പാലക്കാട്ട് പാതിരാ റെയ്ഡ് വിവാദം കൊഴുക്കുന്നു
Thursday, November 7, 2024 2:02 AM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പിനു ചൂടു കൂട്ടി പാലക്കാട്ട് പാതിരാ റെയ്ഡ് വിവാദം. കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ പോലീസിന്റെ കള്ളപ്പണറെയ്ഡും സിപിഎം-ബിജെപി ആരോപണങ്ങളും മറ്റു വാദപ്രതിവാദങ്ങളുമാണു തെരഞ്ഞെടുപ്പുരംഗം കൊഴുപ്പിക്കുന്നത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണു വിവാദത്തിനും നേരിയ തോതിലുള്ള സംഘർഷത്തിനും തുടക്കം.
തെരഞ്ഞെടുപ്പിനു കള്ളപ്പണം എത്തിച്ചെന്നാരോപിച്ച് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിലും മുറികളിലുമാണു പോലീസ് റെയ്ഡ് നടത്തിയത്. പാലക്കാട് പ്രസ്ക്ലബ്ബിനു സമീപം കെപിഎം റീജൻസി എന്ന ഹോട്ടലിലായിരുന്നു പരിശോധന. വി.കെ. ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയ നേതാക്കൾ ഹോട്ടലിലുണ്ടായിരുന്നപ്പോഴാണ് മൂന്നു നിലകളിലായി പോലീസ് പരിശോധന നടത്തിയത്.
വനിതാ പോലീസ് ഇല്ലാതെ പരിശോധനനടത്താനാകില്ലെന്നു വനിതാ നേതാക്കൾ നിലപാടെടുത്തതോടെ മടങ്ങിപ്പോയ പോലീസ് അരമണിക്കൂറിനുശേഷം വനിതാ പോലീസുകാരുമായി മടങ്ങിയെത്തി പരിശോധന നടത്തി. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.
അതേസമയം, കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കളും പ്രവർത്തകരും ഹോട്ടൽ പരിസരത്തു സംഘടിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി. മാധ്യമപ്രവർത്തകർക്കു നേരെയും കൈയേറ്റശ്രമമുണ്ടായി. എൽഡിഎഫിലെ എ.എ. റഹീം എംപിയും മറ്റും പരിശോന നടത്തണമെന്നാവശ്യപ്പെട്ട് പോലീസിനോടു തർക്കിച്ചു.
ബിജെപി നേതാക്കളായ വി.വി. രാജേഷ്, സി.ആർ. പ്രഫുൽകൃഷ്ണ, പ്രശാന്ത് ശിവൻ, സ്ഥാനാർഥി സി. കൃഷ്ണകുമാർ തുടങ്ങിയവരും പരിശോധന വേണമെന്നാവശ്യപ്പെട്ടു ബഹളംവച്ചു. ഹോട്ടലിൽ താമസിക്കുന്ന സിപിഎം നേതാക്കളുടെ മുറികളിലും പരിശോധന വേണമെന്നു കോൺഗ്രസ് നേതാക്കളും ആവശ്യപ്പെട്ടു.
അതേസമയം, ഹോട്ടലിൽ നടന്നതു തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവുപരിശോധനയാണെന്ന് എസിപി അശ്വതി ജിജി പിന്നീടു മാധ്യമങ്ങളോടുപറഞ്ഞു. ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും പരിശോധനയിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എസിപി വ്യക്തമാക്കി.
ആരുടെയും പരാതിയുടെ അടിസ്ഥാനത്തിലല്ല പരിശോധന നടന്നതെന്നും സാധാരണ നടക്കുന്ന പതിവ് പരിശോധനയാണിതെന്നും അവർ പറഞ്ഞു. ഈ ഹോട്ടലിൽ മാത്രമല്ല, നഗരത്തിലെ പല ഹോട്ടലുകളിലും കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി റെയ്ഡ് നടത്തിയ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ പോലീസ് ഇന്നലെ വീണ്ടും പരിശോധന നടത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു. ഇതിനിടെ, പോലീസ് പിടിച്ചെടുത്ത സിസി ടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.