ഐഎഎസ് പോര് : കടുത്ത നടപടിക്ക് സർക്കാർ
കെ. ഇന്ദ്രജിത്ത്
Monday, November 11, 2024 4:19 AM IST
തിരുവനന്തപുരം: ഐഎഎസ് പോരിൽ തളർന്ന സർക്കാർ ഒടുവിൽ കടുത്ത നടപടിയിലേക്കു കടക്കുന്നു. സർവീസ് ചട്ടം ലംഘിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരേ തുടർച്ചയായി കടുത്ത വിമർശനം നടത്തിയ കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തും മത അടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് സർക്കാരിന് അവമതിപ്പുണ്ടാക്കിയ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനുമെതിരേ നടപടി ശിപാർശ ചെയ്തുകൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി.
രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർക്കുമെതിരേ എന്ത് അച്ചടക്ക നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും. ചീഫ് സെക്രട്ടറിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിക്കു മാത്രമാണ് കഴിയുക.
ഐഎഎസ് ഉദ്യോഗസ്ഥരായ എൻ. പ്രശാന്തിന്റെയും കെ. ഗോപാലകൃഷ്ണന്റെയും നടപടി സർക്കാരിന് നാണക്കേടിനും പേരുദോഷത്തിനും ഇടയാക്കിയെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.
അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ രണ്ടാം ദിനവും പരസ്യമായി വിമർശിച്ച പ്രശാന്തിന്റെ നടപടി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. ഫേസ് ബുക്ക് പോസ്റ്റ് വഴി ആദ്യ ദിനത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെ കടുത്ത ഭാഷയിൽ വിമർശിച്ച പ്രശാന്ത്, രണ്ടാം ദിനവും വിമർശനം തുടർന്നതാണ് സർക്കാരിനെ ചൊടിപ്പിച്ചത്.
മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേ സമൂഹമാധ്യമത്തിൽ മോശമായ പരാമർശം നടത്തിയതും അഡീഷണൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ വെളിപ്പെടുത്തലും കൂടിയായതോടെയാണ് പ്രശാന്തിനെതിരേ നടപടി ശിപാർശ ചെയ്തത്. തുടർന്നാണ് ചീഫ് സെക്രട്ടറി സ്വമേധയാ റിപ്പോർട്ട് നൽകിയത്.
മത അടിസ്ഥാനത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ നടപടി സിവിൽ സർവീസിന് തന്നെ അവമതിപ്പ് ഉണ്ടാക്കിയെന്നാണു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഇതു സംബന്ധിച്ച് ഗോപാലകൃഷ്ണൻ നേരിട്ടെത്തി നൽകിയ വിശദീകരണം തൃപ്തികരമല്ല.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പോലീസിന്റെ കണ്ടെത്തലുകൾക്കു ശേഷവും ചീഫ് സെക്രട്ടറിക്കു വിശദീകരണം നൽകാനെത്തിയ ഗോപാലകൃഷ്ണൻ വീണ്ടും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. തന്റെ ഫോണ് ഹാക്ക് ചെയ്താണ് മത അടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാതി. അന്വേഷണത്തിൽ ഗോപാലകൃഷ്ണന്റെ ഫോണ് ഹാക്ക് ചെയ്യപ്പെട്ടില്ലെന്നു കണ്ടെത്തി.
സർക്കാരിന് അവമതിപ്പ് ഉണ്ടാക്കിയ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിക്കാണു കഴിയുക. സസ്പെൻഡ് ചെയ്യുക, താക്കീത് ചെയ്യുക, വിളിച്ചു വരുത്തി ശാസിക്കുക, സ്ഥാനക്കയറ്റവും ഗ്രേഡും തടഞ്ഞുവയ്ക്കുക തുടങ്ങിയ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിക്കു കഴിയും.
പ്രശാന്തിനെതിരേ ഗുരുതര ആരോപണവുമായി മേഴ്സിക്കുട്ടിയമ്മ
കൊല്ലം: സർവീസ് ചട്ടങ്ങളും സാമാന്യമര്യാദകളും ലംഘിച്ച് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണ് എൻ. പ്രശാന്ത് ഐഎഎസ് എന്ന് മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.
രാഷ്ട്രീയ ഗൂഢാലോചനയുടെ കാര്യത്തിലും പ്രശാന്തിന്റെ റോൾ 2021 ഫെബ്രുവരിയിൽ കണ്ടതാണ്. 5000 കോടിയുടെ ആഴക്കടൽ ട്രോളറുകൾക്ക് ഫിഷറീസ് വകുപ്പ് അനുമതി നൽകിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം താൻ നിഷേധിച്ചപ്പോൾ രമേശ് ചെന്നിത്തല അടുത്ത ദിവസം ഒരു അമേരിക്കൻ മലയാളിയുമായി 5000 കോടിയുടെ എംഒയു ഒപ്പുവച്ചതിന്റെ രേഖ പുറത്തുവിട്ടിരുന്നു. ആരോപണം ഫിഷറീസ് വകുപ്പ് എംഒയുവിൽ ഒപ്പുവച്ചു എന്നായിരുന്നു.
എന്നാൽ, എംഒയു ഒപ്പു വച്ചിരിക്കുന്നത് ഇൻലാൻ ഡ് നാവിഗേഷന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന പ്രശാന്തുമായിട്ടായിരുന്നു. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന പ്രശാന്ത് അദ്ദേഹവുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് "ആഴക്കടൽ'വിൽപ്പന എന്ന "തിരക്കഥ’യെന്നും മുൻ മന്ത്രി പറഞ്ഞു.