ചേലക്കര മണ്ഡലം കരകയറ്റുമോ, കന്നിവോട്ട്?
Wednesday, November 13, 2024 12:51 AM IST
സി.എസ്. ദീപു
തൃശൂർ: നാടിളക്കിയ പ്രചാരണത്തിനും കൊട്ടിക്കലാശത്തിനും ഒടുവിൽ കണക്കുകൂട്ടി മുന്നണികൾ. ചേലക്കരയിൽ 10,000 വോട്ടുകളാണ് ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം വർധിച്ചത്.
ആകെയുളള 2.13 ലക്ഷം വോട്ടർമാരിൽ നാല്പതിനായിരത്തിലേറെ വോട്ടുകൾ മുപ്പതു വയസിൽ താഴെയുള്ളവർ. നാലായിരം കന്നിവോട്ടർമാർ. മണ്ഡലത്തിന്റെ വിധി നിർണയിക്കാൻ പോകുന്ന വോട്ടുകളാകുമിതെന്നാണു നേതാക്കളുടെ കണക്കുകൂട്ടൽ.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് ചേലക്കരയിൽ എൽഡിഎഫിനു ലഭിച്ചത്. യുഡിഎഫ് തരംഗത്തിലും പിടിച്ചുനിന്നതിനാൽ പുതിയ വോട്ടുകളുടെ കാര്യത്തിൽ മാത്രമാണ് ഇടതിൽ ആശങ്ക. കടുത്ത രാഷ്ട്രീയമത്സരമായതിനാൽ സഹതാപതരംഗത്തിന്റെ ആനുകൂല്യവും ആർക്കും ലഭിക്കില്ല. ആരു ജയിച്ചാലും അയ്യായിരം വോട്ടിൽ കൂടുതൽ ഭൂരിപക്ഷമുണ്ടാകില്ലെന്നാണു വിലയിരുത്തൽ.
പുരുഷവോട്ടർമാരെ അപേക്ഷിച്ചു പതിനായിരത്തോളം സ്ത്രീവോട്ടർമാർ കൂടുതലുണ്ട്. കുടുംബയോഗങ്ങളടക്കം മുൻനിരനേതാക്കൾ ഉൾപ്പെടെ അടിത്തട്ടിൽ നടത്തിയ പ്രചാരണം സ്ത്രീവോട്ടുകളെ സ്വാധീനിക്കും.
മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സംസ്ഥാനനേതാക്കൾ എത്തിയതു പ്രവർത്തകർക്കും ആവേശമായി. പിഴവില്ലാതെ പ്രചാരണം നടത്താനായെന്ന് മൂന്നു മുന്നണികളും അവകാശപ്പെടുന്നു. സ്ഥാനാർഥികൾ മൂന്നുവട്ടം പഞ്ചായത്തുതല പര്യടനം പൂർത്തിയാക്കി.
ബൂത്തുതലത്തിൽ പ്രവർത്തനം ശക്തമായിരുന്നെന്നും കുടുംബയോഗങ്ങൾ ഊർജിതമായി നടത്തിയെന്നും അതൃപ്തരായ ഇടത് അനുകൂലികളുടെ പിന്തുണയുണ്ടെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു. ആടിനിൽക്കുന്ന വോട്ടർമാർക്കുമുന്പിൽ സ്ഥാനാർഥികളെ എത്തിക്കാനും പ്രവർത്തകർ ശ്രദ്ധിച്ചു. സ്ത്രീകളെ പ്രത്യേകം അഭിസംബോധനചെയ്താണ് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് എല്ലായിടത്തും വോട്ടഭ്യർഥിച്ചത്.
മേഖലാ കമ്മിറ്റികളും ബൂത്ത് കമ്മിറ്റികളും എൽഡിഎഫിന്റെ പ്രവർത്തനത്തിനു ചുക്കാൻപിടിച്ചു. വോട്ടുകൾ പുതുതായി ചേർക്കാനും പാർട്ടി വോട്ടുകൾ ഉറപ്പിക്കാനും കഴിഞ്ഞെന്നു നേതാക്കൾ പറഞ്ഞു. പ്രവർത്തകർക്കു സുസമ്മതനാണ് യു.ആർ. പ്രദീപ് എന്നതും നേട്ടമാവുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയടക്കം അടിക്കടി മണ്ഡലത്തിലെത്തി.
ഇക്കുറി വോട്ടുവർധനയല്ല, ജയം ലക്ഷ്യമിട്ടാണ് ബിജെപി ഇറങ്ങിയത്. രാവിലെ 6.30 മുതൽ സ്ഥാനാർഥി കെ. ബാലകൃഷ്ണൻ പ്രചാരണത്തിനുണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ഡോ. ടി.എൻ. സരസുവിന്റെ ഡമ്മി സ്ഥാനാർഥിയാക്കിയതും ബാലകൃഷ്ണനെയാണ്. പുതുതായി ചേർത്തതിൽ നാലായിരവും എൻഡിഎയ്ക്കു ലഭിക്കുമെന്നു ബിജെപി നേതാക്കൾ അവകാശപ്പെടുന്നു. തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിനു സമാനമായ രീതിയിലാണ് ബിജെപി അടിത്തട്ടിൽ പ്രവർത്തിച്ചത്.
സമൂഹമാധ്യമങ്ങളിലെ പ്രചാരണം ഊർജിതമായി നടന്നു. എല്ലാ പാർട്ടികളുടെയും സംസ്ഥാന സൈബർ സംഘംതന്നെയാണ് നേതൃത്വം നൽകിയത്. യുവാക്കൾ കൂടുതലുള്ള ഇൻസ്റ്റഗ്രാമിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പോസ്റ്ററുകളും റീലുകളും നിറഞ്ഞു. ഫേസ്ബുക്കിലും എക്സിലും രാഷ്ട്രീയചർച്ചകളും അരങ്ങേറി.
ഓണ്ലൈൻ വായനക്കാരെ സ്വാധീനിക്കാൻ സെർച്ച് എൻജിൻ ഓപ്റ്റിമൈസേഷനുവേണ്ടി പ്രഫഷണൽ ഗ്രൂപ്പുകളും രംഗത്തിറങ്ങി. യുട്യൂബ് ഇൻഫ്ളുവൻസർമാരെ രംഗത്തിറക്കാനും മുന്നണികൾ പണം ചെലവിട്ടു. ഇന്നലെവരെ മൂന്നു മുന്നണികളെയും ഉലച്ച വിവാദങ്ങളുടെ വിധിയെഴുത്തുകൂടിയാകും ഇന്നത്തെ വോട്ടെടുപ്പ്.