രാജ്യത്തിനു ഭീഷണിയാകുന്നവരുടെ പൗരത്വം റദ്ദാക്കാൻ സ്വീഡൻ
Thursday, January 16, 2025 1:07 AM IST
സ്റ്റോക്ഹോം: രാജ്യത്തിനു ഭീഷണി ഉയർത്തുന്നവരുടെ പൗരത്വം റദ്ദാക്കാനായി ഭരണഘടന ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് സ്വീഡനിൽ ആലോചന.
കൈക്കൂലി, ഭീഷണി, വ്യാജരേഖ തുടങ്ങിയവയിലൂടെ ഇരട്ട പൗരത്വം നേടിയവരുടെയും ചാരവൃത്തി, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെട്ടവരുടെയും പൗരത്വം റദ്ദാക്കാപ്പെടും.
തീവ്രവാദം, രാജ്യദ്രോഹം, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയെ നേരിടാനാണിതെന്നു നിയമമന്ത്രി ഗുണ്ണർ സ്ട്രോമർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർലമെന്റ് സമിതിയാണു ഭരണഘടനാ ഭേദഗതിക്കു ശിപാർശ ചെയ്തത്.
കുടിയേറ്റവും സംഘടിതകുറ്റകൃത്യങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണു സ്വീഡനിലെ വലതുപക്ഷ സർക്കാർ പറയുന്നത്.
പൗരത്വം ലഭിക്കേണ്ടതിനു സ്വീഡനിൽ താമസിക്കേണ്ട കാലപരിധി അഞ്ചിൽനിന്ന് എട്ടു വർഷമായി ഉയർത്താനുള്ള നിർദേശവും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്.