്ചെ നൂറുകണക്കിന് ഹമാസ് ഭീകരര്‍ തെക്കന്‍ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറി.
അതിര്‍ത്തിയില്‍ ഇസ്രയേല്‍ തീര്‍ത്ത അതിശക്തമായ പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തായിരുന്നു ഈ നീക്കം. ബുൾഡോസറുകൾകൊണ്ട് മതിലുകൾ തകർത്തും നിരവധി പാരച്യൂട്ടുകൾ ഉപയോഗിച്ചുമായിരുന്നു കടന്നുകയറ്റം.ഏഴായിരത്തോളം ഭീകരര്‍ ഈ ഓപ്പറേഷനില്‍ പങ്കാളികളായി എന്നാണ് ഇസ്രയേലിന്റെ കണക്ക്.
വാരാന്ത്യ അവധിദിനത്തിലെ ആഘോഷങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു ഇസ്രയേല്‍ ജനത. ഒരുവേള എന്താണു സംഭവിക്കുന്നത് എന്നുപോലും അവര്‍ക്കു നിശ്ചയമില്ലായിരുന്നു.
ആശുപത്രികളും സ്കൂളുകളും ഒളിത്താവളങ്ങൾ
ഗാസയിലെ ആരോഗ്യ സംവിധാനങ്ങൾ തകർന്നടിഞ്ഞു. ഹമാസ് ഒളിത്താവളങ്ങളാക്കുന്നു എന്നാരോപിച്ച് ഇസ്രേലി സേന ആശുപത്രികൾ ആക്രമിച്ചു. ഗാസയിലെ 36 ആശുപത്രികളിൽ 20 എണ്ണവും പൂട്ടി. പ്രവർത്തിക്കുന്ന 16 ൽ പലതിനും പൂർണശേഷിയില്ല. യുദ്ധപശ്ചാത്തലത്തിൽ ആരംഭിച്ച ഫീൽഡ് ആശുപത്രികളും യുഎൻ ഏജൻസികളുടെ ആരോഗ്യ കേന്ദ്രങ്ങളുമാണ് ആശ്രയം.
90% സ്കൂളുകൾ
യുദ്ധത്തിൽ അഭയാർഥികളായ പലസ്തീനികളുടെ അഭയകേന്ദ്രങ്ങളായിരുന്നു സ്കൂളുകൾ. ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ച സ്കൂളുകളിൽ ഇസ്രേലി സേന ആക്രമണം നടത്തി. ഗാസയിലെ 564 വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ 496നും കേടുപാടുണ്ടായി. 396 സ്കൂളുകളിൽ നേരിട്ട് ആക്രമണമുണ്ടായി.
68% കൃഷിസ്ഥലങ്ങൾ
ഗാസയിലെ കൃഷിഭൂമിയിൽ 68 ശതമാനവും നശിച്ചു. 103 ചതുരശ്ര കിലോമീറ്റർ വരുമിത്. വടക്കൻ ഗാസയിലെ 79ഉം തെക്കൻ ഗാസയിലെ 57ഉം ശതമാനം കാർഷികഭൂമി നശിച്ചു.
68% റോഡുകൾ
ഉപഗ്രഹചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ 2024 ഓഗസ്റ്റ് 18 വരെ ഗാസയിലെ 68 ശതമാനം റോഡുകളും നാശം നേരിട്ടതായി കണ്ടെത്തി. 1,190 കിലോമീറ്റർ പൂർണമായി നശിച്ചു. 415 കിലോമീറ്റർ ഭാഗികമായും 1,440 കിലോമീറ്റർ ചെറിയതോതിലും നാശം നേരിട്ടു.
നടുവൊടിഞ്ഞ് ഹമാസ്
ഇസ്രേലി സേനയുടെ 15 മാസത്തെ ആക്രമണത്തിനൊടുവിൽ ഹമാസ് മുച്ചൂടും തകര്‍ന്ന അവസ്ഥയിലാണ്. കമാന്ഡമാര് അടക്കം നൂറോളം നേതാക്കള്‍തന്നെ കൊല്ലപ്പെട്ടു. ഇസ്മായില്‍ ഹനിയ അടക്കമുള്ള പ്രമുഖ നേതാക്കളെയൊക്കെയും വകവരുത്തി. ടെഹ്റാനിൽ ഇറാന് പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്തുവച്ച് ഹനിയയെ കൊന്ന മൊസാദിന്റെ രീതി ഏവരെയും ഞെട്ടിച്ചു. അതു മാത്രമായിരുന്നില്ല, ഗാസയിലെ ഹമാസ് പ്രധാനമന്ത്രിയെന്നു വിശേഷിപ്പിക്കപ്പെടുന്ന റൗഹി മുഷ്താഹ അടക്കം നിരവധി ഉന്നതരെയും വധിച്ചു.
ഹമാസ് ഒളിച്ചിരുന്ന ഗാസ തകര്‍ന്നു തരിപ്പണമായി. ഇന്ന് പട്ടിണിയും പോഷകാഹാരക്കുറവും ഗാസയെ വേട്ടയാടുന്നുണ്ട്. കുടിവെള്ളവും ജീവന്രക്ഷാമരുന്നും കിട്ടുന്നില്ല. ആകെയുണ്ടായിരുന്ന 36 ആശുപത്രികളില്‍ 15 എണ്ണം മാത്രമാണ് ഇപ്പോൾ ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്. 986 ആരോഗ്യപ്രവര്‍ത്തകരും 128 മാധ്യമപ്രവര്‍ത്തകരും ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.
ഹമാസിന്റെ ഗാസയിലെ തുരങ്കശൃംഖല 350 മുതല്‍ 450 മൈല്‍ വരെ നീളമുള്ളതാണെന്നാണ് മുതിര്‍ന്ന ഇസ്രയേല്‍ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. 5,700 പ്രവേശനകവാടങ്ങളും ഈ തുരങ്കങ്ങള്‍ക്കുണ്ടെന്ന് മുതിര്‍ന്ന ഇസ്രേലി ഉദ്യോഗസ്ഥര്‍ പറയുന്നു. 15 മാസംകൊണ്ട് 80 ശതമാനം തുരങ്കങ്ങള്‍ തകര്‍ക്കാന്‍ ഇസ്രയേലിനായി.
നേതൃനിരയില്ലാതെ ഭീകര സംഘടനകൾ
ഖത്തറിൽ പ്രവാസജീവിതം നയിച്ചിരുന്ന ഹമാസിന്റെ പരമോന്ന നേതാവ് ഇസ്മയിൽ ഹനിയ 2024 ജൂലൈ 31നാണ് ഇറാനിലെ പുതിയ പ്രസിഡന്റ് പസെഷ്കിയാന്റെ സ്ഥാനാരാഹണച്ചടങ്ങിനെത്തവേ ടെഹ്റാനിൽ വധിക്കപ്പെട്ടത്.
ഹമാസിന്റെ മറ്റൊരു മുതിർന്ന നേതാവ് മുഹമ്മദ് ദെയിഫിനെ 2024 ഓഗസ്റ്റ് ഒന്നിന് ഗാസയിൽ വ്യോമാക്രണം നടത്തിയും വധിച്ചു. ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഹനിയയ്ക്കുശേഷം ഹമാസിന്റെ പരമോന്നത നേതാവുമായ യഹ്യ സിൻവറിനെ 2024 ഒക്ടോബർ 16ന് ഇസ്രയേൽ വധിച്ചു. ഇതോടെ ഹമാസിന്റെ ഉന്നത നേതൃനിര ഇല്ലാതായി.
പതിറ്റാണ്ടുകൾ ഹിസ്ബുള്ളയെ നയിച്ച ഹസൻ നസറുള്ള കഴിഞ്ഞവർഷം സെപ്റ്റംബർ 24ന് ബെയ്റൂട്ടിലെ ബോംബാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. നസറുള്ളയുടെ പിൻഗാമിയാകുമെന്ന് കരുതപ്പെട്ട ഹിസ്ബുള്ള നേതാവ് ഹാഷിം സഫിയുദ്ദീനെ പിറ്റേ മാസവും ഇസ്രയേൽ വധിച്ചു.
"ഓപ്പറേഷന് അല്‍-അഖ്സ ഫ്ലഡി'നു പകരം "അയണ്‍ സ്വോർഡ്സ് ’
ലോകത്തെ ഏറ്റവും മികച്ച ഇന്റലിജന്‍സ് സംവിധാനം, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍- പെഗാസസ് സ്പൈവെയര്‍ പോലുള്ള സൈബര്‍ നിരീക്ഷണ സംവിധാനങ്ങള്‍, ലോകരാഷ്ട്രങ്ങള്‍ ആശ്രയിക്കുന്ന ഇത്തരം സാങ്കേതികവിദ്യകളൊക്കെ കൈവശമുണ്ടെങ്കിലും ഇതെല്ലാം മറികടന്ന് ഹമാസ് കടന്നുകയറിയത് ഇസ്രയേലിനു നാണക്കേടായി. പിന്നാലെ, ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രേലി മിലിട്ടറി ഇന്റലിജൻസ് മേധാവി മേജർ ജനറൽ അഹറോൻ ഹലീവ രാജിവച്ചു.
ഇസ്രേലി ചാരസംഘടനയായ മൊസാദിനും ഇസ്രേലി ഡിഫന്‍സ് ഫോഴ്സിനും മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്ന ആ ആക്രമണത്തിന് "ഓപ്പറേഷന് അല്‍-അഖ്സ ഫ്ലഡ് ’എന്നാണ് ഹമാസ് പേരിട്ടിരുന്നത്. ആക്രമണത്തിന്റെ നടുക്കത്തില്‍നിന്നു മോചിതമാകുന്നതിനുമുന്പ് രാവിലെ 10.47-ഓടെ "ഓപ്പറേഷന് അയണ്‍ സ്വോർഡ്സ് ’എന്നപേരില്‍ ഇസ്രയേലിന്റെ പ്രത്യാക്രമണമുണ്ടായി.
ഇസ്രയേല്‍ യുദ്ധം ആരംഭിച്ചുകഴിഞ്ഞുവെന്ന് 11.35ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോകത്തെ അറിയിച്ചു. 12.30 ഓടെ അമേരിക്ക ഇസ്രയേലിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. അന്നു തുടങ്ങിയ യുദ്ധത്തിന് ഇന്ന് അറുതിയാകുന്പോൾ ഹമാസിനു പുറമെ ലബനനിലെ ഹിസ്ബുള്ളയെയും യെമനിലെ ഹൂതികളെയും ഇസ്രയേൽ ഏറെക്കുറെ ഇല്ലാതാക്കിക്കഴിഞ്ഞിരിക്കുന്നു.
ഹമാസിനെ പൂർണമായും ഇല്ലാതാക്കുക, ബന്ദികളെ സുരക്ഷിതരായി തിരികെയെത്തിക്കുക, ഇനിയൊരു ഭീഷണിയുണ്ടാകാത്തവിധം അതിര്‍ത്തി സുരക്ഷിതമാക്കുക എന്നീ മൂന്നു ലക്ഷ്യങ്ങളാണ് ഹമാസിനെതിരേ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ ബെഞ്ചമിൻ നെതന്യാഹു മുന്നോട്ടു വച്ചത്.
ഹമാസ് നേതാക്കളെയെല്ലാം ഉന്മൂലനം ചെയ്തശേഷം ഹിസ്ബുള്ളയെ തേടിയായിരുന്നു ഇസ്രേലി സേനയുടെ നീക്കം. കനത്ത ബോംബിംഗില്‍ ലബനന് നിന്നുകത്തി. നേതാക്കളും രഹസ്യകേന്ദ്രങ്ങളും തകർക്കപ്പെട്ടു.
ഗത്യന്തരമില്ലാതെ വെടിനിർത്തലിന് ഹിസ്ബുള്ള നിർബന്ധിതരായി. ഇതിനുശേഷമാണ് തങ്ങൾക്കു ഭീഷണിയായ ഹൂതി വിമതരെ തേടി ചെങ്കടലിലും യെമനിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയത്.
ഇറാനും ഹിസ്ബുള്ളയ്ക്കും തിരിച്ചടി
ഇറാന് പാലൂട്ടി വളര്‍ത്തിയ ഹിസ്ബുള്ളയ്ക്കും ഇസ്രയേൽ ചുട്ട മറുപടി കൊടുത്തു. ഹിസ്ബുള്ളയുടെ ഉന്നത കമാന്‍ഡര്‍ ഫുവാദ് ഷുക്കര്‍ ജൂലൈ 30 ന് ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശത്ത് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ അടപ്പിളക്കിയ പേജര്‍-വാക്കി ടോക്കി സ്ഫോടനങ്ങള്‍ കണ്ട് ലോകം നടുങ്ങി.
സെപ്റ്റംബര്‍ 17, 18 തീയതികളില്‍ ലബനനിലുടനീളം ഹിസ്ബുള്ള അംഗങ്ങള്‍ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചു. ഇതില്‍ കുറഞ്ഞത് 39 പേര് കൊല്ലപ്പെടുകയും 3,000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്രേലി ബോംബാക്രമണത്തിൽ ലബനനിൽ 2000ത്തോളം പേരാണു കൊല്ലപ്പെട്ടത്. ഇറാന് സൈനിക കമാന്‍ഡര്‍ മുഹമ്മദ് റെസ സഹേദി, ഹിസ്ബുള്ള കമാന്‍ഡര്‍ ഫുവാദ് ശുക്ര്, ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഇസ്മായില്‍ ഹനിയ, ഹിസ്ബുള്ള മേധാവി ഹസന് നസ്രള്ള എന്നിവരെയും ഇസ്രയേല്‍ കൊലപ്പെടുത്തി.
തങ്ങള്‍ വളര്‍ത്തിയ നസറുള്ളയുടെ മരണം വെറുതെയാകില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് പ്രഖ്യാപിച്ചു. അവര്‍ ഇസ്രലയിലേക്ക് മിസൈല്‍ ആക്രമണം നടത്തി. പക്ഷേ അതൊന്നും ഇസ്രയേലിനെ ബാധിച്ചില്ല. 90 ശതമാനവും അയണ്‍ ഡോം നിര്‍വീര്യമാക്കി. രാജ്യത്തു വീണ ഏതാനും മിസൈലുകളാകട്ടെ കാര്യമായ നാശനഷ്ടം ഉണ്ടാക്കിയതുമില്ല.
ഇസ്രയേലിനു നഷ്ടപ്പെട്ടത് 840 സൈനികരെ
അക്ഷരാർഥത്തില്‍ രക്തം കൊടുത്ത് രാജ്യം കാക്കുകയാണ് ഇസ്രയേല്‍ എന്ന കൊച്ചുരാജ്യം. കോടികളുടെ നഷ്ടമാണ് യുദ്ധം ഇസ്രയേലിനും വരുത്തിവച്ചത്. യുദ്ധത്തിൽ 840 സൈനികരെ നഷ്ടപ്പെട്ടു. ഇതിൽ 329 പേർ ഹമാസിന്റെ ഭീകരാക്രമണത്തിലാണു മരിച്ചത്.
2023 ഡിസംബര്‍ 15ന് മൂന്ന് ഇസ്രേലി ബന്ദികളെ സൈനികനടപടിക്കിടെ ഇസ്രേലി സൈന്യം അബദ്ധത്തില്‍ വെടിവച്ചുകൊന്നു. ബന്ദികളെ മോചിപ്പിക്കാന്‍ നടത്തിയ നീക്കത്തിനിടെയായിരുന്നു രാജ്യത്തെ വീണ്ടും നടുക്കിയ സംഭവം.
2024 ജനുവരി 22ന് സെന്‍ട്രല്‍ ഗാസയില്‍ ഒരൊറ്റ സംഭവത്തില്‍ 21 ഇസ്രേലി സൈനികര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രേലി സൈന്യത്തിന് ഏറ്റവും മാരകമായ തിരിച്ചടി കിട്ടിയ ദിവസം ഇതായിരുന്നു. 2024 ജൂണ്‍ ആദ്യം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ സൈനിക നടപടിയില്‍ നാല് ബന്ദികളെ രക്ഷപ്പെടുത്തിയിരുന്നു.