ട്രംപിന്റെ സ്ഥാനാരോഹണം നാളെ
Sunday, January 19, 2025 1:59 AM IST
വാഷിംഗ്ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നാളെ നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങ് അതിശൈത്യത്തെത്തുടർന്ന് തുറന്ന വേദിയില്‍നിന്നു മാറ്റി. പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോള്‍ ഹാളിലാകും സത്യപ്രതിജ്ഞ.
സത്യപ്രതിജ്ഞ നടക്കുന്ന നാളെ രാവിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ മൈനസ് 7 ഡിഗ്രി സെല്‍ഷസ് താപനിലയാണു പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞുവീഴ്ചയ്ക്കൊപ്പം ശൈത്യക്കാറ്റിനും സാധ്യത കണക്കിലെടുത്താണ് വേദി മാറ്റിയത്.
ആളുകള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കാനാണ് തീരുമാനമെന്ന് ട്രംപ് അറിയിച്ചു. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായുളള പ്രസിഡന്‍ഷ്യല്‍ പരേഡ് ദൈര്‍ഘ്യം കുറച്ച് കാപിറ്റോള്‍ പരിസരത്തു മാത്രമാക്കി ചുരുക്കി.
40 വര്‍ഷത്തിനുശേഷമാണ് യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ തുറന്നവേദിയില്നിന്നു മാറ്റുന്നത്. 1985 ജനുവരി 20ന് റൊണാൾഡ് റൊണാൾഡ് റീഗന്റെ സത്യപ്രതിജ്ഞാച്ചടങ്ങാണ് ഏറ്റവുമൊടുവിൽ അതിശൈത്യം മൂലം തുറന്ന വേദിയിൽനിന്നു മാറ്റിയത്. ട്രംപ് അനുകൂലികള്‍ക്കായി കാപിറ്റോളിനു പുറത്ത് പ്രത്യേക സ്ക്രീനുകളില്‍ ചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കും.
സത്യപ്രതിജ്ഞയ്ക്കു പ്രാരംഭമായി നടക്കുന്ന പ്രാർഥനയ്ക്ക് ന്യൂയോർക്ക് ആർച്ച്ബിഷപ് തിമോത്തി ഡോളൻ നേതൃത്വം നൽകും. യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജോൺ റോബർട്ട്സായിരിക്കും ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. സത്യപ്രതിജ്ഞയ്ക്ക് ട്രംപ് ലിങ്കണ് ബൈബിളും അമ്മ സമ്മാനിച്ച ബൈബിളും ഉപയോഗിക്കും.
1861ല്‍ എബ്രഹാം ലിങ്കണ് സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളാണ് ലിങ്കണ് ബൈബിള്‍ എന്നറിയപ്പെടുന്നത്. പിന്നീട് ബറാക് ഒബാമയും 2017ലെ സത്യപ്രതിജ്ഞയ്ക്ക് ട്രംപും ലിങ്കണ് ബൈബിള്‍ ഉപയോഗിച്ചിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് തന്റെ മുത്തശി സമ്മാനിച്ച ബൈബിളില്‍ തൊട്ടാകും സത്യവാചകം ചൊല്ലുക. ചടങ്ങിനോടനുബന്ധിച്ച് വെള്ളിയാഴ്ച ആരംഭിച്ച വിവിധ ആഘോഷപരിപാടികൾ നാളെവരെ തുടരും.
പള്ളികളിൽ പ്രാർഥനകൾ, വെടിക്കെട്ടുകൾ, റാലികൾ, ഘോഷയാത്രകൾ, വിരുന്നുകൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ഇന്ന് പ്രാദേശികസമയം ഉച്ചകഴിഞ്ഞ് മൂന്നിന് കാപിറ്റോൾ അരീനയിൽ വിക്ടറി പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം, ട്രംപ് വിരുദ്ധ പ്രകടനങ്ങൾക്കും ഈ ദിവസങ്ങളിൽ അനുമതി നൽകിയിട്ടുണ്ട്. ഇന്നലെ 25000 പേർ അണിനിരന്ന ട്രംപ് വിരുദ്ധ റാലി നടന്നു.
പഴുതടച്ച സുരക്ഷ
പഴുതടച്ച സുരക്ഷയ്ക്കു നടുവിലാകും നാളെ ട്രംപ് സത്യപ്രതിജ്ഞ ചെയ്യുക. നാലു വര്‍ഷം മുമ്പ് ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്ക്കുമുമ്പ് കാപിറ്റോള്‍ ഹില്ലിനുനേരേ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണവും മാസങ്ങള്‍ക്കുമുമ്പ് ട്രംപിനുനേരേ ഉണ്ടായ വധശ്രമങ്ങളും ഉള്‍പ്പെടെ ഓർമയിലുള്ളതിനാൽ സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയിലാണ്.
യുഎസ് സീക്രട്ട് സര്‍വീസും മറ്റ് നിയമനിര്‍വഹണ ഏജന്‍സികളും ചേര്‍ന്ന് വാഷിംഗ്ടണ്‍ ഡിസിയില്‍ 48 കിലോമീറ്റര്‍ നീളത്തില്‍ വേലി കെട്ടിക്കഴിഞ്ഞു. രാജ്യതലസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ഈ വേലിക്ക് ഏഴടി ഉയരമാണുള്ളത്. കാപിറ്റോള്‍ ഹില്‍ മുതല്‍ വൈറ്റ് ഹൗസ് വരെ ഏതാണ്ട് രണ്ടു കിലോമീറ്റര്‍ ദൂരത്തിലുള്ള എല്ലാ തെരുവുകളും ഇതിനകം അടച്ചുപൂട്ടി.
യുഎസ് പ്രസിഡന്റ് സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ചരിത്രത്തില്‍ ഏറ്റവും സൈനികവത്കരിക്കപ്പെട്ട സത്യപ്രതിജ്ഞയാകും ഡോണള്‍ഡ് ട്രംപിന്റേത്. 7,800 നാഷണൽ ഗാർഡുകളെയും 4000 പോലീസുകാരെയുമാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.