നിയന്ത്രണരേഖയ്ക്കു സമീപം സ്ഫോടനം; കരസേനാ ക്യാപ്റ്റനും സൈനികനും വീരമൃത്യു
Wednesday, February 12, 2025 2:43 AM IST
ജമ്മു: നിയന്ത്രണരേഖയ്ക്കു സമീപം ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് കരസേനാ ക്യാപ്റ്റനും സൈനികനും വീരമൃത്യു വരിച്ചു.
ക്യാപ്റ്റൻ കരംജിത് സിംഗ് ബക്ഷി, നായിത് മുകേഷ് എന്നിവരാണു വീരമൃത്യു വരിച്ചത്. അഖ്നൂർ സെക്ടറിലായിരുന്നു സ്ഫോടനം.
ജമ്മു മേഖലയിൽ നാലു ദിവസത്തിനിടെ മൂന്നാം തവണയാണ് ഭീകരർ അതിർത്തികടന്ന് ആക്രമണം നടത്തുന്നത്. അഖ്നൂരിലെ ഭട്ടലിൽ മുൻനിര പോസ്റ്റിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.50നാണ് ശക്തിയേറിയ സ്ഫോടനമുണ്ടായത്.
പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈറ്റ് നൈറ്റ് കോറിലെ സൈനികരാണ് വീരമൃത്യു വരിച്ചത്.
തിങ്കളാഴ്ച നൗഷേരയിലെ കലാൽ മേഖലയിൽ സൈനികന് അതിർത്തിക്കപ്പുറത്തുനിന്ന് വെടിയേറ്റു പരിക്കേറ്റിരുന്നു.