ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം ഇന്ന് നിഗംബോധ് ഘട്ടിൽ
Saturday, December 28, 2024 2:55 AM IST
സനു സിറിയക്
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് രാജ്യം ഇന്ന് ആദരവോടെ വിട നൽകും. പൂർണ ദേശീയ ബഹുമതികളോടെയാണു സംസ്കാരം. രാവിലെ എട്ടിന് ഭൗതികദേഹം ഡൽഹിയിലെ വസതിയിൽനിന്നു കോണ്ഗ്രസ് ആസ്ഥാനത്ത് എത്തിക്കും. തുടർന്ന് പൊതുദർശനം. 9.30ന് നേതാക്കളുടെ അകന്പടിയോടെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ആരംഭിക്കും. തുടർന്ന് 11.30ന് നിഗംബോധ് ഘട്ട് ക്രിമറ്റോറിയത്തിൽ സംസ്കാരം നടക്കും.
മുൻ പ്രധാനമന്ത്രിയുടെ നിര്യാണത്തെത്തുടർന്ന് എല്ലാ കേന്ദ്രസർക്കാർ ഓഫീസുകൾക്കും കേന്ദ്രസർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപങ്ങൾക്കും ഇന്ന് ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിയനേതാവിനോടുള്ള ആദരസൂചകമായി ജനുവരി ഒന്നുവരെ ഏഴു ദിവസത്തേക്ക് രാജ്യത്തു ദുഃഖാചരണം നടത്തും. ഈ ദിവസങ്ങളിൽ രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടും.
ഇന്നലെ ചേർന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മികച്ച രാഷ്ട്രതന്ത്രജ്ഞനെയും സാന്പത്തിക വിദഗ്ധനെയുമാണു നഷ്ടമായതെന്ന് മന്ത്രിസഭാ യോഗം അനുശോചന പ്രമേയത്തിൽ വ്യക്തമാക്കി. മുൻ പ്രധാനമന്ത്രിയുടെ വിയോഗത്തിൽ അനുശോചിച്ച് കേന്ദ്രമന്ത്രിസഭാ യോഗം രണ്ടു മിനിറ്റ് നേരം മൗനമാചരിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, ജെ.പി. നഡ്ഡ, നിർമല സീതാരാമൻ തുടങ്ങിയവർ ഡോ. മൻമോഹൻ സിംഗിന്റെ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
പാർട്ടിയിൽ ഒപ്പം പ്രവർത്തിച്ച നാളുകളും യുപിഎ ഭരണകാലവും ഓർമയിൽ പേറി കോണ്ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി മൻമോഹൻ സിംഗിന്റെ ഭൗതികദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
ഡൽഹി മുഖ്യമന്ത്രി അതിഷി, എഎപി ദേശീയ ചെയർമാൻ അരവിന്ദ് കേജരിവാൾ, കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, സിപിഎം നേതാവ് പ്രകാശ് കാരാട്ട് തുടങ്ങി നിരവധി പ്രമുഖർ ആദരമർപ്പിച്ചു.
ഇന്നലെ വൈകുന്നേരം എഐസിസി ആസ്ഥാനത്തു നടന്ന പ്രത്യേക കോണ്ഗ്രസ് പ്രവർത്തകസമിതി യോഗം ഡോ. മൻമോഹൻസിംഗിന് ആദരമർപ്പിച്ചു. യോഗത്തിൽ പ്രവർത്തകസമിതി അംഗങ്ങളും പ്രത്യേക, സ്ഥിരം ക്ഷണിതാക്കളും പങ്കെടുത്തു. ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ ലോകനേതാക്കൾ അനുശോചിച്ചു.
കേരളത്തിൽനിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള മുതിർന്ന കോണ്ഗ്രസ് നേതാക്കൾ പ്രിയനേതാവിന് അന്ത്യോപചാരമർപ്പിക്കാൻ ഡൽഹിയിലെത്തിയിട്ടുണ്ട്.
കറപറ്റാത്ത രാഷ്ട്രീയജീവിതം -രാഷ്ട്രപതി ദ്രൗപദി മുർമു
പാണ്ഡിത്യത്തിലും ഭരണനിർവഹണത്തിലും അനായാസം കഴിവ് തെളിയിച്ചിട്ടുള്ള ചുരുക്കം ചില നേതാക്കന്മാരിലൊരാളാണു ഡോ. മൻമോഹൻ സിംഗ്. വിവിധ ചുമതലകളിലൂടെ ഇന്ത്യൻ സന്പദ് വ്യവസ്ഥ പരിഷ്കരിക്കുന്നതിൽ അദ്ദേഹം നിർണായക സംഭാവനകൾ നൽകി. കറ പറ്റാത്ത രാഷ്ടീയ ജീവിതത്തിലൂടെയും വിനയത്തിലൂടെയും സേവനങ്ങളിലൂടെയും അദ്ദേഹം എന്നും സ്മരിക്കപ്പെടും.
ആദരിക്കപ്പെടുന്ന വ്യക്തിത്വം -പ്രധാനമന്ത്രി നരേന്ദ്ര മോദി
താഴേത്തട്ടിൽനിന്ന് ജീവിതമാരംഭിച്ച മൻമോഹൻ സിംഗ് എല്ലാവരും ആദരിക്കപ്പെടുന്ന ഒരു സാന്പത്തികവിദഗ്ധനായി മാറി. ധനമന്ത്രി പദവിയടക്കം വിവിധ സർക്കാർ ഉദ്യോഗങ്ങളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം നമ്മുടെ സാന്പത്തികനയങ്ങളിലും നിർണായകമായ കയ്യൊപ്പു ചാർത്തി. പാർലമെന്റിലെ അദ്ദേഹത്തിന്റെ സംവാദങ്ങളും വളരെ ഉൾക്കാഴ്ചയോടെയുള്ളതായിരുന്നു.
രാജ്യത്തെ പ്രചോദിപ്പിച്ച നേതാവ് -രാഹുൽ ഗാന്ധി (പ്രതിപക്ഷ നേതാവ്)
അപാരമായ ജ്ഞാനത്തിലും സത്യസന്ധതയിലും രാജ്യത്തെ നയിച്ച നേതാവാണ് മൻമോഹൻ സിംഗ്. അദ്ദേഹത്തിന്റെ വിനയവും സാന്പത്തികശാസ്ത്രത്തിലെ ആഴത്തിലുള്ള അറിവും രാജ്യത്തെ പ്രചോദിപ്പിച്ചു. എനിക്കൊരു ഗുരുവിനെയും വഴികാട്ടിയെയും നഷ്ടമായി. അദ്ദേഹത്തെ ആദരിച്ചിരുന്ന കോടിക്കണക്കിനു ജനങ്ങൾ അദ്ദേഹത്തെയെന്നും അഭിമാനത്തോടെ ഓർക്കും.