SUNDAY DEEPIKA
എസ്. മഞ്ജുളാ ദേവി
ഭരണപരമായ വലിയചുമതലകൾക്കൊപ്പംസർഗാത്മകതയുടെ ആർദ്രലോകം സ്വന്തമാക്കിയയാൾ... കവിത-ഗാനരചന, ചിത്രമെഴുത്ത്,പ്രഭാഷണങ്ങൾ... ഭരണാധിപന്മാർഒരുപോലെ വിശ്വസിച്ച, ആസ്വാദകർഒന്നടങ്കം സ്വീകരിച്ച വ്യക്തിത്വം-കെ. ജയകുമാർ ഐഎഎസ്.സർവീസ്, കലാജീവിതങ്ങളെക്കുറിച്ച് അദ്ദേഹവുമായി നടത്തിയദീർഘസംഭാഷണത്തിന്റെആദ്യഭാഗം...
ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണകാലത്ത് നടന്ന ഒരു കാബിനറ്റ് ബ്രീഫിംഗ് - മന്ത്രിസഭാ തീരുമാനങ്ങൾ മാധ്യമപ്രവർത്തകരെ അറിയിക്കുകയാണ് മുഖ്യമന്ത്രി. സർക്കാരിന്റെ ഒരു പ്രധാന വകുപ്പിലെ സെക്രട്ടറി അടിയന്തരമായി അവധിയിൽ പ്രവേശിച്ചു. ബന്ധപ്പെട്ട വകുപ്പിലെ അധിക ചുമതലകൂടി... എന്ന് മുഖ്യമന്ത്രി പറഞ്ഞുതുടങ്ങുന്നു. ചുറ്റുമിരുന്ന മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിക്കു മുന്‍പേ പറയുന്നു- കെ. ജയകുമാറിന് നൽകുന്നു! മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മാധ്യമപ്രവർത്തകരും ഒന്നിച്ചു ചിരിച്ച സംഭവമാണിത്.
ഏതു വകുപ്പിലെ സെക്രട്ടറി അവധിയെടുത്താലും, വിരമിച്ചാലും ആ വകുപ്പിന്റെ താൽക്കാലിക ചുമതലകൂടി കെ. ജയകുമാർ ഐഎഎസിന് നൽകുന്ന പതിവ് കേരളത്തിന്റെ ഭരണലോകത്ത് നിലനിന്നിരുന്ന ഒരു കാലയളവുണ്ടായിരുന്നു! എത്ര ജോലിഭാരവും ചുമലിലേറ്റുവാനുള്ള കെ. ജയകുമാറിന്റെ കഴിവു മാത്രമല്ല ഭരണാധിപന്മാർക്ക് ഈ ഐഎഎസ് ഉദ്യോഗസ്ഥനിലുള്ള വിശ്വാസംകൂടിയാണ് ഇതിലൂടെ വ്യക്തമായിരുന്നത്.
ഭരണപരമായ വലിയ ചുമതലകൾക്കൊപ്പം കെ. ജയകുമാറിന് സർഗാത്മകതയുടെ ഒരു അനന്തലോകവും സ്വന്തമായിരുന്നു. കവിതയുടെ, ഗാനങ്ങളുടെ, ചിത്രരചനയുടെ ഒരു ആർദ്രലോകം.
ഹിറ്റ് സിനിമകളുടെ ശില്പിയായ അച്ഛൻ എം. കൃഷ്ണൻ നായർ തുറന്നിട്ട സിനിമാ പ്രപഞ്ചം ബാല്യം മുതൽക്കുതന്നെ ജയകുമാറിന് ഒപ്പമുണ്ടായിരുന്നു. സംഗീതത്തിന്റെ മാസ്മരികതയും. പിന്നീട് ഒരു വലിയ വിജ്ഞാനലോകം സ്വയം കീഴടക്കി. ജീവിതത്തിന്റെ സമസ്തതയും ആശ്ലേഷിക്കുന്ന ഒരു മികച്ച പ്രഭാഷകൻ കൂടിയാണ് കെ. ജയകുമാർ. 2024ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യപുരസ്കാരം കെ. ജയകുമാറിന്റെ "പിംഗളകേശിനി' എന്ന കാവ്യസമാഹാരത്തിനാണ് ലഭിച്ചത്. കവിതാസമാഹാരങ്ങൾ, ജീവചരിത്രം, വിവർത്തനങ്ങൾ എന്നിവയുൾപ്പെടെ നാല്പത്തിയേഴ് കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇപ്പോൾ ഐഎംജിയുടെ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ്) ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന കെ. ജയകുമാർ ഇന്നും എഴുത്തിന്റെ ലോകത്തും ഭരണലോകത്തും ഒരുപോലെ സജീവമാണ്. കഴിഞ്ഞ ആറിന് 73-ാം ജന്മദിനം ആഘോഷിച്ച കെ. ജയകുമാർ സംസാരിക്കുന്നു.
ആരോപണങ്ങളുടെ കറപുരളാതെയുള്ള ഒൗദ്യോഗിക ജീവിതം, ഭരണാധികാരികളിൽനിന്നും ജനങ്ങളിൽനിന്നും ഒരുപോലെ ലഭിച്ച സ്വീകാര്യത- ഇതെല്ലാം കെ. ജയകുമാർ എന്ന വ്യക്തിയുടെ വ്യക്തിത്വത്തിന്റെ ഭാഗം തന്നെയാണ്. എങ്കിലും ബോധപൂർവമായ ഒരു പരിശ്രമം ഇതിനു പിന്നിലുണ്ടോ?
സോഷ്യൽ മീഡിയയിലെ താരമല്ല ഞാൻ. ലൈക്കുകളിലൂടെ പ്രശസ്തനാകാം എന്നൊന്നും വ്യാമോഹമില്ല. ജീവിതത്തിലെ ഏതൊക്കെയോ ഘട്ടങ്ങളിൽ പ്രശ്നങ്ങളിലേക്ക് ഒരുദ്യോഗസ്ഥനെ നയിക്കാൻ സാധ്യതയുള്ള ചില സ്വഭാവങ്ങളിൽനിന്ന് പിന്മാറാൻ ബോധപൂർവമായ തീരുമാനമെടുത്തിട്ടുണ്ട്. അത് ഇമേജ് ബിൽഡിംഗിനല്ല, വിശ്വാസങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കാനുള്ള പ്രലോഭനങ്ങളിലും പ്രേരണകളിലും ചെന്നുചാടാതിരിക്കാനാണ്.
അങ്ങനെ മദ്യപാനം, പാർട്ടികൾ, ധാരാളിത്തം, അമിതമായ ആഗ്രഹങ്ങൾ, ആവശ്യമില്ലാത്ത ചങ്ങാത്തങ്ങൾ എന്നിവയുടെ മേലൊക്കെ സ്വയം കർശന വിലക്കുകൾ ഏർപ്പെടുത്തി. ജീവിതശൈലി ലളിതവും ശുദ്ധവുമാക്കി, അത് സ്വജീവിതം വിമലീകരിക്കാനാണ്. പ്രതിച്ഛായ നന്നാക്കാനല്ല. ഛായ നന്നായാൽ പ്രതിച്ഛായ താനേ നന്നാവും.
<b> പൊതുവിദ്യാഭ്യാസ സെക്രട്ടറി ആയിരിക്കേ ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് തയാറാക്കിയ പ്ലസ്ടു സ്കൂളുകളുടെ അന്തിമ പട്ടിക അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ ഒപ്പിട്ട സംഭവം താങ്കൾതന്നെ പറയാറുണ്ട്. ഡൽഹിയിലേക്ക് പുറപ്പെടുംമുന്‍പ് വിമാനത്താവളത്തിൽവച്ച് മുഖ്യമന്ത്രി ഫയൽ ഒപ്പിട്ടത് മറിച്ചുപോലും നോക്കാതെയാണ്. കെ. ജയകുമാർ എന്ന ഉദ്യോഗസ്ഥനിലുള്ള ഉറച്ച വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ് മുഖ്യമന്ത്രി അതിനു തയാറായത്. ഇത്തരം വിശ്വാസം ആർജിക്കലിനു പിന്നിലും പരിശ്രമത്തിന്റെ ഒരംശം ആവശ്യമാണോ?</b>
ഒൗദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ മൂല്യം ഇന്റഗ്രിറ്റി ആണെന്ന് ഞാൻ വിശ്വസിക്കുന്നു. വിചാരവും വാക്കും വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ് ഇന്റഗ്രിറ്റി (സത്യസന്ധത എന്നു പറഞ്ഞാൽ ഈ അർഥവൈപുല്യം വെളിവാകുന്നില്ല.) ഈ പൊരുത്തമുണ്ടെങ്കിൽ അത് കൃത്യമായി രാഷ്ട്രീയനേതൃത്വം മനസിലാക്കും.
നാട്യങ്ങൾകൊണ്ട് ആരെയും കബളിപ്പിക്കാൻ കഴിയില്ല. പിആർ ഏജൻസികൾക്കുമാവില്ല സഹായിക്കാൻ. മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും സമൂഹത്തിന്റെയും വിശ്വാസം ഇന്റഗ്രിറ്റി കൊണ്ടേ നേടാനാവൂ. പെട്ടെന്നൊരു ദിവസംകൊണ്ടോ അതിനായുള്ള അധ്വാനംകൊണ്ടോ നേടാനാവുന്നതല്ല അത്.
ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിലായ നിരപരാധിയായ യുവാവിന് വിവാഹത്തിനായി പരോൾ അനുവദിച്ചതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കാൻ സാധിച്ചത് ഒൗദ്യോഗിക ജീവിതത്തിലെ നാഴികക്കല്ലുകളാണ്. തിരിഞ്ഞുനോക്കുന്പോൾ അതിൽ വലിയൊരു സാഹസികത അനുഭവപ്പെടാറുണ്ടോ?
ഒൗദ്യോഗിക ജീവിതത്തിലെ തീരുമാനങ്ങളിൽ മനുഷ്യത്വപൂർണമായ സമീപനമാണ് എന്റെ വഴി.
അത് നിയമംവിട്ട വഴിയല്ല. നിയമങ്ങളെയും ചട്ടങ്ങളെയും ജനോപകാരപ്രദമായി വ്യാഖ്യാനിക്കുന്നതും സാധാരണ മനുഷ്യർക്കു മുന്നിൽ ആരോ തീർത്ത തടസങ്ങൾ ഒഴിവാക്കി ലക്ഷ്യത്തിലെത്തിക്കുന്നതുമാണ് എന്റെ കർമം എന്ന തിരിച്ചറിവ് എന്നെ വലിയ അപകടത്തിലൊന്നും ഇതുവരെ കൊണ്ടുചെന്നെത്തിച്ചില്ല. ചില്ലറ അലോസരങ്ങളൊക്കെ ഉണ്ടാകും. ബ്യൂറോക്രസിയുടെ ശിലാമുഖം കാണിക്കാനല്ല, മനുഷ്യമുഖം കാണിക്കാനാണ് ഞാൻ ഈ സർവീസിൽ പ്രവേശിച്ചതെന്ന് സ്വയം ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കണം.
ചലച്ചിത്ര നടനാണെന്ന സാക്ഷ്യപത്രമില്ലാത്തതിന്റെ പേരിൽ അനുഗൃഹീത നടൻ ബഹദൂറിന് സഹായധനം നിരസിക്കാനുള്ള സാധ്യത നിലനിന്ന കാലത്ത് അദ്ദേഹത്തിനുവേണ്ടി സ്വന്തമായി സാക്ഷ്യപത്രം എഴുതി നല്‍കിയിട്ടുണ്ട് താങ്കൾ. നിയമങ്ങൾ മനുഷ്യനുവേണ്ടിയാണ് എന്ന വിശാലമായ കാഴ്ചപ്പാടിലേക്ക് ഉദ്യോഗസ്ഥസമൂഹത്തെ എത്തിക്കേണ്ടതും താങ്കളെപ്പോലുള്ളവരുടെ കർത്തവ്യമല്ലേ?
ബഹദൂറിനുവേണ്ടി ഞാൻതന്നെ സാക്ഷ്യപത്രം എഴുതിയതിൽ നിയമലംഘനമില്ല. കാരണം സത്യമേ സാക്ഷ്യപ്പെടുത്തിയുള്ളൂ. ചട്ടങ്ങളുടെ അന്തഃസത്തയിലേക്കു പോകണം, അവയെ ലംഘിക്കരുത്, വ്യാഖ്യാനിക്കാം. ഇന്ന് ഭരണനിർവഹണത്തിൽ വലിയ മാറ്റങ്ങൾ നടക്കുകയാണ്. ഇനിയും മാറാത്ത, അവശ്യം മാറേണ്ട ഇന്നലെയുടെ കുറേ മനോഭാവങ്ങളുണ്ട്.
അവകൂടി മാറണം. ആശാൻ പറഞ്ഞതുപോലെ ചട്ടങ്ങൾ മാറ്റിയില്ലെങ്കിൽ അവ നിങ്ങളെ മാറ്റും എന്നതിൽ പ്രവചനാത്മകതയുണ്ട്. നിർമിതബുദ്ധി വ്യാപകമായിക്കഴിയുന്പോൾ ബ്യൂറോക്രസി ശീലിച്ച താമസിപ്പിക്കൽ തന്ത്രങ്ങളൊക്കെ തകരും. ഇപ്പോൾ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുന്ന തീരുമാനങ്ങൾ മണിക്കൂറിനകം സാധ്യമാകും. അഴിമതി അസാധ്യമായിത്തീരും. ജനങ്ങൾ പെട്ടെന്ന് തീരുമാനം ആവശ്യപ്പെടും.
(ശേഷം അടുത്ത ലക്കത്തിൽ)
SUNDAY DEEPIKA
ഷാജൻ സി. മാത്യു
നൊബേല്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുന്ന കാലമാണിത്. ഭരണകൂട സമ്മര്‍ദങ്ങളില്‍ ശ്വാസംമുട്ടി സോവിയറ്റ് യൂണിയനില്‍ ഒരാള്‍ക്കു നൊബേല്‍ സമ്മാനം നിരസിക്കേണ്ടിവന്നു. തുടര്‍ന്ന് ഇന്ത്യയിലും ചിലതു സംഭവിച്ചു!...
1946 മുതല്‍ ഓരോ ഒക്ടോബറിലും ലോകം പറഞ്ഞുകൊണ്ടിരുന്നു, അക്കൊല്ലത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം അദ്ദേഹത്തിനായിരിക്കുമെന്ന്. എഴുത്തുകാരനും ആ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നു.
നീണ്ട 12 വര്‍ഷത്തിനുശേഷം 1958ലാണ് സമ്മാനം അദ്ദേഹത്തെ തേടിയെത്തിയത്. വിവരമറിഞ്ഞതിന്റെ പിറ്റേന്ന് ഒക്ടോബര്‍ 23ന് അദ്ദേഹം നൊബേല്‍ സമ്മാനം നല്കുന്ന സ്വീഡിഷ് അക്കാദമി സെക്രട്ടറി ആന്ദ്രേ ഇസ്റ്റര്ലിങ്ങിന് നന്ദിയും സന്തോഷവും അറിയിച്ചു ടെലിഗ്രാം ചെയ്തു.
പക്ഷേ, കൃത്യം ഏഴു ദിവസത്തിനപ്പുറം 30-ാം തീയതി ഇസ്റ്റര്ലിങ്ങിന് മറ്റൊരു സന്ദേശം ലഭിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. "സമ്മാനം ഞാന്‍ നിരസിക്കുന്നു. ഇതിന്റെ പേരില്‍ അപ്രീതി തോന്നരുത് ’എന്ന്, ബോറിസ് പാസ്റ്റര്‍നാക്
സ്റ്റോക്ഹോമില്നിന്നുള്ള ഈ സമ്മാനം നിലപാടുകളുടെ പേരില്‍ വേണ്ടെന്നുവച്ചിട്ടുള്ള പലരുണ്ട്. പക്ഷേ, നെഞ്ചുപൊട്ടുന്ന വേദനയോടെ അതു നിരസിക്കേണ്ടിവന്ന ചരിത്രത്തിലെ ഏകവ്യക്തിയാണ് ബോറിസ് പാസ്റ്റര്‍നാക് എന്ന റഷ്യന്‍ എഴുത്തുകാരന്! ആ ദിവസങ്ങളില്‍ ആത്മഹത്യയുടെ വക്കോളം കവി എത്തിയിരുന്നുവെന്നു സഹയാത്രികയായ ഓള്‍ഗ ഇവിന്സ്റ്റിയ രേഖപ്പെടുത്തിയിട്ടുണ്ട്.
അന്നു കടന്നുപോയ അവസ്ഥയെപ്പറ്റി പിന്നീട് അദ്ദേഹം "നൊബേല്‍ സമ്മാനം’ എന്ന കവിതയില്‍ ഇങ്ങനെ എഴുതി:
"വീണുപോയ ജന്തുവിനെപ്പോലെ
കൂട്ടിലായി.
സ്വാതന്ത്ര്യവും മനുഷ്യരും
പ്രകാശവും എവിടെയോ...
വേട്ടയാടലിന്റെ മുരള്‍ച്ച
പിന്തുടരുന്നെന്നെ.
വഴിയൊന്നുമില്ല എനിക്കു പോകാനായി’
ലോകത്തെ ആദം കണ്ടതുപോലെ!
തങ്ങളുടെ പൗരനു ലോകോത്തര സാഹിത്യപുരസ്കാരം ലഭിക്കുമ്പോള്‍ ആ രാജ്യം മുഴുവന്‍ ആഹ്ലാദിക്കേണ്ടതാണ്. എന്നാൽ റഷ്യയിലെ സാമൂഹിക ശക്തികള്‍ ഒറ്റക്കെട്ടായി പാസ്റ്റര്നാക്കിനെതിരേ അണിനിരന്നതാണ് ഒക്ടോബര്‍ 23 മുതലുള്ള ഏഴു ദിവസം കണ്ടത്. രാജ്യദ്രോഹിയെന്ന് ആരോപിതനായ അദ്ദേഹം പക്ഷേ, തികഞ്ഞ രാജ്യസ്നേഹിയായിരുന്നു. സൈനിക സേവനത്തിനു തയാറായെങ്കിലും അപകടത്തില്‍ കാലിനേറ്റ വൈകല്യം മൂലം അവസരം നിഷേധിക്കപ്പെട്ടു.
റഷ്യന്‍ വിപ്ലവാനന്തരമുണ്ടായ കമ്യൂണിസ്റ്റ് ക്രമങ്ങളോടു കലഹിച്ച് ഒട്ടേറെ എഴുത്തുകാര്‍ രാജ്യം വിട്ടുപോയിരുന്നു. വിഖ്യാതരായ വ്ലാദിമിര്‍ നബക്കോവും ഇവാന് ബുണിനുംവരെ അതില്‍പ്പെടുന്നു. എന്നിട്ടും പാസ്റ്റര്‍നാക് രാജ്യത്തു തുടര്‍ന്നു. സ്വന്തം മാതാപിതാക്കള്‍ പലായനം ചെയ്ത ഘട്ടത്തിലും അദ്ദേഹത്തിന്റെ മറുപടി "ഞാന്‍ ഈ രാജ്യം ഉപേക്ഷിക്കില്ല’ എന്നായിരുന്നു.
പക്ഷേ, സോവിയറ്റ് രാഷ്ട്രത്തലവന് ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തിലുണ്ടായ ബൗദ്ധിക അടിച്ചമര്‍ത്തലുകള്‍ക്കു വിധേയനാകാന്‍ പാസ്റ്റര്നാക്് തയാറായില്ല. റഷ്യന്‍ വിപ്ലവത്തിന്റെ കാലത്ത് എഴുതിയ കവിതകളില്പ്പോലും വിപ്ലവം മുഖ്യ ആശയമായിരുന്നില്ല. പാസ്റ്റര്‍നാക്കിനെ "റഷ്യന്‍ സാഹിത്യത്തിന്റെ ഭാവി’ എന്ന വിശേഷണത്തിന് അര്‍ഹനാക്കിയ "മൈ സിസ്റ്റര്‍ മൈ ലൈഫ്’ എന്ന സമാഹാരത്തിലെ കവിതകളെല്ലാം മാനവികതയിലൂന്നുന്നു.
ബൈബിളിലെ ആദ്യമനുഷ്യനായ ആദം എങ്ങനെയാണോ ലോകത്തെ കണ്ടത് അതുപോലെയാണ് പാസ്റ്റര്‍നാക് ജീവിതത്തെ കണ്ടത് എന്നൊരു രസകരമായ വിലയിരുത്തല്‍ അക്കാലത്ത് ഉണ്ടായിട്ടുണ്ട്. അത്രമേല്‍ നൈസര്ഗികമായാണ് അദ്ദേഹം കവിതയില്‍ ജീവിതം ആവിഷ്കരിച്ചത്.സര്‍ക്കാര്‍ സ്പോണ്‍സേഡ് ആശയമായ സോഷ്യലിസ്റ്റ് റിയലിസത്തിനൊപ്പം നില്‍ക്കാനോ കമ്യൂണിസ്റ്റ് ആശയപ്രചരണത്തിനു സാഹിത്യം ഉപയോഗിക്കാനോ തയാറായില്ല.
എന്നാല്‍, കമ്യൂണിസ്റ്റ് ഭരണകൂടവുമായി പ്രത്യക്ഷമായി സമരത്തിനോ എതിര്‍പ്പിനോ മുന്നിട്ടിറങ്ങിയുമില്ല. സമ്മര്‍ദം ശക്തമായ നാളുകളില്‍ മൗലിക രചന കുറച്ച് ലോകസാഹിത്യം റഷ്യനിലേക്കു വിവര്‍ത്തനം ചെയ്യുന്നതിലേക്ക് ശ്രദ്ധതിരിച്ചു. അങ്ങനെയാണ് പാസ്റ്റര്‍നാക് ടാഗോറിനെ കണ്ടെത്തുന്നത്.
ലസ്റ്റാലിനിസത്തിനു വഴങ്ങാതെ
ഈ മഹാനായ എഴുത്തുകാരന് ഭരണകൂടത്തിന് അനുകൂലമായ ഒരു ഗ്രന്ഥമെഴുതുമെന്ന് സ്റ്റാലിനും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രതീക്ഷിച്ചു. പക്ഷേ, അങ്ങനൊന്ന് പിറന്നില്ല.
മാത്രമല്ല, ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്ന അന്ന അഖ്മത്തോവ, മരീന സ്വതയേവ എന്നീ എഴുത്തുകാരുമായി അടുത്തു ബന്ധപ്പെടുകയും ചെയ്തു. "എന്തു നേടുന്നു എന്നതിനേക്കാള്‍ എന്തു നഷ്ടപ്പെടുന്നു എന്നതിലാണ് ജീവിതമൂല്യ’മെന്ന് അക്കാലത്ത് അദ്ദേഹമെഴുതി.
അത്തരമൊരു നാളിലാണ് സ്റ്റാലിനെ പ്രകോപിപ്പിക്കുന്ന ഒരു കവിത പാസ്റ്റര്‍നാക്കിന്റെ സുഹൃത്തായ മന്ഡെല് സ്റ്റാം എഴുതിയത്. സ്റ്റാലിന്റെ ഫോണ്‍ കോള്‍ എത്തിയത് പാസ്റ്റര്നാക്കിനാണ്. സാധിക്കുമെങ്കില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ സ്റ്റാലിന് അദ്ദേഹത്തെ വെല്ലുവിളിച്ചു.
തനിക്കു നേരിട്ടുകണ്ടു സംസാരിക്കണമെന്നു പാസ്റ്റര്‍നാക് ആവശ്യപ്പെട്ടു. സ്റ്റാലിന് മുഖംകൊടുത്തില്ല. മന്ഡെല് സ്റ്റാമിനെ ജയിലിലടച്ചു. ജയില്‍മോചിതനായ മന്ഡെല് സ്റ്റാമിനെ വീണ്ടും അറസ്റ്റ് ചെയ്തു. പിന്നീട് അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. "താരതമ്യങ്ങളില്ലാത്ത ഒറ്റപ്പെടലിലേക്ക് പാസ്റ്റര്‍നാക് ആ നാളുകളില്‍ വീണുപോയി’ എന്ന് അദ്ദേഹത്തിന്റെ കൂട്ടുകാരി രേഖപ്പെടുത്തുന്നു.
ലഡോക്ടര് ഷിവാഗോ
കവിയായിരുന്ന അദ്ദേഹം 1946ല്‍ ഡോക്ടര്‍ ഷിവാഗോ എന്ന നോവല്‍ എഴുതാന്‍ ആരംഭിച്ചു. 1903 മുതല്‍ 1929 വരെയുള്ള റഷ്യന്‍ സാമൂഹിക ജീവിതമായിരുന്നു ഇതിവൃത്തം.
അതോടെ അദ്ദേഹവും സുഹൃത്തുക്കളും രഹസ്യപ്പോലീസിന്റെ നിരീക്ഷണത്തിലായി. നോവലിന്റെ വിശദാംശങ്ങള്‍ അറിയാനായി എഴുത്തുകാരന്റെ ചങ്ങാതിമാരെ ക്രൂരമായിത്തന്നെ പോലീസ് ചോദ്യം ചെയ്തു. കൂട്ടുകാരി ഓള്‍ഗയ്ക്കു പോലീസ് പീഡനത്തിന്റെ സമ്മര്‍ദത്തില്‍ ഗര്‍ഭം അലസിപ്പോയി.
എഴുതിത്തീര്‍ന്നപ്പോള്‍ "എന്റേതെന്നു പൂര്‍ണമായി വിശേഷിപ്പിക്കാവുന്ന കൃതി’ എന്ന് ഡോക്ടര്‍ ഷിവാഗോയെ പാസ്റ്റര്‍നാക് വിശേഷിപ്പിച്ചു.സോവിയറ്റ് റൈറ്റേഴ്സ് യൂണിയന്റെ മുഖപത്രവും രാജ്യത്തെ ഏറ്റവും പ്രചാരമുള്ള മാസികയുമായ "നോവി മീറി’ലേക്ക് കൃതി അയച്ചുകൊടുത്തു.
1956 സെപ്റ്റംബറില്‍, ഇതിവൃത്തത്തിലെ രാജ്യവിരുദ്ധത ചൂണ്ടിക്കാട്ടി മാസികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് നോവല്‍ തിരസ്കരിച്ചു. തൊട്ടടുത്തവര്‍ഷം ഇറ്റലിയിലെ ഫല്ട്രിനെല്ലി എന്ന പ്രസാധകന് തന്റെ കൈയില്‍ രഹസ്യമായി ആരോ എത്തിച്ച ഡോക്ടര്‍ ഷിവാഗോ എന്ന നോവല്‍ ഇറ്റാലിയന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചു. ആറു മാസം കൊണ്ട് 11 പതിപ്പിറങ്ങി.
ഹിന്ദിയിലടക്കം ഒട്ടേറെ ലോകഭാഷകളിലേക്ക് ഇതു തര്‍ജമ ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് 1958ല്‍ പാസ്റ്റര്‍നാക്കിനെ തേടി നൊബേല്‍ സമ്മാനം എത്തുന്നത്.കലിപൂണ്ട സോവിയറ്റ് ഭരണകൂടം നൊബേല്‍ ജേതാവിനെ നേരിട്ടു വേട്ടയാടാന്‍ ആരംഭിച്ചു. സോവിയറ്റ് യൂണിയന്റെ ഔദ്യോഗിക പത്രമായ പ്രവ്ദ ഓരോ ദിവസവും അദ്ദേഹത്തെ നിന്ദിച്ചു ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.
രാജ്യദ്രോഹി, കള, വഞ്ചകന് എന്നിങ്ങനെയെല്ലാം ആ പത്രം എഴുത്തുകാരനെ വിശേഷിപ്പിച്ചു. നൊബേല്‍ സമ്മാനം നിരസിക്കണമെന്ന് പത്രം ആവശ്യപ്പെട്ടു. പില്ക്കാലത്ത് കെജിബി തലവനായി മാറിയ വ്ലാദിമിര്‍ സെമിചാസ്ത് പാസ്റ്റര്‍നാക്കിനെ പന്നി എന്നു വിളിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവസംഘമായ കംസമോള് അദ്ദേഹത്തെ നാടുകടത്തണമെന്നു പ്രമേയം പാസാക്കി.
സങ്കല്പിക്കാവുന്നതിലും താങ്ങാനാവുന്നതിലും വലുതായിരുന്നു എതിര്‍പ്പ്. ഒടുവില്‍ അദ്ദേഹം അന്നത്തെ രാഷ്ട്രത്തലവന് ക്രൂഷ്ചേവിന് എഴുതി. "രാജ്യത്തുനിന്നു പോകുന്നത് എനിക്കു മരണതുല്യമാണ്. നൊബേല്‍ സമ്മാനം നിരസിച്ചുകൊണ്ട് ഞാന്‍ സ്വീഡിഷ് അക്കാദമിക്ക് സന്ദേശം അയച്ചിട്ടുണ്ട്. അതിനാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കരുത്.’
ഭരണകൂടം ആഗ്രഹിച്ചതുതന്നെ സംഭവിച്ചു. ആ കത്തിന്റെ പൂര്‍ണരൂപം പിറ്റേന്ന് പ്രവ്ദ പത്രം പ്രസിദ്ധീകരിച്ചു.വിദ്വേഷത്തിരകള് ആഴത്തില്‍ ദംശിച്ച ആ ജീവിതനൗക ഏറെ മുന്നോട്ടു പോയില്ല. 1960 മേയ് 30ന് അദ്ദേഹം കടന്നുപോയി. ജൂതനായിരുന്നെങ്കിലും ക്രിസ്ത്യന്‍ ആചാരപ്രകാരം സംസ്കരിക്കണമെന്നെ് അദ്ദേഹം എഴുതിയിരുന്നു.
സോവിയറ്റ് യൂണിയന് കണ്ട ഏറ്റവും വലിയ സ്വതന്ത്ര എഴുത്തുകാരനെ യാത്രയാക്കാന്‍ ഭരണകൂട പ്രതിനിധികളാരും എത്താതിരുന്നത് അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കു നിദര്‍ശനമായി. എങ്കിലും കര്‍ഷകരുടെയും വിദ്യാര്‍ഥികളുടെയും വലിയൊരു കൂട്ടം അവിടുണ്ടായിരുന്നു.
ലഇന്ത്യയുടെ ഇടപെടല്‍
സോവിയറ്റ് യൂണിയന് മിത്രരാജ്യമായിരുന്നിട്ടും പാസ്റ്റര്‍നാക് വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വ്യത്യസ്തവും ധീരവുമായ നിലപാട് സ്വീകരിച്ചു. പാസ്റ്റര്‍നാക്കിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചു നെഹ്റു ക്രൂഷ്ചേവിനു കത്തെഴുതി.
"ചിന്തിക്കാനും അതു പ്രകടിപ്പിക്കാനുമുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ രാജ്യത്തിന്റെ താത്പര്യങ്ങള്‍ വിലങ്ങുതടിയാകരുത്’ എന്ന് അദ്ദേഹം കത്തില്‍ അഭിപ്രായപ്പെട്ടു.
ഏതാനും ദിവസങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ വിഷയത്തില്‍ സോവിയറ്റ് യൂണിയനെ നെഹ്റു ശക്തമായി വിമര്‍ശിച്ചത് ലോകശ്രദ്ധ നേടി. അദ്ദേഹം പറഞ്ഞു. "ഒരെഴുത്തുകാരന്റെ നിലപാട് രാജ്യത്തിന്റെ അഭിപ്രായത്തോട് ചേര്‍ന്നുപോകുന്നില്ലെങ്കിലും അതിനു ന്യായമായ ഇടം ആ രാജ്യം നല്‍കണം.
കവി എന്ന നിലയില്‍ പാസ്റ്റര്‍നാക് അദ്വിതീയനാണ്. ആ മഹാസാഹിത്യകാരനെ ഇന്ത്യ ബഹുമാനിക്കുന്നു. അതുകൊണ്ടുതന്നെ, നൊബേല്‍ സമ്മാനം കിട്ടിയതിനുശേഷം അദ്ദേഹത്തോടുള്ള സോവിയറ്റ് പത്രലോകത്തിന്റെ നിലപാട് ഇന്ത്യക്കു വേദനയുളവാക്കുന്നു.’സോവിയറ്റ് യൂണിയന് പുറത്താക്കിയാല്‍ പാസ്റ്റര്നാക്കിന് അഭയം നല്കാന് ഇന്ത്യ തയാറാണെന്നും നെഹ്റു പ്രഖ്യാപിച്ചു.
ഇതറിഞ്ഞ എഴുത്തുകാരന് നെഹ്റുവിനെ "ഇതിഹാസ പുരുഷന്’ എന്നു വിശേഷിപ്പിച്ചു. മറ്റൊരു മാര്ഗവുമില്ലാതെവന്നാല്, ഇന്ത്യയുടെ ആതിഥേയത്വം സ്വീകരിക്കാന്‍ അദ്ദേഹം തയാറായിരുന്നു. തന്നെ രാജ്യത്തുനിന്നു പുറത്താക്കാനാണു തീരുമാനമെങ്കില്‍ കുടുംബസമേതം വേണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നതായി ജീവചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്.
പാസ്റ്റര്നാക്കിനോടുള്ള ഐക്യപ്രഖ്യാപനം ഏകസന്ദര്ഭത്തില് മാത്രമായി നെഹ്റു പരിമിതപ്പെടുത്തിയില്ല. എഴുത്തുകാരന്റെ സപ്തതിക്ക് ഇന്ത്യയുടെ സമ്മാനമായി ക്ലോക്ക് അയച്ചുകൊടുത്തുകൊണ്ട് വിയോജിക്കാനുള്ള അവകാശത്തോടുള്ള ആദരവ് നെഹ്റു പ്രകടിപ്പിച്ചു. പാസ്റ്റര്‍നാക് പീഡിപ്പിക്കപ്പെടുന്നത് നെഹ്റുവിനെ വ്യക്തിപരമായും അലട്ടിയിരുന്നു.
അക്കാലത്ത് സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനുള്ള കത്തില്‍ നെഹ്റു ഈ വിഷയം പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തെ അനുകൂലിച്ചു ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയെന്നും എഴുതുന്നു. ഡോക്ടര്‍ ഷിവാഗോയുടെ കോപ്പി കിട്ടിയെങ്കിലും വായിക്കാന്‍ കഴിഞ്ഞില്ലെന്നും മകള്‍ ഇന്ദിര വായിച്ചുകൊണ്ടിരിക്കുകയാണെന്നും നെഹ്റു വിജയലക്ഷ്മിക്ക് എഴുതുന്നുണ്ട്.
നെഹ്റുവിന്റെ നിലപാടിനോട് ആഭിമുഖ്യം പുലര്‍ത്തി പാസ്റ്റര്‍നാക് വിഷയത്തില്‍ ഇന്ത്യയിലാകെ ചലനങ്ങളുണ്ടായി. ഈ സംഭവം ഇതിവൃത്തമാക്കി കൊല്‍ക്കത്തയില്‍നിന്ന് ഒരു പുസ്തകംതന്നെ ഇറങ്ങി. രാജ്യമാകെയുള്ള എഴുത്തുകാര്‍ പാസ്റ്റര്നാക്കിന് അനുകൂലമായി പ്രസ്താവനകളിറക്കി. കേരളത്തിലെ എഴുത്തുകാര്‍ യോഗംചേര്‍ന്ന് പാസ്റ്റര്‍നാക്കിനെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് പ്രമേയം പാസാക്കി.
ഈ സംഭവം വിഖ്യാതമായ ബ്രിട്ടിഷ് പത്രം ഗാര്ഡിയന് വലിയ പ്രധാന്യത്തോടെ ലോകമാകെ റിപ്പോര്‍ട്ട് ചെയ്തു. പതിറ്റാണ്ടുകള്‍ മുമ്പ് നമ്മുടെ ഭരണാധികാരികള്‍ വിയോജിക്കാനുള്ള അവകാശത്തോട് പുലര്‍ത്തിയിരുന്ന ആദരവ് സമകാല ഇന്ത്യന്‍ ജീവിതപരിസരത്ത് അവിശ്വസനീയമായിരിക്കും.
ലക്ലൈമാക്സിലെ ട്വിസ്റ്റുകള്‍
1956ല്‍ "ഡോക്ടര്‍ ഷിവാഗോ’ പ്രസിദ്ധീകരിക്കാന്‍ യോഗ്യമല്ലെന്നുകണ്ടു തിരിച്ചയയ്ക്കുകയും നോവലില്‍ രാജ്യദ്രോഹം ആരോപിക്കുകയും ചെയ്ത നോവി മീര്‍ മാസികയിലൂടെത്തന്നെ 1988ല്‍ ഈ നോവല്‍ റഷ്യയില്‍ വെളിച്ചംകണ്ടു.
1989ല്‍ മകന് യേവ്ജെനി പാസ്റ്റര്‍നാക് തന്റെ പിതാവിനുള്ള നൊബേല്‍ സമ്മാനം സ്വീഡിഷ് അക്കാദമിയില്‍നിന്ന് ഏറ്റുവാങ്ങി. 2003 മുതല്‍ ഡോക്ടര്‍ ഷിവാഗോ റഷ്യന്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. എത്ര കൊടിയ വിദ്വേഷങ്ങള്‍ക്കും വിരമിക്കല്പ്രായമുണ്ടെന്നു ചരിത്രം പഠിപ്പിച്ചു!
(വിവരങ്ങള്‍ക്കു കടപ്പാട്: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്,
ഡോ. കെ.എസ്. സുരേഷ്)
SUNDAY DEEPIKA
ഹരിപ്രസാദ്
അമിതാഭ് ബച്ചൻ തന്റെ മകന്റെ വിവാഹവേദിയിൽ പാടാൻ ഒരു സംഗീതജ്ഞനെ ക്ഷണിക്കുന്നു. വിവാഹച്ചടങ്ങുകളിൽ പാടാൻ തന്നെ കിട്ടില്ലെന്നും, അത് സംഗീതത്തെ അപമാനിക്കലാണെന്നും ആ ഗായകൻ മറുപടി പറയുന്നു... കഴിഞ്ഞദിവസം അന്തരിച്ച പണ്ഡിറ്റ് ചന്നൂലാൽ മിശ്രയുടെ സംഗീതവിചാരങ്ങളെക്കുറിച്ച്..
""വാക്കുകളും വരികളും അനുയോജ്യമല്ലെന്നു തോന്നിയതിനാൽ ഒട്ടേറെ സിനിമാപ്പാട്ടുകൾ ഞാൻ പാടാതെ ഒഴിവാക്കിയിട്ടുണ്ട്. എന്റെ ഈ പ്രായത്തിൽ, ഈ ഘട്ടത്തിൽ ഉചിതമായതു മാത്രമേ ഞാൻ പാടൂ...'' -പണ്ഡിറ്റ് ചന്നൂലാൽ മിശ്ര. കഴിഞ്ഞനാൾ, എണ്‍പത്തൊന്‍പതാം വയസിൽ അതുല്യനായ ഈ ഗായകൻ വിടപറഞ്ഞു. ഏതാനും വർഷങ്ങൾക്കുമുന്‍പ് അദ്ദേഹം പറഞ്ഞുവച്ച വാക്കുകൾകൂടി കേട്ടാലേ യഥാർഥത്തിൽ ആരായിരുന്നു ആ ഗായകനെന്ന് വ്യക്തമാകൂ.
""പകുതി റൊട്ടി മാത്രം കഴിച്ച് പരിശീലനം നടത്തിയിരുന്ന കാലമുണ്ട്. ഒരുപാടു കഷ്ടപ്പാടുകൾ അനുഭവിച്ചു. അന്പതുവയസിനു ശേഷമാണ് എന്റെ സംഗീതം ആളുകൾ ശ്രദ്ധിച്ചുതുടങ്ങിയത്. എല്ലാം വിധിയെന്നു പറയാം. വലിയ ബാങ്ക് ബാലൻസ് ഉണ്ടായിട്ട് എന്തുചെയ്യാനാണ്. ഭക്ഷണം മുടങ്ങാതിരിക്കുക മാത്രമേ വേണ്ടൂ.''
അമിതാഭ് ബച്ചനെപ്പോലുള്ളവർ ആരാധിക്കുകയും ശങ്കർ മഹാദേവൻ ഗുരുവായിക്കാണുകയും ചെയ്ത മഹാ പ്രതിഭയായിരുന്നു പണ്ഡിറ്റ് ചന്നൂലാൽ മിശ്ര. വൈകിയെങ്കിലും ആരാധകർ ഹൃദയത്തിലേറ്റിയ അദ്വിതീയനായ തുംരി ഗായകൻ. ആ പരുക്കൻ ശബ്ദം ചലച്ചിത്ര പിന്നണിഗാനങ്ങൾക്കുവേണ്ടിയും ഉപയോഗപ്പെടുത്തിയിരുന്നു- അദ്ദേഹത്തിനത് ഒട്ടും വലിയ കാര്യമായിരുന്നില്ലെങ്കിലും. വരികളോടുള്ള വിയോജിപ്പുമൂലം അദ്ദേഹം പിൽക്കാലത്ത് സിനിമകൾ ഒഴിവാക്കിയതാണ് തുടക്കത്തിൽ വായിച്ചത്.
ഉത്തർപ്രദേശിലെ അസംഗഢിൽ 1936 ഓഗസ്റ്റ് മൂന്നിനാണ് സംഗീതകുടുംബത്തിലെ ഏഴാം തലമുറക്കാരനായി ചന്നൂലാൽ മിശ്ര ജനിച്ചത്. പിതാവിൽനിന്ന് ആദ്യപാഠങ്ങൾ. മുസാഫർപുരിൽ ഉസ്താദ് അബ്ദുൾ ഗനി ഖാൻ എന്ന അതികായന്റെ കീഴിലായിരുന്നു യഥാർഥ അഭ്യസനം. ഗുരുവും ശിഷ്യനും ഘരാന എന്ന ആശയത്തോടു വിമുഖരായിരുന്നു. അത് വിഭജനത്തിന്റെ ആശയമാണെന്ന് പണ്ഡിറ്റ് മിശ്ര കരുതിയിരുന്നു.
അദ്ദേഹം സംഗീതത്തിൽ മാത്രം വിശ്വസിച്ചു, അഭിരമിച്ചു. ആ വിശ്വാസം അദ്ദേഹത്തെ രാജ്യാന്തരപ്രശസ്തിയിലേക്കും എത്തിച്ചു. പത്മഭൂഷണ്‍ (2010), പത്മവിഭൂഷണ്‍ (2020) ബഹുമതികളും സംഗീത നാടക അക്കാദമി ഫെലോഷിപ് അടക്കം നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചു.
സംഗീതമെന്ന സമയകല
കച്ചേരികളുടെ ദൈർഘ്യം കുറയുന്നല്ലോ എന്ന് ഒരാസ്വാദകൻ ഒരിക്കൽ അദ്ദേഹത്തോടു ചോദിച്ചു. സമയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു മറുപടി. ""ഒരു സ്വരത്തിൽനിന്ന് അടുത്ത സ്വരത്തിലേക്കെത്തുന്നതിനിടെ ഒരു ബീഡി കത്തിത്തീരുന്നവിധം സാവധാനം പാടിയിട്ട് എന്തു ഗുണം? ഈശ്വരനുവേണ്ടിയാണ് പാടുന്നതെങ്കിൽ ഗംഗാതീരത്ത് ഇരുന്നാൽ മതിയല്ലോ, വേദികളിലേക്ക് എന്തിനു പാടാൻ വരണം.
ശ്രോതാക്കളെ ആനന്ദിപ്പിക്കാനാവണം ഗായകൻ പാടേണ്ടതെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. അവനവനു വേണ്ടിയല്ല പാടുന്നത്. കാലം മാറുന്നതിനനുസരിച്ച് ശൈലികളിലും മാറ്റം വരണം. പുതിയ കാലത്ത് ആർക്കും വിസ്താരം കേട്ടിരിക്കാൻ സമയമില്ല, ചുരുക്കിയും മൂർച്ചയോടെയും പാടണം.''
അമ്മയിൽനിന്ന് സുന്ദരകാണ്ഠം കേട്ടുപഠിച്ച ചന്നൂലാൽ പാരന്പര്യത്തെ മുറുകെപ്പിടിക്കുകയും ചെയ്തിരുന്നു. ദ്രുപദിനെയും തുംരിയെയും സംഗീതത്തിന്റെ രണ്ട് യഥാർഥ കൈവഴികളായി അദ്ദേഹം കരുതി. ദ്രുപദ് ശിവനെയും തുംരി പാർവതീദേവിയെയും പ്രതിനീധികരിക്കുന്നുവെന്ന് അദ്ദേഹം പറയാറുണ്ട്.
ഏഴിന്റെ മഹത്വം
വാരണാസിയിൽ മഹാനായ സംസ്കൃത പണ്ഠിതനും മ്യൂസിക്കോളജിസ്റ്റുമായ ഠാക്കൂർ ജയ്ദേവ സിംഗിനു കീഴിൽ പരിശീലിച്ചിരുന്നു ചന്നൂലാൽ മിശ്ര. തത്വചിന്താപരമായ ഒരു വീക്ഷണവും അങ്ങനെ അദ്ദേഹത്തിൽ നിറഞ്ഞു. ഏഴ് എന്ന അക്കം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു.
ഏഴു സ്വരങ്ങൾ, ഏഴു നിറങ്ങൾ, സപ്തർഷികൾ, ആഴ്ചയിലെ ഏഴു ദിവസങ്ങൾ, വേദങ്ങളിലെ ഏഴു ഛന്ദങ്ങൾ... ഇവയെല്ലാം അദ്ദേഹം ഉദാഹരണമായി പറയാറുണ്ട്. ഏഴു ബീറ്റുകളുള്ള രൂപക താളത്തിലാണ് ശിവന്റെ ഡമരു ആദ്യമായി താളമിട്ടത്. ജീവിതത്തിന് ഏഴു ഘട്ടങ്ങളുണ്ടെന്ന് നാടൻ പാട്ടുകളിൽ പറയാറുണ്ട്. ക്ലാസിക്കൽ സംഗീതധാരയ്ക്കും ഏഴു രൂപങ്ങളാണ്- ദ്രുപദ്, ധമർ, ഖയാൽ, ടപ്പ, തരാന, ചതുരംഗ്, തിരാവഠ് എന്നിങ്ങനെ- ചിന്തകളിലെ ഏഴഴക്!
ബച്ചൻ, ശങ്കർ മഹാദേവൻ
പണ്ഡിറ്റ് ചന്നൂലാൽ മിശ്രയെ തന്റെ ഗുരുവായി കരുതുന്നുണ്ട് ഗായകനും സംഗീതസംവിധായകനുമായ ശങ്കർ മഹാദേവൻ. അതേക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ:""ശങ്കർ മഹാദേവനെ യഥാർഥത്തിൽ ഞാൻ പഠിപ്പിച്ചിട്ടൊന്നുമില്ല. രണ്ടുമൂന്നു കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്. എങ്കിലും അദ്ദേഹമെന്നെ ഗുരുവായി പരിഗണിക്കുന്നുണ്ട്, ബഹുമാനിക്കുന്നുണ്ട്''.
ആരാധകനായ അമിതാഭ് ബച്ചനെക്കുറിച്ച് പറഞ്ഞതിങ്ങനെ: ""അമിതാഭ് ബച്ചന് എന്റെ സംഗീതം ഇഷ്ടമാണ്. റെക്കോർഡിംഗുകൾ കേൾക്കുന്നയാളാണ്. അദ്ദേഹത്തിന്റെ വീട്ടിലും ഞാൻ പാടിയിട്ടുണ്ട്. മകന്റെ വിവാഹവേദിയിൽ പാടാൻ എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ ഞാൻ വിവാഹങ്ങളിൽ പാടാറില്ല. അത് സംഗീതത്തെ അപമാനിക്കലാണ്. എന്തുകൊണ്ടാണ് ഞാൻ ക്ഷണം നിരസിച്ചതെന്ന് അദ്ദേഹം മനസിലാക്കിയിട്ടുണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്''.
ശബ്ദങ്ങളിലൂടെയാണ് ഈശ്വരനിലേക്ക് എത്താനാവുകയെന്ന് അദ്ദേഹം കരുതിയിരുന്നു. അതുകൊണ്ടുതന്നെ സംഗീതത്തിൽ സാഹിത്യത്തിന്റെ പ്രാധാന്യം, അതിന്റെ കൃത്യമായ ഉച്ചാരണം എന്നിവ അദ്ദേഹത്തിനു നിർബന്ധമായിരുന്നു. ശബ്ദംതന്നെയാണ് ബ്രഹ്മമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഒടുവിലിതാ, അതേ ബ്രഹ്മത്തിൽ ലയിച്ചു...
SUNDAY DEEPIKA
സി.കെ. കുര്യാച്ചൻ
അനൗദ്യോഗിക സര്‍വകലാശാലകളാണ് വായനശാലകളെന്നതാണ് എന്റെ അഭിപ്രായം. അവിടെ എന്തെല്ലാം അറിവുകളാണ് ലഭിക്കുന്നത്. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നില്‍ക്കുമ്പോഴും വായനയ്ക്ക് അതിരുകളില്ല. എല്ലാ ആശയങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയും... - മന്ത്രി വി.എൻ. വാസവൻ സംസാരിക്കുന്നു...
എളിയനിലയിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി രണ്ടാം പിണറായി സർക്കാരിൽ നിർണായക വകുപ്പുകൾ കൈകൈര്യചെയ്തു കഴിവുതെളിയിച്ച മന്ത്രിയാണ് വി.എൻ. വാസവൻ. പിഴവില്ലാതെയും കാടുകയറ്റമില്ലാതെയും വിഷയത്തിൽ കേന്ദ്രീകരിച്ച പ്രസംഗിക്കുന്നതിൽ അതിവിദഗ്ധനാണ് വാസവനെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്.
വ്യത്യസ്തങ്ങളായ വിഷയങ്ങൾ സാമാന്യം മികച്ചരീതിയിൽ അവതരിപ്പിക്കാനും ചോദ്യങ്ങൾക്കു മറുപടി പറയാനുമുള്ള ജ്ഞാനവും അദ്ദേഹം പ്രകടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ പരുവപ്പെട്ടുവന്നതിനെക്കുറിച്ച് വാസവൻ സൺഡേദീപികയോടു മനസു തുറക്കുകയാണ്.
വിദ്യാഭ്യാസ-യുവജന കാലഘട്ടത്തിൽ പുസ്കവായന ഹരമായിരുന്നു.
ലൈബ്രറി കേന്ദ്രീകരിച്ച് നല്ല പുസ്തകങ്ങളെടുത്ത് മത്സരിച്ചു വായിക്കുകയും സുഹൃത്തുക്കളുമൊത്ത് ചർച്ചചെയ്യുനടത്തുകയും ചെയ്തിരുന്നു. ഏറ്റവും പുതിയ പുസ്തകങ്ങൾ വായിക്കുക എന്നതിൽ കൂടുതൽ ആനന്ദമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കൂടുതലും യാത്രയ്ക്കിടയിലാണ് വായന. ട്രെയിനിലാണ് യാത്രയെങ്കിൽ വായനയ്ക്ക് ഉത്സാഹം കൂടും.
പ്രസംഗത്തിലെ കൂട്ട്
പ്രസംഗത്തിൽ വായനയുടെ സ്വാധീനം വലുതാണ്. ചിലപ്പോള്‍ സന്ദര്ഭങ്ങള്ക്കനുസരിച്ചു ചില കവിതകള്‍ ക്വോട്ടുചെയ്യാന് പറ്റും.
ചില കവിതകളുടെ ഭാഗം ഉദ്ധരിച്ചാല്‍ ആസ്വാദകന് അത് ആസ്വദിക്കാന്‍ പറ്റും. കുമാരനാശാന്റെ, വള്ളത്തോളിന്റെ, ചങ്ങമ്പുഴയുടെ, സുഗതകുമാരി ടീച്ചറുടെ പിന്നെ ആധുനിക കാലഘട്ടത്തിലെ മുരുകന് കാട്ടാക്കടയുടെ. ഞാന്‍ അസംബ്ലിയിലും ഇങ്ങനെയൊക്കെ അവതരിപ്പിച്ചിട്ടുണ്ട്. മുന്‍കൂട്ടി പ്ലാന്‍ ചെയ്തോ എഴുതി വായിച്ചോ ഒന്നുമല്ല ഇങ്ങനെ ചെയ്യുന്നത്.
ഇക്കാര്യങ്ങളൊക്കെ ഓര്‍മയില്‍ നില്ക്കുന്നതിനു പിന്നില്‍ രാവിലെയുള്ള യോഗ ഒരു പ്രധാന ഘടകമാണ്. രാവിലെയുള്ള നടത്തത്തിനിടയിലും അന്നത്തെ കാര്യങ്ങള്‍ ഓര്‍മയില്‍ വരും. ചിലപ്പോള്‍ പത്തും പതിനേഴും പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. അവയൊക്കെ വ്യത്യസ്ത വിഷയങ്ങളായിരിക്കും. വിഷയം മാറി ഒരു പ്ലാറ്റ്ഫോമിലും അവതരിപ്പിക്കാറില്ല.
സദസിനെ ബോറടിപ്പിക്കാതിരിക്കാന്‍ ഇത് ഉപകരിക്കും.ആതുരസേവനരംഗത്തിന്റെ കാര്യമെടുത്താല്‍ നമ്മളാരും ഡോക്ടര്‍മാരല്ല, എങ്കിലും നിരവധി ഡോക്ടര്‍മാരുമായുള്ള പരിചയവും രോഗികളെ രക്ഷപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങളെകുറിച്ചുള്ള അറിവും വായനയില്‍ക്കൂടി ലഭിക്കുന്നതാണ്.
അനൗദ്യോഗിക സര്‍വകലാശാലകളാണ് വായനശാലകളെന്നതാണ് എന്റെ അഭിപ്രായം. അവിടെ എന്തെല്ലാം അറിവുകളാണ് ലഭിക്കുന്നത്. മലയാളിക്ക് ലോകത്തെക്കുറിച്ചുള്ള അറിവ് ആദ്യമായി ലഭിക്കുന്നത് എസ്.കെ. പൊറ്റേക്കാടിന്റെ യാത്രാവിവരണത്തിലൂടെയാണ്. പാതിരാസൂര്യന്റെ നാട്ടില്‍, കാപ്പിരികളുടെ നാട്ടില്‍, ബാലിദ്വീപ്, ഇന്‍ഡോനേഷ്യന്‍ ഡയറി തുടങ്ങി എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.
സാഹിത്യം മാത്രമല്ല അതിലുള്ളത്. അവയൊക്കെ വായിക്കുമ്പോള്‍ ആ നാട്ടിലൂടെ നടക്കുന്ന ഒരു പ്രതീതിയാണ് നമുക്കു തോന്നുക. ഓരോ നാടിന്റെയും സവിശേഷതയാണ് എസ്.കെ. പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യത്തിലൂടെ വെളിവാകുന്നത്. അദ്ദേഹത്തിനു ജ്ഞാനപീഠം ലഭിച്ച ഒരു ദേശത്തിന്റെ കഥ എന്നെ ആകര്‍ഷിച്ച മറ്റൊരു ഗ്രന്ഥമാണ്.തകഴിയുടെ ചെമ്മീന്‍, കയര്‍ എന്നിവയും കേശവദേവിന്റെ ഓടയില്‍നിന്ന് ഇവയൊക്കെ മനസില്‍നിന്നു മായാത്തവയാണ്.
ഞാൻ ബഷീറിന്റെയും പൊന്‍കുന്നം വര്ക്കിയുടെയുമൊക്കെ ആരാധകനാണ്. വരാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് അവതരിപ്പിക്കുന്ന ഒഎന്വിയെപ്പോലുള്ളവരുടെ കവിതകള്‍ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൂമിക്കൊരു ചരമഗീതമെടുത്താല് ഭൂമിക്കു വരാന്‍ പോകുന്ന വിപത്തിനെക്കുറിച്ച് എത്ര ഭാവനാപൂര്‍ണമായാണ് വര്‍ണിച്ചിരിക്കുന്നത്.
1940ല്‍ ആനുകാലികങ്ങളില്‍ വര്‍ക്കിസാര്‍ എഴുതിയിരുന്ന പത്തു കഥകള്‍ കൂട്ടിച്ചേര്‍ത്ത് കോഴിക്കോട് പൂര്‍ണ പബ്ലിക്കേഷന്‍ പുറത്തിറക്കിയ ഒരുത്തന്‍കൂടി വന്നു എന്ന കഥ നമ്മുടെ കുടുംബാസൂത്രണ പരിപാടിയുടെ പ്രചാരണത്തിന് ഉപയോഗിച്ചിട്ടുണ്ട്. സര് സിപിക്കെതിരായുള്ള വര്‍ക്കി സാറിന്റെ സിംബോളിക്കായിട്ടുള്ള കഥ എന്നെ ഏറെ ആകര്‍ഷിച്ചതാണ്. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ഇപ്പോഴും ഏറെ പ്രസക്തമാണ്.
അതിരില്ല, വായനയ്ക്ക്
ആദ്യകാലഘട്ടങ്ങളില്‍ ഉള്ളൂരിന്റെ കവിതകള്‍ക്ക് കഥകളേക്കാള്‍ ഏറെ പ്രാധാന്യം ലഭിച്ചിരുന്നു. ആശാന്റെയും വൈലോപ്പള്ളിയുടെയും വള്ളത്തോളിന്റെയുമൊക്കെ കവിതകളും ഏറെ ആസ്വദിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നില്‍ക്കുമ്പോഴും വായനയ്ക്ക് അതിരുകളില്ല.
എല്ലാ ആശയങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയും. വ്യത്യസ്ത തലങ്ങളിലുള്ള വീക്ഷണങ്ങളാണ് ഓരോ എഴുത്തുകാര്‍ക്കുമുള്ളത്. ആ വീക്ഷണങ്ങളെ സ്വാംശീകരിക്കുമ്പോഴാണ് സങ്കുചിത ഭാവങ്ങള്‍ വെടിയാന്‍ കഴിയുന്നത്.നവോത്ഥാന നായകന് എന്ന രീതിയില്‍ ആദ്യം ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത് അയ്യാ വൈകുണ്ഠ സ്വാമിയെക്കുറിച്ചാണ്. അത് തെക്കന്‍ തിരുവിതാംകൂറിന്റെ ഒരു ഭാഗത്തു മാത്രമേ ഉണ്ടായിരുന്നുള്ളു.
പക്ഷേ, ചാവറയച്ചന്റെ പ്രത്യേകത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ ഒരു മാറ്റം കൊണ്ടുവന്നു എന്നുള്ളതാണ്. 1805ലാണ് ചാവറയച്ചന്റെ ജനനം. പിന്നാക്കക്കാര്‍ക്ക് മുട്ടിനു താഴെ മുണ്ടുടുക്കാനും വഴിനടക്കാനും കഴുത്തില്‍ മാല ധരിക്കാനും സ്ത്രീകള്‍ക്കു മാറു മറയ്ക്കാനും സ്വാതന്ത്ര്യമില്ലാത്ത, മേലാളന്മാരെ കാണുമ്പോള്‍ കീഴാളന്മാര് ഓടിയൊളിക്കണമെന്ന അലിഖനിയമവും രാജാധിപത്യമുള്ള അക്കാലത്ത്, കേരളം ജന്മമെടുത്തിട്ടില്ല.
ചാവറയച്ചന്റെ വരവ്
1839 ആയപ്പോഴേക്കുമാണ് ചാവറയച്ചന് ഏറെ തീക്ഷ്ണമതിയായി മുന്നോട്ടുവന്നത്. 1846ല്‍ മാന്നാനത്ത് ആദ്യത്തെ സംസ്കൃത സ്കൂള്‍ ആരംഭിച്ചു. 1821ല്‍ ബഞ്ചമിന് ബെയ്ലി പ്രസുമായി കോട്ടയത്തു സിഎംഎസില്‍ വന്നെങ്കിലും അതു മറ്റാര്‍ക്കും ഉപയോഗിക്കാന്‍ കൊടുത്തില്ല.
ആ സമയത്ത് അച്ചന് തിരുവനന്തപുരത്തു പോയി സ്വാതി തിരുനാളിനെ കണ്ട് ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത പ്രസ് കാണാന്‍ അനുമതി ചോദിച്ചു. അനുമതി കിട്ടി. കൂടെക്കൂട്ടിയിരുന്ന മുട്ടുചിറക്കാരന്‍ ആശാരിയെക്കൊണ്ട് വാഴപ്പിണ്ടിയില്‍ ആലേഖനം ചെയ്തു കൊണ്ടുവന്ന രൂപരേഖയിലാണ് മാന്നാനത്ത് പ്രസ് സ്ഥാപിച്ചത്. ആ പ്രസ് അന്ന് അവിടെ ആരംഭിച്ചതുകൊണ്ടാണ് പിന്നീട് നിധീരിക്കല്‍ മാണിക്കത്തനാര്ക്കു ദീപിക തുടങ്ങാന്‍ സാധിച്ചത്.
കേരളത്തിലെ മാധ്യമങ്ങളുടെ ആവിര്‍ഭാവത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ ചാവറയച്ചനെയും നിധീരിക്കല്‍ മാണിക്കത്തനാരെയും വിസ്മരിക്കാനാവില്ല. പിന്നീടുള്ള ഒരു വിപ്ലവം കാണുന്നത് ചാവറയച്ചന് ആര്‍പ്പൂക്കര കേന്ദ്രീകരിച്ച് ആരംഭിച്ച സ്കൂളില്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശനം നല്കി എന്നുള്ളതാണ്. ദളിതരുള്‍പ്പെടെ. അത് ആ കാലഘട്ടത്തില്‍ എത്രയോ മഹത്തരമാണ്. എന്നിട്ടും പട്ടിണിമൂലം ആ സ്കൂളില്‍ ദളിതരായ വിദ്യാര്‍ഥികള്‍ എത്തിയില്ല.
അവരുടെ ദാരിദ്ര്യമകറ്റാന്‍ പാട്ടത്തിനു പാടമെടുത്ത് നെല്ലു കൃഷിചെയ്തു ലഭിച്ച അരി ദളിതരുടെ കുടിലുകളില്‍ വിതരണംചെയ്താണ് കുട്ടികളെ സ്കൂളില്‍ എത്തിച്ചത്. പുരോഗമനപരമായ ഒരു സാമൂഹ്യമാറ്റത്തിന്റെ ഉദാത്തമായ മാറ്റമായിരുന്നു ഇത്. അതുകൊണ്ടാണ് ചാവറയച്ചന് ഉച്ചക്കഞ്ഞിയുടെ ഉപജ്ഞാതാവാണെന്നു ഞാന്‍ പറയുന്നത്.
കുടുംബബന്ധങ്ങളുടെ പവിത്രത ഊട്ടിയുറപ്പിച്ചതും ചാവറയച്ചനാണ്. അച്ഛനും അമ്മയും മക്കളുമൊത്തുള്ള കുടുംബജീവിതത്തിനു പ്രോത്സാഹനം നല്കി. അവര്‍ക്കു ലഭിക്കുന്ന കൂലിയില്‍നിന്ന് ഒരു ചെറിയ ശതമാനം പൊതുക്കാര്യങ്ങള്‍ക്കു മാറ്റിക്കൊടുക്കണമെന്നുള്ള ഒരു സന്ദേശം നല്കിയതും അദ്ദേഹമാണ്.
വർഗീയത ആപത്ത്
ഇക്കാലത്ത് വര്‍ഗീയത ഇതുപോലെ വ്യാപിക്കാനുള്ള കാരണം വായന കുറഞ്ഞതാണ്. ആധുനിക മുതലാളിത്തത്തിന്റെ കൗശലപൂര്‍ണമായ ഒരു സമീപനവും ഇതിനു പിന്നിലുണ്ട്. ചൂഷണവും ജന്മിനാടു വാഴ്ചയുടെ അവശിഷ്ടങ്ങളും മാറി. ചാവറയച്ചനും ശ്രീനാരായണഗുരുവും പൊയ്കയില്‍ അപ്പച്ചനും അയ്യങ്കാളിയും ചട്ടമ്പിസ്വാമിയും വക്കം മൗലവിയുമുള്പ്പെടെയുള്ള നവോത്ഥാന നായകര്‍ ഉഴുതുമറിച്ച മണ്ണില്‍ വര്‍ഗ പ്രസ്ഥാനങ്ങള്‍ നശിച്ചുതുടങ്ങി.
അപ്പോള്‍ മുതലാളിത്തം ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം ഉപയോഗിച്ചു തുടങ്ങി. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ മതേതരത്വ ആശയങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയുമൊക്കെ തലപൊക്കിത്തുടങ്ങി. ഏതു വര്‍ഗീയതയാണെങ്കിലും നമുക്ക് ആപത്താണ്.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന് ആവശ്യം. ഇത് ഇന്ന് ചോദ്യം ചെയ്യപ്പെടുന്നു എന്നുള്ളതാണ് ഏറെ വിഷമം.ഛത്തീസ്ഗഡിലും ജാര്‍ഖണ്ഡിലുമൊക്കെ കന്യാസ്ത്രീകളെ ആക്രമിച്ചതൊക്കെ നാം കണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും ഏറെയുണ്ട്.
ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത സംഭവങ്ങളാണ് അരങ്ങേറുന്നത്. പള്ളിയില്‍ കുര്‍ബാന നടക്കുമ്പോള്‍പോലും അവിടെക്കയറി വിശ്വാസികളെ ആട്ടിപ്പായിക്കുന്നു. കേസുകൊടുത്താല്‍ പോലീസുകാര്‍പോലും അക്രമികളുടെ കൂടെ കൂടുന്നു. ഫാദര്‍ സ്റ്റാന്‍സ്വാമി ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഗ്രഹാം സ്റ്റെയിന്‍സിന്റെ അനുഭവവും നാം കണ്ടതാണ്.
അച്ചടിച്ച പുസ്തകങ്ങള്‍ തപാലില്‍ അയയ്ക്കുന്നതിനുള്ള ചെലവു കൂടി. വായനയെ എങ്ങനെയും തടസപ്പെടുത്തുന്ന ശക്തികള്‍ കരുത്താര്‍ജിക്കുകയാണ്. ചരിത്രത്തിന്റെ ഗതി മാറ്റുകയാണ്. ജയിലില്‍ക്കിടന്നു മാപ്പെഴുതി കൊടുത്ത സവര്‍ക്കറെ മഹത്വവത്കരിക്കുന്നു. ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ച് ആരാധിക്കുന്നു.
നിഷ്പക്ഷതയോടെ ദീപിക
മാതാപിതാക്കളെയും ഗുരുക്കന്മാരെയും അതിഥികളെയും ബഹുമാനിക്കേണ്ടത് നമ്മുടെ സംസ്കാരത്തില്നിന്നുതന്നെ ഉടലെടുക്കേണ്ടതാണ്. പത്രവായന ഒഴിവാക്കുന്നത് വലിയ ഒരു അപചയത്തിലേക്കുള്ള പോക്കാണ്. ദീപിക ഉള്‍പ്പെടെ നാലു പത്രങ്ങള്‍ ഞാന്‍ വായിക്കും.
ദീപികയുടെ നിലപാടുകള്‍ ചില ഘട്ടങ്ങളില്‍ യാഥാര്‍ഥ്യബോധത്തോടെ വരുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പഠിക്കാതെയും വന്നിട്ടുണ്ട്. അത് എഴുതുന്ന ആളുകളുടെ മനോധര്മമനുസരിച്ചായിരിക്കാം. നിഷ്പക്ഷതയാണ് ദീപികയുടെ മുഖമുദ്ര. എങ്കിലും പ്രതിപക്ഷം ഉയര്‍ത്തുന്ന അടിസ്ഥാനരഹിതമായ ചില വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നു.
എനിക്ക് അറിയാന്‍ വയ്യാത്ത ഒരു കാര്യമാണെങ്കിലും തീര്‍ച്ചയായും ഞാന്‍ അറിവുള്ളവരോടു ചോദിക്കും. ആണവകരാറിനെക്കുറിച്ചു നിയമസഭയില്‍ സംസാരിക്കേണ്ട ഒരവസരം വന്ന ഘട്ടത്തില്‍ മൂന്നു ദിവസം ഞാനതിനെക്കുറിച്ചു പഠിച്ചതിനുശേഷമാണ് പ്രമേയം അവതരിപ്പിച്ചത്.
ഇത്തരത്തിൽ വായിച്ചു വളർന്നതിന്റെ ഗുണങ്ങൾ താൻ അനുഭവിക്കുന്നുണ്ടെന്നും വാസവൻ പറയുന്നു.
SUNDAY DEEPIKA
അജിത് ജി. നായർ
വാതിലുകളും പൂട്ടുകളുമില്ലാത്ത ഒരു വീട്ടില്‍ ജീവിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാവുമോ? ഇന്ത്യയില്‍ അങ്ങനെയൊരു ഗ്രാമംതന്നെയുണ്ടെന്ന് പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും. എന്നാല്‍ അതു യാഥാര്‍ഥ്യമാണ്. മഹാരാഷ്ട്രയിലെ ശനി ശിംഗനാപുര്‍ ആണ് ആ അദ്ഭുത ഗ്രാമം. വീടുകൾക്കു വാതിലുകളും കടകള്‍ക്ക് പൂട്ടുകളുമില്ലെങ്കിലും ഗ്രാമവാസികള്‍ക്ക് യാതൊരു അരക്ഷിതത്വവും ഇവിടെ അനുഭവപ്പെടാറില്ല.
ശനി ഭഗവാനിലുള്ള വിശ്വാസമാണ് ഈ നാട്ടുകാരുടെ ധൈര്യത്തിനു കാരണമത്രേ. തങ്ങളുടെ ഗ്രാമത്തെ ശനി ദേവന് ആപത്തുകളില്‍നിന്നു സംരക്ഷിക്കുന്നുവെന്നാണ് ഇവരുടെ വിശ്വാസം. ദിവസേന നിരവധി തീര്‍ത്ഥാടകരാണ് ഇവിടെയുള്ള ശനിദേവ ക്ഷേത്രം സന്ദര്‍ശിക്കുന്നത്. ശനിദേവ ക്ഷേത്രത്തെയും ഈ ഗ്രാമത്തെയും പറ്റി പല ഐതിഹ്യങ്ങളുമുണ്ട്.
അതില്‍ പ്രധാനമായത് ഇങ്ങനെ: ഏതാണ്ട് 300 വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രദേശത്ത് വലിയൊരു വെള്ളപ്പൊക്കമുണ്ടായി. വെള്ളം താഴ്ന്നപ്പോള്‍ പനസ്നാലാ നദിയുടെ തീരത്ത് ഒരു വലിയ കറുത്ത കല്ല് നാട്ടുകാര്‍ കണ്ടെത്തി. ഗ്രാമവാസികളിലൊരാള്‍ ഒരു വടികൊണ്ട് കല്ലില്‍ സ്പര്ശിച്ചമാത്രയില് അതില്‍നിന്ന് അദ്ഭുതാവഹമായി രക്തം ചീറ്റുകയായിരുന്നു.
അന്ന് രാത്രിയില്‍ ശനിദേവന് ഗ്രാമവാസികളുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. ഈ കല്ല് തന്റെ ബിംബം ആണെന്നും അതിനെ മതില്ക്കെട്ടുകളൊന്നുമില്ലാതെ തുറസായ സ്ഥലത്തുവച്ച് ആരാധിക്കണമെന്നും ഗ്രാമവാസികളോടു നിര്‍ദ്ദേശിച്ചു.
അതോടൊപ്പം ഗ്രാമത്തെ മേലില്‍ സംരക്ഷിച്ചു കൊള്ളാമെന്നു വാക്കുനല്‍കിയ ദേവന് വാതിലുകളും പൂട്ടുകളുമില്ലാതെ ഭവനങ്ങള്‍ പണിയാന്‍ നിര്‍ദ്ദേശിച്ചുവെന്നുമാണ് ഐതിഹ്യം.അഞ്ചരയടി നീളമുള്ള കറുത്ത ആ കല്ലാണ് ശനിക്ഷേത്രത്തിലെ ബിംബം. ഇത് ശനിദേവന്റെ ആജ്ഞാനുസൃതമായി തുറസായ സ്ഥലത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
കള്ളന്മാര്ക്കും അസന്മാര്‍ഗികള്‍ക്കും ശനിദേവന് ഉടനടി ശിക്ഷ നല്‍കുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. അതിനാല്‍തന്നെ നൂറ്റാണ്ടുകളായി അവര്‍ വാതിലുകളും പൂട്ടുകളും ഇല്ലാത്ത വീടുകള്‍ പണിതു വസിച്ചു പോന്നു. കുറച്ചു കാലം മുമ്പുവരെ കടകളും ബാങ്കുകളും പോലും ഈ പാരമ്പര്യം തുടര്‍ന്നിരുന്നു.
2011ല്‍ യൂക്കോ ബാങ്ക് പൂട്ടുകളില്ലാത്ത ഒരു ശാഖ ഇവിടെ തുറന്നിരുന്നു. എന്നാല്‍ അടുത്തിടെയായി ചില ആളുകള്‍ വാതിലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും പൂട്ടുകള്‍ മിക്കയിടത്തും ഇല്ല.സമീപ ദശാബ്ദങ്ങളില്‍ അല്ലറ ചില്ലറ മോഷണങ്ങള്‍ ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ശനിദേവനിലുള്ള ആളുകളുടെ വിശ്വാസത്തിന് ഇളക്കംതട്ടിയിട്ടില്ല.
ശനിയാഴ്ച ദിവസങ്ങളിലും ശനി അമാവാസി നാളുകളിലും ആയിരങ്ങളാണ് ശനിക്ഷേത്രത്തിലേക്ക് ഒഴുകുന്നത്. ആഴത്തിലുള്ള വിശ്വാസം ഒരു ജനതയുടെ സംസ്കാരത്തിലും ജീവിതത്തിലും എത്രമാത്രം പരിവര്‍ത്തനമുണ്ടാക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായാണ് ശനി ശിംഗനാപുര്‍ ഇന്നും നിലകൊള്ളുന്നത്.
SUNDAY DEEPIKA
കുളെ
മൃദുൽ വി.എം.
പേജ്: 104 വില: ₹ 140
ഡിസി ബുക്സ്, കോട്ടയം
ഫോൺ: 7290092216
നന്തനാർ സാഹിത്യപുരസ്കാരം നേടിയ കൃതി. അസാധാരണമായ അച്ചടക്കവും ഒതുക്കവും മന്ദവേഗവുമുള്ള, വച്ചുകെട്ടലുകളില്ലാത്ത ചെറുകഥകൾ.
വൃക്ഷവൈജ്ഞാനികം
പി.എസ്. ശ്രീധരൻപിള്ള, പായിപ്ര രാധാകൃഷ്ണൻ
പേജ്: 116 വില: ₹ 175
കറന്റ് ബുക്സ്, തൃശൂർ
ഫോൺ: 9778141567
ഭാരതീയ സംസ്കൃതിയും സസ്യങ്ങളുമായി ബന്ധപ്പെട്ട വിജ്ഞാനം പകരുന്ന ലേഖനങ്ങളുടെ സമാഹാരം. 64 കലകളെക്കുറിച്ചുള്ള സൂക്ഷ്മവിവരണങ്ങളും വായിക്കാം.
Brighter English Grammar
ജോസ് ചന്ദനപ്പള്ളി
പേജ്: 228 വില: ₹ 350
അനശ്വരം ബുക്സ്, തിരുവനന്തപുരം
ഫോൺ: 9496196751
ഇംഗ്ലീഷ് വിദ്യാർഥികൾക്ക് പ്രയോജനകരമായ 26 വ്യാകരണ പാഠങ്ങൾ. കഥകൾ, സംഭാഷണം, കത്തുകൾ എന്നിവയുടെ രചനയും എളുപ്പമാക്കും. ഒപ്പം മികച്ച പരീക്ഷാസഹായിയും.
വേരുകളുടെ ചോര
പി.കെ. പാറക്കടവ്
പേജ്: 94 വില: ₹ 120
ഡിസി ബുക്സ്, കോട്ടയം
ഫോൺ: 7290092216
മൈക്രോഫിക്ഷൻ എന്ന സാഹിത്യ രൂപത്തിൽപ്പെടുന്ന ചെറുകഥകൾ. പരിമിതമായ വാക്കുകളിൽ പൂർണമായ ഒരു കഥ പറയുന്ന രീതി. ജീവിതഗന്ധികളായ, ചോരപൊടിയുന്ന കഥകളുടെ കൂട്ടം.
SUNDAY DEEPIKA
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
"എ ഗൈഡ് ടു ദ പാരബിൾസ് ഓഫ് ജീസസ്' എന്ന പേരിൽ എച്ച്.എച്ച്. സ്ട്രാറ്റണ് 1958ൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിനുണ്ടായ ഒരനുഭവം ആ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
സ്ട്രാറ്റണ് ഒരിക്കൽ മിഡിൽ ഈസ്റ്റിലേക്ക് കപ്പൽയാത്ര നടത്തുകയായിരുന്നു. യാത്രതുടങ്ങി 900 മൈൽ കഴിഞ്ഞപ്പോഴേക്കും ഒരു സെയിൽ ബോട്ട് കാണാനിടയായി. ടർക്കിഷ് ദേശീയപതാക പറത്തിയിരുന്ന ആ ബോട്ട് ദിശയറിയാതെ വഴിതെറ്റി അലയുകയായിരുന്നു. ആ ബോട്ടിലെ ക്രോണോമീറ്ററിന്റെ തകരാറുമൂലം ലക്ഷ്യത്തിലെത്താനുള്ള ദിശ മാറിയാണ് അതു സഞ്ചരിച്ചുകൊണ്ടിരുന്നത്.
അക്കാര്യം അറിയിക്കുന്നതിനുള്ള പതാകകളും ആ ബോട്ടിൽ പറത്തിയിരുന്നു. ഇപ്പോൾ ലഭ്യമായിട്ടുള്ള ജിപിഎസ് പോലുള്ള ആധുനിക സംവിധാനങ്ങളൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ലല്ലോ. രേഖാംശവും അക്ഷാംശവും അറിയാതെ അലഞ്ഞിരുന്ന ആ ബോട്ടിലെ ക്യാപ്റ്റന്‍ അക്കാര്യം വ്യക്തമാക്കിക്കൊടുക്കാൻ കപ്പലിലെ ജീവനക്കാർക്ക് ഏറെ സമയംവേണ്ടിവന്നു.
ഭൂമിയിലെ ഒരു സ്ഥാനം ഭൂമധ്യരേഖയ്ക്ക് കിഴക്കോ പടിഞ്ഞാറോ ആയി സൂചിപ്പിക്കാനുള്ള അളവുകോലാണ് രേഖാംശം. അക്ഷാംശമാകട്ടെ ഭൂപടത്തിൽ ഭൂമിയിലുള്ള ഒരു കരയിലെ സ്ഥാനം ഭൂമധ്യരേഖയ്ക്ക് വടക്കോ തെക്കോ ആയി സൂചിപ്പിക്കാനുള്ള അളവുകോലും. ഇവ രണ്ടും അറിഞ്ഞാൽ മാത്രമേ വഴിതെറ്റിയ ആ ബോട്ടിന് ലക്ഷ്യത്തിലേക്കു യാത്രചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ.
സെയിൽ ബോട്ടിനെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടുന്നതിനുള്ള ശ്രമം നടക്കുന്നതിനിടയിൽ കപ്പൽയാത്രക്കാരുടെയിടയിൽ അത് സംഭാഷണവിഷയമായി. അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു പന്ത്രണ്ടുവയസുകാരൻ പറഞ്ഞു: ""വഴിതെറ്റാൻ വളരെ എളുപ്പമുള്ള വലിയൊരു സമുദ്രമാണിത്.''
ജീവിതമെന്നത് വലിയൊരു സമുദ്രസഞ്ചാരം പോലെയാണ്. ഈ സഞ്ചാരത്തിനിടയിൽ ദിശയറിയാതെ വഴിതെറ്റിപ്പോവുക വളരെ എളുപ്പമാണ്. അത് മിക്കപ്പോഴും സംഭവിക്കുന്നതാകട്ടെ നമ്മുടെ ആധ്യാത്മികവും ധാർമികവും വൈകാരികവുമായ രംഗങ്ങളിലും.
ഓരോ ദിവസവും ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. ആ മാറ്റങ്ങളെല്ലാം പലപ്പോഴും നമ്മുടെ ആധ്യാത്മികജീവിതത്തെ തളർത്തുകയും ധാർമികതയെ വഴിപിഴപ്പിക്കുകയും ചെയ്യുന്നു. തന്മൂലം നാം എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും പാളിപ്പോകുന്നു.
അതുവഴി നാം തിന്മയ്ക്ക് അടിമകളായി മാറുന്നു. ഇതേക്കുറിച്ച് ദൈവവചനം പറയുന്നു: ""എല്ലാവരും പാപം ചെയ്തു. ദൈവത്തിന്റെ മഹത്വത്തിനു അയോഗ്യരായി'' (റോമ 3:23). ജീവിതമാകുന്ന മഹാസമുദ്രത്തിൽ നാം വഴിതെറ്റി അലയാനിടയാകുന്നു എന്നു സാരം. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ നാം എങ്ങനെയാണ് രക്ഷപ്പെടുക? നമുക്ക് വഴികാട്ടാൻ ഒരു ജിപിഎസ് സംവിധാനം ഉണ്ടോ?
ടർക്കിഷ് സെയിൽ ബോട്ട് ദിശയറിയാതെ നടുക്കടലിൽ വട്ടംകറങ്ങിയപ്പോൾ അവരെ രക്ഷിക്കാനായി ഒരു കപ്പൽ എത്തുകയുണ്ടായി. ആ കപ്പൽ അവർക്ക് അയച്ചുകൊടുക്കുന്നതാകട്ടെ പരമകാരുണികനായ ദൈവവും. ഇതുപോലെത്തന്നെ, നാം വഴിതെറ്റി അലയുന്പോൾ നമ്മെ സഹായിക്കാൻ അവിടുന്ന് ഓടിയെത്തുന്നുണ്ട്.
ദൈവവചനം പറയുന്നു: ""നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുന്പോൾ നിന്റെ കാതുകൾ പിന്നിൽനിന്ന് ഒരു സ്വരം ശ്രവിക്കും: ഇതാണ് വഴി; ഇതിലേ പോവുക'' (ഏശ 30:21). ദൈവത്തിന്റെ ഈ സ്വരം ശ്രവിച്ചാൽ നമുക്കൊരിക്കലും ഈ ജീവിതസാഗരത്തിൽ വഴിതെറ്റുകയില്ലെന്നു തീർച്ചയാണ്.
എന്നാൽ ദൈവത്തിന്റെ സ്വരം ശരിയായി ശ്രവിക്കണമെങ്കിൽ നാം നമ്മുടെ തെറ്റുകളും കുറ്റങ്ങളും ഏറ്റുപറഞ്ഞു പശ്ചാത്തപിക്കണം. ദൈവവചനം പറയുന്നു: ""നീ ഏതവസ്ഥയിൽനിന്ന് അധഃപതിച്ചു എന്നു ചിന്തിക്കുക; അതനുസരിച്ച് ആദ്യത്തെ പ്രവൃത്തികൾ ചെയ്യുക'' (വെളിപാട് 2:5). നാം പശ്ചാത്തപിച്ച് ദൈവം കാണിച്ചുതരുന്ന ശരിയായ വഴിയിലേക്ക് തിരിയണമെന്നു സാരം.
ദൈവത്തോടൊപ്പമായിരിക്കാൻ അവിടുന്നു കാണിച്ചുതരുന്ന വഴിയിലൂടെ സഞ്ചരിക്കാൻ വേണ്ടിയായിരുന്നു ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എന്നാൽ മനുഷ്യൻ സ്വന്തം ഇഷ്ടംതേടി തങ്ങൾ തെരഞ്ഞെടുത്ത വഴിയിലൂടെ നടന്നപ്പോൾ ദിശയറിയാതെ നടുക്കടലിൽ വട്ടംകറങ്ങി. അങ്ങനെയാണ് അവരെ രക്ഷിക്കാനായി ദൈവം തന്റെ പുത്രനെ അയച്ചത്.
ലോകത്തിലേക്കു വന്ന ദൈവപുത്രൻ നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് നമുക്കു നവജീവൻ നൽകാനായി ഉയിർത്തെഴുന്നേറ്റു. ഉത്ഥിതനായ യേശു നമുക്കു ജീവൻ നൽകാനും അതു സമൃദ്ധമായി നൽകാനുമായി (യോഹ 10:10) ലോകാവസാനംവരെ നമ്മോടൊപ്പമുണ്ടായിരിക്കും (മത്താ 28:20) എന്ന് വാഗ്ദാനവും നൽകിയിട്ടുണ്ട്.
അതുമാത്രമല്ല, വഴിതെറ്റി നാം അലഞ്ഞുതിരിയാനിടയായാൽ നമ്മെത്തേടി പിന്നാലെ വരുമെന്ന് കാണാതെപോയ ആടിന്റെ ഉപമയിലൂടെയും കാണാതെപോയ നാണയത്തിന്റെ ഉപമയിലൂടെയും യേശു വ്യക്തമാക്കിയിട്ടുണ്ട് (ലൂക്കാ 15:1-10). അതുപോലെതന്നെ നാം ശരിയായ വഴിയിലേക്കു തിരിച്ചുവരുന്നതു നോക്കി കാത്തിരിക്കുന്നവനാണു ദൈവമെന്നു ധൂർത്തപുത്രന്റെ ഉപമയിലൂടെയും അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട് (ലൂക്കാ 15:11-32).
നമ്മെ തകർക്കാൻ പോരുന്നവിധം തിരമാലകൾ ആഞ്ഞടിക്കുന്ന ജീവിതസമുദ്രത്തിൽ മാർഗഭ്രംശം സംഭവിക്കാതിരിക്കാൻ നമുക്കൊരു ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റവും തന്നിട്ടുണ്ട്. അതാണ് ദൈവവചനം. തന്മൂലമാണ് സങ്കീർത്തകനായ ദാവീദ് എഴുതിയത്- ""അങ്ങയുടെ വചനം എന്റെ പാദങ്ങൾക്ക് വിളക്കും പാതയിൽ പ്രകാശവുമാണ്'' (സങ്കീ 119:105) എന്ന്.
വഴിനയിക്കുന്ന ദൈവത്തിന്റെ വചനം പാലിച്ചാൽ നാം യഥാർഥത്തിൽ ഭാഗ്യവാന്മാരാകുമെന്ന് യേശു പറഞ്ഞിട്ടുണ്ട് (ലൂക്ക 11:28). അതായത് അവിടുത്തെ വചനം പാലിച്ച് മുന്നോട്ടുപോയാൽ നാം ദിശയറിയാതെ ക്ലേശിക്കുകയില്ല. മാത്രമല്ല, ദൈവം ആഗ്രഹിക്കുന്നതുപോലെ നാം എത്തേണ്ട സ്ഥലത്ത് എത്തുകയും ചെയ്യും.
SUNDAY DEEPIKA
ഡാഫ്നെ ദു മോറിയർ - സ്വതന്ത്ര പരിഭാഷ സി.എൽ. ജോസ്
""മാഡത്തിനല്ല, കുറിപ്പ് നിങ്ങൾക്കാണ്.'' എന്നിട്ട് കുറിപ്പ് എനിക്കുനീട്ടി. ഞാനതു തുറന്നുവായിച്ചു. ""ക്ഷമിക്കണം, ഞാനിന്നു തെല്ലും ദയയില്ലാത്തമട്ടിൽ പരുക്കനായി പെരുമാറിയെന്നു തോന്നുന്നു. പരിഭവിക്കരുത്.''
വർഷംതോറും സുഖവാസത്തിനെത്തുന്ന മിസിസ് വാൻഹോപ്പർ ധനികയാണെങ്കിലും സത്യത്തിൽ ഒരു പൊങ്ങച്ചക്കാരിയാണ്. ഉദ്യോഗസ്ഥ മേധാവികൾ, ഉന്നതാധികാരികൾ, സിനിമാ താരങ്ങൾ, സമൂഹത്തിലെ വിഐപികൾ തുടങ്ങിയ പ്രമുഖർ- ഇവരെല്ലാം തന്റെ പരിചയക്കാരും സുഹൃത്തുക്കളുമാണെന്നു വീന്പുപറയുന്ന സ്വഭാവം.
ഇതൊരുതരം അല്പത്തമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. എന്നാൽ അവർക്ക് ഈ പ്രത്യേക സ്വഭാവം ഇല്ലായിരുന്നെങ്കിൽ ഒരു പരിചാരികയായ എന്റെ സ്ഥിതി എന്താകുമായിരുന്നുവെന്നും ചിലപ്പോൾ ഞാൻ ചിന്തിക്കാറുണ്ട്.
ഹോട്ടലിലെ സോഫയിൽ നല്ല ഗമയിൽ ഇരിക്കുന്പോൾ മുന്നിലൂടെ കടന്നുപോകുന്ന ചില വിഐപികളെ മാഡം സ്വയം കയറി പരിചയപ്പെടും. അല്ലെങ്കിൽ ഞാൻ മുൻകൈയെടുത്ത് അവർക്കു മാഡത്തിനെ പരിചയപ്പെടുത്തും.
ഈ ദൗത്യം നിർവഹിക്കാൻ പലപ്പോഴും യുവതിയായ എന്നെ ഒരു ചൂണ്ടപോലെ അല്ലെങ്കിൽ ഒരിടനിലക്കാരിയെപ്പോലെ അവർ ഉപയോഗിക്കുന്നു. എന്റെ വിമ്മിഷ്ടവും നിസഹായാവസ്ഥയും മനസിലാക്കുന്ന ഹോട്ടൽ ജോലിക്കാർ എന്നോടു സഹതപിക്കുകയും മിസിസ് വാൻഹോപ്പറെ അകമേ പരിഹസിക്കുകയും ചെയ്യുന്നു.
നേരത്തേ കയറിവന്ന മാക്സ് ഡി വെൻഡർ എന്ന കോടീശ്വരൻ അല്പംകഴിഞ്ഞാൽ തിരിച്ചുവരുമെന്ന് ഉൗഹിച്ചിട്ട് എന്നെ വിളിച്ചുപറഞ്ഞു: ""നീ വേഗം മുകളിലെ എന്റെ മുറിയിൽ പോയി എന്റെ മരുമകൻ അയച്ച കത്തും മധുവിധുകാലത്തെ ഫോട്ടോകളും എടുത്ത് പെട്ടെന്നു വാ!''
അദ്ദേഹം തിരിച്ചുവരുന്പോൾ പെട്ടെന്നു പോകാതിരിക്കാനും കുറച്ചുനേരം പുള്ളിയെ പിടിച്ചുനിർത്താനുമുള്ള ഒരു ടെക്നിക്കാണ് സൂത്രശാലിയായ മാഡം പ്രയോഗിച്ചതെന്ന് എനിക്കു മനസിലായി. മാത്രമല്ല അത്രയുംസമയം ഈ പാവത്തിനെ ഒഴിവാക്കിനിർത്തുകയും ചെയ്യാമല്ലോ.
ഞാൻ തിരിച്ചുവരുന്പോൾ കണ്ടത് മാക്സ് ഡി വെൻഡർ സോഫയിൽ മാഡത്തിനരികേ ഇരിക്കുന്നതാണ്. ആ കാഴ്ച എനിക്കും ആനന്ദം പകർന്നു. ഞാൻ നേരേ ചെന്ന് മാഡത്തിന് കവർ കൊടുത്തു. ഉടനെ അദ്ദേഹം എഴുന്നേറ്റ് എതിർവശത്ത് ഇരുന്നു. അത് ഞാനിരിക്കുന്ന ഭംഗികുറഞ്ഞ ഇരിപ്പിടമായിരുന്നു.
അദ്ദേഹം അരികിൽനിന്നു മാറിയത് മാഡത്തിന് ഇഷ്ടമായില്ല എന്ന് ആ മുഖഭാവം വെളിപ്പെടുത്തി. എന്തായാലും സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് മാഡം എന്നോടു പറഞ്ഞു: ""മിസ്റ്റർ ഡി വെൻഡർ നമ്മോടൊപ്പം കാപ്പി കഴിക്കാൻ പോകുന്നു.'' സന്തോഷചിത്തയായി ഞാൻ അദ്ദേഹത്തെ നോക്കി പുഞ്ചിരിതൂകി.
തിരിച്ചു മധുരമായൊരു പുഞ്ചിരി എനിക്കും സമ്മാനിച്ചു. ""നീ പോയി വെയിറ്ററുടെ അടുത്തുചെന്ന് ഓർഡർ കൊടുക്കൂ.''മാഡം അങ്ങനെ ചെയ്തത് ഞാൻ അവിടെ അത്ര പ്രസക്തയല്ലെന്നും അവരുടെ സംഭാഷണത്തിൽ എന്നെ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിനു തോന്നാനാണ്.
""കേട്ടോ, ഡി വെൻഡർ! നിങ്ങൾ ഈ ഹോട്ടലിലേക്കു കയറിവന്നപ്പോൾത്തന്നെ ഞാൻ നിങ്ങളെ മനസിലാക്കി. എന്റെ മരുമകൻ ബില്ലിയുടെ സ്നേഹിതനാണ് നിങ്ങൾ എന്നതിൽ ഞാനാശ്ചര്യപ്പെട്ടു. ഉടനെ എനിക്കുതോന്നി അവന്റെ മധുവിധുവിന്റെ ചില ഫോട്ടോകൾ നിങ്ങളെ കാണിക്കണമെന്ന്.'' എന്നിട്ട് കവറിലെ ചില ചിത്രങ്ങൾ കാണിച്ചുകൊടുത്തു.
""ഇതു ഡോറ, അവന്റെ വധു. അവളെന്നുവച്ചാൽ അവന് ജീവനാണ്. ഇത് അവർ പാം ബീച്ചിൽ സണ്‍ ബാത്ത് നടത്തുന്നതിന്റെ സ്നാപ്പുകളാണ്. ഡോറ ബഹുസുന്ദരിയാണ്. കണ്ടിട്ടു തോന്നുന്നില്ലേ?'' മാക്സ് ഡി വെൻഡർ നിശബ്ദനായി ഫോട്ടോകൾ നോക്കിക്കൊണ്ടിരുന്നു. എന്നാൽ മാഡം വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു.
അത് അദ്ദേഹത്തിനു രുചിക്കുന്നുണ്ടോ എന്ന ചിന്തയൊന്നുമില്ല. സത്യത്തിൽ അത് പൊങ്ങച്ചത്തിന്റെയും സ്വയം പ്രശംസയുടെയും വായാടിത്തത്തിന്റെയും പ്രകടനമായിരുന്നു. പല വിഷയങ്ങളും മാറിമാറി അടിച്ചേൽപ്പിക്കുന്നതുപോലെയായിരുന്നു സംസാരരീതി. അതിനാൽതന്നെ അദ്ദേഹത്തിന് അവയെല്ലാം അരോചകവുമായിരുന്നു.
അദ്ദേഹത്തിന്റെ മൗനം ശ്രേഷ്ഠമായ മാന്യതയും അന്തസും പുലർത്തുന്നതായിരുന്നു. എന്റെ സാന്നിധ്യം അവിടെയുണ്ടെന്നുപോലും മാഡം കണക്കാക്കുന്നില്ല. ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള ഒരു കീഴ്ജീവനക്കാരിയായ എന്നെ എന്തിനു കണക്കിലെടുക്കണം? എന്റെ വിഷമവും പ്രയാസവും മനസിലാക്കിയിട്ടെന്നവണ്ണം അദ്ദേഹം മുന്നോട്ടു കുനിഞ്ഞ് വിനീതനെപ്പോലെ ചോദിച്ചു:
""അല്പംകൂടി കാപ്പി വേണോ?'' ഞാൻ തലകുലുക്കി വേണ്ടെന്നു പറഞ്ഞു. അപ്പോഴും അദ്ദേഹം എന്നെ കൗതുകത്തോടെ ഉറ്റുനോക്കി. തുടർന്ന് ഒരു സിഗരറ്റ് കത്തിച്ചു പുകവിട്ടുകൊണ്ട് ഞങ്ങളോടു സംസാരിച്ചു: ""ഈ ഇറ്റാലിയൻ പട്ടണത്തെയും ഈ മോണ്ടി കാർലോയെയും കുറിച്ച് എന്താ നിങ്ങളുടെ അഭിപ്രായം?''
""ഇംഗ്ലണ്ടുകാരനായ നിങ്ങൾ അഭിപ്രായം ചോദിക്കേണ്ടത് നിങ്ങളുടെ മാൻഡെർലിയെക്കുറിച്ചാണ്. എല്ലാവരും കാണാൻ കൊതിക്കുന്ന ഒരു സ്വപ്നലോകം.'' എന്നോടു മാഡം ചോദിച്ചു: ""നീ കേട്ടിട്ടില്ലേ?'' ഞാൻ പറഞ്ഞു: ""ഞാൻ കണ്ടിട്ടുണ്ട്.''""എങ്ങനെ?''""കുട്ടിയായിരുന്നപ്പോൾ ഒരു പിക്ചർ കാർഡിൽ. പിന്നെ സ്വപ്നത്തിൽ.''
മാക്സ് ഡി വെൻഡർ അതുകേട്ട് പൊട്ടിച്ചിരിച്ചു. ഞാൻ പകച്ചുപോയി. പറഞ്ഞത് അവിവേകമായോ? മാഡം എന്നോടായി പറഞ്ഞു: ""ശതകോടീശ്വരനാണ് ഈ ഇരിക്കുന്നത്. അതിന്റെ ഗമയോ അഹങ്കാരമോ ഇല്ല. അപ്പനപ്പൂപ്പന്മാരായി പൂർവികമായി സന്പാദിച്ചിട്ടുള്ള സ്ഥലം.''
ഉടനെ അദ്ദേഹം പറഞ്ഞു: ""നിങ്ങൾ വേറെ എന്തെങ്കിലും സംസാരിക്കൂ.'' മിസിസ് പറഞ്ഞു: ""ഇതാണ് ഞാൻ പറഞ്ഞത്, സ്വന്തം സ്വത്തിനെയോ കുടുംബത്തെയോ പറ്റി പറഞ്ഞാൽ അഭിമാനിക്കുകയല്ലേ വേണ്ടത്? ഡി വെൻഡറിന് അതു തീരെയില്ല. എല്ലാം നിസാരമായി കാണും.''
വെറുമൊരു ചിരികൊണ്ട് ഡി വെൻഡർ അതിനു മറുപടിപറഞ്ഞു. എന്നിട്ടദ്ദേഹം പോകാനായി എഴുന്നേറ്റു. മിസിസ് പറഞ്ഞു: ""നേരന്പോക്കിനായി ഞാനും ഇവളും പതിവായി ബ്രിഡ്ജ് കളിക്കാറുണ്ട്. കൂടെക്കൂടുന്നോ?'' ""അയ്യോ ഇല്ല, നാളെ എനിക്ക് അത്യാവശ്യമായി ബോസ്പ്പെലിലേക്ക് പോകണം. കാറുമായി ഞാൻ പോകും. കുറേ ദൂരമുണ്ട്.
എപ്പോഴാണ് മടങ്ങുകയെന്നും പറയാനാവില്ല.'' ഓരോരുത്തരും അവരവരുടെ മുറികളിലേക്കു പോയി. കുറേ സമയം കഴിഞ്ഞപ്പോൾ ആരോ എന്റെ വാതിലിൽ മുട്ടി. ഞാൻ വാതിൽ തുറന്നു. ലിഫ്റ്റ് ബോയ് കടന്നുവന്നു. അവന്റെ കൈയിൽ ഒരു കുറിപ്പുണ്ടായിരുന്നു. അതു മാഡത്തിനായിരിക്കുമെന്നു കരുതി ഉടനെ ഞാൻ പറഞ്ഞു: ""മാഡം അപ്പുറത്തെ ബെഡ്റൂമിലുണ്ട്.''
അപ്പോൾ പയ്യൻ പറഞ്ഞു: ""മാഡത്തിനല്ല, കുറിപ്പ് നിങ്ങൾക്കാണ്.'' എന്നിട്ട് കുറിപ്പ് എനിക്കുനീട്ടി. ഞാനതു തുറന്നുവായിച്ചു. ""ക്ഷമിക്കണം, ഞാനിന്നു തെല്ലും ദയയില്ലാത്തമട്ടിൽ പരുക്കനായി പെരുമാറിയെന്നു തോന്നുന്നു. പരിഭവിക്കരുത്.''
കുറിപ്പ് തീർന്നു. പേരില്ല. ഒപ്പില്ല. എന്നാൽ എന്റെ പേര് കവറിന്മേൽ വളരെ വ്യക്തമായി തെറ്റാതെ എഴുതിയിട്ടുണ്ട്. നിമിഷനേരം ഞാൻ അതു കൈയിൽവച്ചു നിന്നു.
പയ്യൻ ചോദിച്ചു: ""ഇതിനു മറുപടി ഉണ്ടോ?'' ""ഇല്ല... ഇല്ല. മറുപടിയൊന്നുമില്ല.''
(തുടരും)
SUNDAY DEEPIKA
കോട്ടയ്ക്കൽ രഞ്ജിത്ത് വാര്യ
കർണാടകസംഗീതലോകത്തിന് യേശുദാസ് ആരാണ്? തലമുറകൾ അദ്ദേഹത്തിന്റെ കച്ചേരികൾ കേട്ടത് ഏതുവിധമാണ്?.. എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം യേശുദാസിലേക്ക് എത്തുന്ന വേളയിൽ വേറിട്ടൊരു കേൾവി...
ഏതൊരു കലയുടെയും വളർച്ചയും തുടർച്ചയും സംഭവിക്കുന്നത് കാലാകാലങ്ങളിൽ പുതിയ ആസ്വാദകർ സൃഷ്ടിക്കപ്പെടുന്നതിലൂടെയാണ്. ഓരോ കലാകാരനും (കലാകാരിയും) താൻ കയ്യാളുന്ന കലയുടെ വക്താവായി മാറുന്പോൾ ഒരു ആസ്വാദക സമൂഹം രൂപപ്പെടുന്നു.
വശ്യമായ ശബ്ദഗുണംകൊണ്ട് അനേകായിരങ്ങളെ ആരാധകരാക്കിമാറ്റി എന്നതുമാത്രമല്ല എം.എസ്. സുബ്ബലക്ഷ്മിയെയും യേശുദാസിനെയും വേറിട്ടുനിർത്തുന്നത്. ഈ ആരാധകരിലെ വലിയൊരു വിഭാഗത്തെയും സ്വക്ഷേത്രമായ കർണാടക സംഗീതത്തിലേക്ക് അടുപ്പിച്ചുനിർത്താൻ ഇവരോളം സാധിച്ച മറ്റ് എത്രപേരുണ്ട്?
മുത്തുസ്വാമി ദീക്ഷിതരെക്കുറിച്ച് ഒരു സാധാരണക്കാരൻ അറിയുന്നത് എം.എസ്. പാടുന്ന രംഗപുരവിഹാര കേട്ടിട്ടായിരിക്കും. അതുപോലെ യേശുദാസ് പാടിയ പാട്ടുകൾ ഏറ്റുപാടുന്നത് കേട്ടതുകൊണ്ടായിരിക്കും കേരളത്തിലെ മാതാപിതാക്കൾ മക്കളുടെ സംഗീതവാസന തിരിച്ചറിഞ്ഞതും പാട്ടു പഠിപ്പിച്ചതും.
ഇത്തരത്തിലുള്ള വ്യക്തിപ്രഭാവങ്ങളുടെ അസാന്നിധ്യത്തിൽ (കഴിഞ്ഞ ഒരഞ്ചുവർഷത്തിൽ) കർണാടക സംഗീതത്തിന് എത്ര പുതിയ ആസ്വാദകർ, അല്ലെങ്കിൽ വിദ്യാർഥികൾ ഉണ്ടായിട്ടുണ്ട് എന്ന കണക്കെടുത്താൽ സന്തോഷിക്കാൻ അധികമുണ്ടാവില്ല.
കച്ചേരികളിലെ യേശുദാസ്
സിനിമാഗാനരംഗത്തിന് ദാസേട്ടൻ ആരാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ കർണാടകസംഗീതലോകത്തിന് കെ.ജെ. യേശുദാസ് ആരാണ്? വലിയൊരു വിഭാഗത്തിന് യേശുദാസെന്നാൽ ചെന്പൈ വൈദ്യനാഥ ഭാഗവതരെ അനുസ്മരിപ്പിക്കുന്ന, വാതാപിയും തായേ യശോദയും പാവനഗുരുവും പാടുന്ന വത്സല ശിഷ്യനാണ്.
വേറേ ചിലർക്ക് ഗോപാലക പാഹിമാം, ക്ഷീരസാഗര ശയന, കൃപയാ പാലയ എന്നീ കൃതികൾ കടുകിട മാറ്റമില്ലാതെ കേൾക്കാനാണിഷ്ടം. യേശുദാസിന്റെ ഒട്ടുമിക്ക കച്ചേരികളുടെയും ഉത്തരാർധം നിശ്ചയിച്ചിരുന്നത് സിനിമാഗാന, ലളിതഗാന പ്രേമികളുടെ ഇംഗിതങ്ങൾക്കനുസരിച്ചാണ്.
കുറച്ചുകൂടി ഗൗരവമായി കച്ചേരികേൾക്കുന്നവർക്ക് അദ്ദേഹം കല്യാണി, ഖരഹരപ്രിയ, ശങ്കരാഭരണം, ചാരുകേശി, മോഹനം, മധ്യമാവതി തുടങ്ങിയ രാഗങ്ങൾ വിസ്തരിച്ചുപാടുന്നത് എത്രകേട്ടാലും മതിവരില്ല. അത്രത്തോളംതന്നെ വിമർശകരുമുണ്ട് ഇക്കാര്യത്തിൽ. ക്രമസന്പൂർണങ്ങളായ രാഗങ്ങളും ഒൗഡവ, ഷാഡവ രാഗങ്ങളും വിസ്തരിക്കുന്നതിലല്ല മഹത്വം എന്നാണ് ഇവരുടെ വാദം.
എന്നാൽ യേശുദാസ് പാടുന്ന തികവോടുകൂടി മൂന്നു സ്ഥായികളിലും അന്യസ്വരങ്ങൾ കടന്നുകൂടാതെ അതിവിളംബവും അതിദ്രുതവും സ്വായത്തമാക്കാൻ മേളകർത്താരാഗങ്ങൾ എത്ര നിഷ്ഠയോടെ സാധകം ചെയ്തുകൊണ്ടിരിക്കണം എന്നത് കേൾവിക്കാരന് അറിയേണ്ടല്ലോ!
ശേഷിക്കുന്ന ഒരു വിഭാഗം കേൾവിക്കാരുടെ കാര്യം എടുത്തുപറയണം. സാന്പ്രദായികമായ സംഗീതം മാത്രം അംഗീകരിക്കുന്ന ഇവർക്ക് അദ്ദേഹം പാടുന്ന നാരായണഗൗളയോ നാസികാഭൂഷണിയോ വിവർധിനിയോ വാഗധീശ്വരിയോ കോമളാംഗിയോ രാമപ്രിയയോ ഒന്നും കേൾക്കാതിരിക്കാനാവില്ല. അത് പറഞ്ഞുനടക്കാറില്ലെന്നു മാത്രം.
സിനിമാപ്പാട്ടുകാരന്‍ കർണാടകസംഗീതത്തിന്റെ രക്തി വഴങ്ങുമോ എന്ന് സംശയമുള്ളവർക്ക് അദ്ദേഹം പണ്ടു പാടിവച്ചിട്ടുള്ള ഭൈരവി രാഗത്തിന്റെ ആലാപനം ഒന്നു കേട്ടുനോക്കാവുന്നതാണ്. ഗമകങ്ങളും അചലസ്വരങ്ങളും വേർതിരിച്ചു പ്രയോഗിക്കുന്നതിലുള്ള പ്രാഗത്ഭ്യം കേട്ടുമനസിലാക്കേണ്ടതാണ്.
അതെവിടെയെല്ലാം പ്രയോഗിക്കുന്നു എന്ന കാര്യത്തിൽ അഭിപ്രായങ്ങൾ പലതുണ്ടാകാം. എന്നാൽ ഇന്നത്തെ സംഗീതസദിരുകളിൽ വന്നുകൂടിയിട്ടുള്ള ഗമകങ്ങളുടെ ദുർവിനിയോഗം കേൾക്കുന്പോൾ, ഒരുകാലത്ത് സിനിമാപ്പാട്ടുകാരൻ എന്നുപറഞ്ഞ് മാറ്റിനിർത്തിയ ആ ഗായകൻ കാണിച്ചതിന്റെ പകുതി ശ്രദ്ധപോലും ഇവർക്കൊന്നും ഇല്ലാതെപോയല്ലോ എന്ന് അദ്ഭുതപ്പെടും.
കച്ചേരിയിൽ കെ.ജെ. യേശുദാസിന് നേരിടേണ്ടിവന്നിട്ടുള്ളത് അദ്ദേഹത്തിന്റെ പ്രതിച്ഛായയോടു മാത്രമാണ്. തെളിഞ്ഞ ശബ്ദത്തിൽ, സ്ഫുടമായി തിരുത്തലുകൾക്കിടയില്ലാത്തവണ്ണം അവതരിപ്പിക്കപ്പെടുന്ന കച്ചേരികൾക്ക് "അഴ്ത്ത'മില്ല എന്ന് പാരന്പര്യവാദികൾ വിശ്വസിച്ചു.
പരിമിതികളില്ലാത്ത ശാരീരം അവരെ ഒരു പരിധിക്കപ്പുറം വിസ്മയപ്പെടുത്തിയില്ല. എന്നാൽ ന്യൂനതകളുള്ള ശബ്ദത്തിന് പലപ്പോഴും കർണാടക സംഗീതാസ്വാദകർ നൽകിവന്നിട്ടുള്ള പരിഗണന പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും.
വരാനിരിക്കുന്ന തലമുറയെങ്കിലും മുൻവിധികളില്ലാതെ യേശുദാസിന്റെ കച്ചേരികളുടെ ഓഡിയോ കേൾക്കുമെന്നു കരുതാം. ചെന്പൈ ഭാഗവതരിൽനിന്നു പഠിച്ചതും, സംഗീതകോളജിൽനിന്ന് പഠിപ്പിച്ചതുമല്ലാതെ അനവധി അപൂർവ കീർത്തനങ്ങളും യേശുദാസ് കേട്ടുപഠിച്ചു.
ഭാവനകളത്രയും പ്രകടമാക്കാൻപോന്ന കണ്ഠം കൈമുതലാക്കി അപൂർവരാഗങ്ങളിൽപ്പോലും അദ്ദേഹം തന്റെ മനോധർമങ്ങൾ ലോഭമില്ലാതെ പ്രയോഗിച്ചു. എന്നാൽ സംഗീതസംവിധായകർ നിശ്ചയിക്കുന്ന സിനിമാസംഗീതപാഠങ്ങളിൽ ഒന്നുപോലും തന്റെ മനോധർമങ്ങൾ പ്രകടമാക്കാനുള്ള ആയുധങ്ങളായി മനപ്പൂർവം അദ്ദേഹം മാറ്റിയിട്ടില്ല.
ശതാഭിഷേകം കഴിഞ്ഞുനിൽക്കുന്പോഴും യേശുദാസ് ശ്രുതിചേർത്തുപാടാതെ പോകുന്ന ദിവസങ്ങൾ കുറവായിരിക്കും. അതു കേൾക്കാനും പ്രചോദിതരാകാനും കഴിയുന്നില്ലെങ്കിൽ നഷ്ടം ഈ തലമുറയ്ക്കും വരാനിരിക്കുന്ന തലമുറകൾക്കുമാണ്.
സംഗീതസത്യം, ആചന്ദ്രതാരം
എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം യേശുദാസിനു ലഭിക്കുന്പോൾ ആധുനികസമൂഹം ചർച്ചചെയ്യേണ്ടത് അവർ ഇരുവരും എങ്ങനെ ഒരു കാലത്തിന്റെ പാട്ടുകാരായി എന്നാണ്. അവരുടെ കുടുംബ പശ്ചാത്തലം എങ്ങനെയായിരുന്നു എന്നല്ല, ചരിത്രം അവർക്കു മുന്‍പും ശേഷവുമെന്ന് എങ്ങനെ കുറിക്കപ്പെട്ടു എന്നാണ്..
രണ്ടുപേരും ഗുരുസ്ഥാനത്തു കണ്ടിരുന്ന ശെമ്മാങ്കുടി ശ്രീനിവാസയ്യർ എന്ന മഹാഗുരുവിനെയും അദ്ദേഹത്തിന്റെ സംഗീതപരന്പരയെയും അനുസ്മരിക്കേണ്ടതുണ്ട്. സിനിമാ സംഗീതശാഖയ്ക്ക് ഇനി വരാനിരിക്കുന്ന കാലം ഏറ്റവുമാവശ്യം സാങ്കേതികവിദ്യതന്നെയായിരിക്കും, ശാസ്ത്രീയമായ സംഗീതാഭ്യസനമായിരിക്കില്ല.
കൃത്രിമബുദ്ധിക്ക് മനുഷ്യമനസിൽ ഉണ്ടാക്കാവുന്ന ചലനങ്ങൾക്ക് അധികം ആയുസില്ലെന്ന് പാട്ടിന്റെ ഉടയോന്മാർ തിരിച്ചറിയുന്ന കാലം വരാതിരിക്കില്ല. അന്ന് നാദം എന്ന വാക്കിന്റെ അർഥമന്വേഷിച്ച് അവർ യാത്ര പുറപ്പെടും. അതിൽ ചിലർ സമുദ്രനിരപ്പിൽനിന്ന് നാലായിരം അടി മുകളിലുള്ള കാനനക്ഷേത്രത്തിൽ എത്തിയേക്കാം.
അവിടെ മകരമാസരാത്രിയിലെ മരംകോച്ചുന്ന തണുപ്പിലും ആയിരക്കണക്കിന് മനുഷ്യർ ഒരു ശബ്ദത്തിനായി ചെവിയോർക്കുന്നതു കാണാം. മധ്യമാവതി രാഗത്തിലുള്ള ആ സംഗീതം പ്രകൃതിയുമായി ലയിച്ചുചേരുന്പോൾ മനുഷ്യൻ തിരിച്ചറിയും, സംഗീതത്തിന് സത്യമുണ്ടെങ്കിൽ അത് ആചന്ദ്രതാരം നിലകൊള്ളുമെന്ന്.
(പ്രശസ്ത കർണാടക സംഗീതജ്ഞനാണ് ലേഖകൻ)
SUNDAY DEEPIKA
സെബിൻ ജോസഫ്
കോട്ടയം സിഎംഎസ് കോളജിലെ ഗവേഷകർ കഴിഞ്ഞ ഏഴുവർഷംകൊണ്ട് നേടിയത് 43 വിദേശ സ്കോളർഷിപ്പുകൾ... അധികവും ഒരു കോടി രൂപയ്ക്കു മുകളിൽ മൂല്യമുള്ളത്. ശാസ്ത്രവിഷയങ്ങളിലെ സമഗ്രമായ ഗവേഷണമാണ് ഡോ. വിപിൻ ഐപ് തോമസിന്റെ നേതൃത്വത്തിൽ ഇവിടെ നടക്കുന്നത്. മെഷീൻ ലേണിംഗ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നിവ അതിനു പിൻബലമാകുന്നു...
ടെസ്റ്റ് ട്യൂബുകൾ, ബീക്കറുകൾ, പിപ്പെറ്റുകൾ, മൈക്രോസ്കോപ്പ്, ബർണർ... ഒപ്പം ഏതൊക്കെയോ രാസപദാർഥങ്ങളുടെ രൂക്ഷഗന്ധം... കെമിസ്ട്രി ലാബ് എന്നുകേട്ടാൽ മനസിൽ തെളിയുന്നത് ഇതൊക്കെയാവും. എന്നാലിതാ, കോട്ടയം സിഎംഎസ് കോളജിലെ തിയററ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ റിസർച്ച് ലാബിലേക്കു വരൂ.., സങ്കല്പങ്ങൾ മാറിമറിയുന്നതു കാണാം- ഒരു രാസസങ്കരം നിറംമാറുന്നതുപോലെ!
വിദേശത്തു പഠനത്തിനു പ്രവേശനം തരപ്പെടുത്താൻ വിദ്യാർഥികൾ തിടുക്കപ്പെടുന്പോൾ ഇവിടെനിന്നുള്ള വിദ്യാർഥികളെയും ഗവേഷകരെയും വിദേശസർവകലാശാലകൾ ലക്ഷങ്ങളും കോടികളും നൽകി കൊത്തിക്കൊണ്ടുപോകുന്നു. സ്കോളർഷിപ്പോടെ അവരുടെ തുടർഗവേഷണം വിദേശരാജ്യങ്ങളിലെ മികച്ച ലാബുകളിൽ സാധ്യമാക്കുന്നു. കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. വിപിൻ ഐപ് തോമസ് ഏഴു വർഷമായി നടത്തിവരുന്ന പ്രത്യേക ഗവേഷണപരിശീലനമാണ് ഈ നേട്ടങ്ങൾക്കു പിന്നിൽ.
ബിരുദതലത്തിൽതന്നെ ഗവേഷണതത്പരരായ വിദ്യാർഥികളെ കണ്ടെത്തി ഡോ. വിപിനു കീഴിൽ ഗവേഷണത്തിന് ഇന്റേണ്‍ഷിപ് നൽകുന്നു. സിഎംഎസ് കോളജിലെ വിവിധ സയൻസ് ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർഥികളും ഐഐടി, ഐസർ പോലുള്ള രാജ്യത്തെ മികച്ച ഗവേഷണകേന്ദ്രങ്ങളിലെ വിദ്യാർഥികളും മറ്റു യൂണിവേഴ്സിറ്റി വിദ്യാർഥികളും ഈ കൂട്ടായ്മയിലുണ്ട്.
ഗവേഷണകേന്ദ്രം ന്യൂജെൻ
വിവിധ ക്ലൗഡ് നെറ്റ്വർക്കുകളിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പുകളുടെ കൂട്ടമാണ് തിയററ്റിക്കൽ ലാബ് എന്നു പറയാം. ജീവശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതം, കംപ്യൂട്ടർ സയൻസ് എന്നീ ശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട ദൈനംദിന വിഷയങ്ങളിലാണ് ഇവിടെ ഗവേഷണം നടത്തുന്നത്.
ലോകത്തിലെ വിവിധ കോണുകളിൽ ഗവേഷകർ കണ്ടെത്തിയ വിവരങ്ങളെ കംപ്യൂട്ടർ പ്രോഗ്രാമുകളുടെ സഹായത്തോടെ വിശകലനം ചെയ്തും മെഷീൻ ലേണിംഗ്, നിർമിത ബുദ്ധി, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നീ സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ചുമാണ് ഗവേഷണം മുന്നേറുന്നത്.
1817 ൽ സ്ഥാപിതമായ സിഎംഎസ് കോളജിന്റെ വിദ്യാഭ്യാസ ഗവേഷണ രംഗത്തെ പുതിയ ചുവടുവയ്പാണ് തിയററ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ ലാബ്. 2018ലാണ് ലാബിന്റെ പ്രവർത്തനം ആരംഭിച്ചത്.സിഎംഎസ് കോളജിൽനിന്നു പ്രീഡിഗ്രിയും രസതന്ത്രത്തിൽ ഡിഗ്രിയും പൂർത്തിയാക്കിയ ഡോ. വിപിൻ, കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽനിന്ന് പിജി പൂർത്തിയാക്കി.
ജെആർഎഫ് ഫെലോഷിപ്പോടെ ഐഐടി കാണ്‍പുരിൽ പിഎച്ച്ഡി ഗവേഷണം ആരംഭിച്ചു. ഒന്നരവർഷത്തിനുശേഷം കാനഡ മോണ്ട്രിയോൾ യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ ഗവേഷണം നടത്താൻ ക്ഷണം. 2012ൽ പിഎച്ച്ഡി പൂർത്തിയാക്കിയ ഇദ്ദേഹം 2014ൽ അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്ന് പോസ്റ്റ് ഡോക്ടറൽ നേടി. കംപ്യൂട്ടേഷണൽ കെമിസ്ട്രിയായിരുന്നു ഗവേഷണമേഖല.
വിദേശ യൂണിവേഴ്സിറ്റികളിൽ ഗവേഷണ സാധ്യതയുണ്ടായിരുന്നിട്ടും 2014 അവസാനത്തോടെ ഡോ. വിപിൻ സിഎംഎസ് കോളജിൽ അധ്യാപകനായി ചേർന്നു. ഇദ്ദേഹത്തിന്റെ കീഴിൽ അഞ്ചുപേർ നിലവിൽ പിഎച്ച്ഡി ഗവേഷണം നടത്തുന്നു. മൂന്നുപേർ ഗവേഷണം പൂർത്തിയാക്കി. സയൻസ് വിഷയങ്ങളിൽ ലോകത്ത് എവിടെനിന്നു ലഭിക്കുന്ന അറിവും ഒന്നുതന്നെയാണെന്നു വിശ്വസിക്കുന്ന ഇദ്ദേഹം, ഇന്ത്യയിലെ ഗവേഷണരംഗം മികച്ചതാണെന്ന് പറയുന്നു.
കൃത്യമായ ലക്ഷ്യത്തോടെയുള്ള ഗവേഷണങ്ങളേ അംഗീകരിക്കപ്പെടുകയുള്ളൂ. ഇതിനായി മികച്ച അന്താരാഷ്ട്ര ജേർണലുകളിൽ നമ്മുടെ പഠനങ്ങൾ പ്രസിദ്ധീകരിക്കണം. തിയററ്റിക്കൽ ലാബിൽ വിദ്യാർഥികൾ നടത്തുന്ന ഗവേഷണങ്ങൾ അമേരിക്കൻ കെമിക്കൽ സൊസൈറ്റി, റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി, നേച്ചർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കുന്നു.
വർഷം പത്തിനു മുകളിൽ പഠനങ്ങളാണു പ്രസിദ്ധീകരിച്ചുവരുന്നത്. ഇത് അന്താരാഷ്ട്രതലത്തിൽ ലാബിന്റെ പ്രശസ്തി വർധിപ്പിക്കുകയും വിദേശ സർവകലാശാലകളിൽ വിദ്യാർഥികൾക്ക് ഗവേഷണത്തിന് അവസരം ഒരുക്കുകയും ചെയ്യുന്നു. അധ്യാപനത്തോടൊപ്പം ഗവേഷണവും മുന്നോട്ടു കൊണ്ടുപോകുന്ന ഡോ. വിപിന്‍ കരുത്തായി തിയററ്റിക്കൽ ഫിസിക്സിൽ അസിസ്റ്റന്റ് പ്രഫസറായ ഭാര്യ ഡോ. ജെസ്ലി ജേക്കബുമുണ്ട്.
ചങ്ങനാശേരി അസംപ്ഷൻ കോളജിൽ അധ്യാപികയായ ജെസ്ലിയും തിയററ്റിക്കൽ ലാബിലേക്കുള്ള ഗവേഷകരെ കണ്ടെത്തിനൽകുന്നുണ്ട്. രാജ്യത്തെ വിഭ്യാഭ്യാസ സംവിധാനം മികച്ചതാണെങ്കിലും ഗവേഷണത്തെ സഹായിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വലുതാണെന്നു ഡോ. വിപിൻ ഐപ് തോമസ് പറയുന്നു.
ശാസ്ത്രവിഷയങ്ങൾ ഒറ്റക്കെട്ട്
ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതം, കംപ്യൂട്ടർ സയൻസ് എന്നിങ്ങനെ ശാസ്ത്രവിഷയങ്ങളെ പ്രാഥമികമായി തരംതിരിക്കാതെ ഇന്റർ ഡിസിപ്ലിനറിയായ ഗവേഷണത്തിനാണ് മുൻതൂക്കം നൽകുന്നത്. അതിനാൽ, നാല് ശാസ്ത്രമേഖലകളിൽനിന്നുള്ള വിദ്യാർഥികളും ലാബിൽ ഗവേഷണം നടത്തുന്നു. സാംക്രമിക രോഗങ്ങളുടെ വ്യാപനം സംബന്ധിച്ചാണ് ഒരാളുടെ പഠനമെങ്കിൽ ഓർഗാനിക് സോളാർ സെല്ലുകളെക്കുറിച്ചാണ് മറ്റൊരാൾ പഠനം നടത്തുന്നത്. മഹാമാരികൾ തടയുന്നതിനും അർബുദത്തിനെ പ്രതിരോധിക്കുന്നതിനുമുള്ള ഗവേഷണവും നടക്കുന്നു.
ജീവന്റെ അടിസ്ഥാനമായ അദൃശ്യ തന്മാത്രകൾ സിദ്ധാന്തത്തിന്റെയും അൽഗോരിതത്തിന്റെയും മുൻഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യപ്പെടുന്നു. നഗ്നനേത്രങ്ങൾക്കു കണ്ടെത്താൻ സാധിക്കാത്ത വിവിധ രാസപ്രവർത്തനങ്ങളും കംപ്യൂട്ടറിന്റെ സഹായത്തോടെയാണ് വിശകലനം ചെയ്യപ്പെടുന്നത്. രാസപ്രവർത്തനങ്ങളിൽ ഒരു ഉൽപ്രേരകം വഹിക്കുന്ന പങ്കു കണ്ടെത്താൻ ദീർഘമായ ഗവേഷണം ആവശ്യമാണ്.
എന്നാൽ, കംപ്യൂട്ടറിന്റെ സഹായത്തോടെ ആയിരം മടങ്ങ് മികച്ച വിവരം കണ്ടെത്താൻ സാധിക്കും. പരന്പരാഗത പരീക്ഷണങ്ങൾക്ക് ഉത്തരം നൽകാൻ സാധിക്കാത്ത ചോദ്യങ്ങളും ഇത്തരത്തിൽ വിശകലനം ചെയ്യാം. മെഷീൻ ലേണിംഗ്, ബയോ സെൻസറിംഗ്, വൈറസ് സ്പില്ലോവർ, സോളാർ സെൽസ് എന്നീ മേഖലകളിൽ പഠനം പുരോഗമിക്കുന്നു. മരുന്നുകളെക്കുറിച്ചും എച്ച്1എൻ1, കോവിഡ് പോലുള്ള രോഗങ്ങളെക്കുറിച്ചും ഗവേഷണം നടക്കുന്നുണ്ട്.
വിളകളിലെ കീടശല്യത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ഗവേഷണം നടത്തി, ഇവയെ പ്രതിരോധിക്കുന്നതിലൂടെ മികച്ച വിളവ് ഉറപ്പുവരുത്താനും സാധിക്കുന്നു. കെ-മെർ അനാലിസിസ്, സ്പിൽ ഓവർ പ്രഡിക്ഷൻ സ്കോർസ് എന്നിവ ഉപയോഗിച്ചാണ് വൈറസ് വ്യാപനം കണ്ടെത്തുന്നത്. ഏതു വൈറസാണ് മാരക അപകടകാരികൾ എന്നു കണ്ടെത്താൻ ഗവേഷണത്തിലൂടെ സാധിക്കും. സസ്യങ്ങളിൽനിന്നും ജന്തുക്കളിൽനിന്നും മനുഷ്യനിലേക്കുള്ള വൈറസ് വ്യാപനം തടയുന്നതിനും വൈറസ് പ്രജനനം നിയന്ത്രിക്കുന്നതിനും ഇതിലൂടെ സാധിക്കും.
രസതന്ത്രത്തിലെ പച്ചത്തുരുത്ത്
മരുന്നുകൾ, വളങ്ങൾ, ഇന്ധനങ്ങൾ, പ്ലാസ്റ്റിക് എന്നിവയുടെ നിർമാണം രാസപ്രവർത്തനങ്ങളാണല്ലോ.
രാസപ്രവർത്തനങ്ങളുടെ ഗതിവേഗം നിർണയിക്കുന്നത് ഉൽപ്രേരകങ്ങളുടെ (കാറ്റലിസ്റ്റ്) സാന്നിധ്യമാണ്. കാറ്റലിസ്റ്റുകളുടെ അളവ് നിർണയിക്കുന്നതിനും പുതിയവ കണ്ടെത്തുന്നതിനും തിയററ്റിക്കൽ ലാബിലെ മെഷീൻ ലേണിംഗിലൂടെ സാധ്യമാക്കുന്നു. മെഷീൻ ലേണിംഗിന്റെയും ആർട്ടിഫിഷൽ ഇൻലിജൻസിന്റെയും സഹായത്തോട ഗവേഷണം പൂർത്തിയാക്കുന്നതിലൂടെ സമയവും പണച്ചെലവും കുറയ്ക്കാം, കൂടുതൽ കൃത്യത ഉറപ്പാക്കുകയുമാവാം.
ചെലവേറിയ സിലിക്കണ്‍ സോളാർ സെല്ലുകൾക്കു പകരം ഓർഗാനിക് സെല്ലുകൾ കണ്ടെത്തുന്നതിനും വിവിധ നാനോ തന്മാത്രകളെക്കുറിച്ചുമുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. ജീവ-ഉൗർജ സംരക്ഷണ ഗവേഷണ മേഖലയിലെ വൻ അവസങ്ങളിലേക്കാണ് തിയററ്റിക്കൽ ലാബ് വഴിതുറക്കുന്നത്.
വ്യവസായ-ഭക്ഷണശാലകളിലെയും അടുക്കളയിലെയും രാസപ്രവർത്തനങ്ങൾ അന്തരീക്ഷത്തിൽ ഹരിതവാതകങ്ങൾ ഉൾപ്പെടെ നിരവധി ഉപദ്രവകാരികളായ സൂക്ഷ്മവസ്തുക്കൾ എത്തിച്ചിട്ടുണ്ട്. മനുഷ്യ ജീവന് ഉപദ്രവകാരികളായ ഘടകങ്ങളെ കണ്ടെത്തി, അവയെ ഉന്മൂലനം ചെയ്യാൻ കംപ്യൂട്ടേഷണൽ കെമിസ്ട്രി ഗവേഷണത്തിലൂടെ സാധ്യമാകും.
ഇത്തരത്തിൽ മനുഷ്യരാശിയുടെ മുന്നോട്ടുള്ള ചലനത്തെ ത്വരിതപ്പെടുത്തുന്ന ഗവേഷണങ്ങളാണ് ഡോ. വിപിനും സംഘവും നടത്തിവരുന്നത്. യുഎസ്, കാനഡ, ജർമനി, സിറ്റ്സർലൻഡ്, അയർലൻഡ്, ഡെൻമാക്ക്, സൗദി അറേബ്യ, ബ്രിട്ടൻ, സ്പെയിൻ രാജ്യങ്ങളിലെ മികച്ച പരീക്ഷണശാലകൾ വിപിന്റെയും സംഘത്തിന്റെയും ഗവേഷണത്തെ നിരീക്ഷിക്കുകയും ഗവേഷണത്തിൽ പങ്കാളികളാകുകയും ചെയ്യുന്നു.
43 വിദേശ സ്കോളർഷിപ്പുകൾ
2018ൽ പ്രവർത്തനം തുടങ്ങിയ തിയററ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ റിസർച്ച് ലാബിലെ ഗവേഷകർക്ക് ഏഴുവർഷംകൊണ്ടു ലഭിച്ചത് 43 വിദേശ സ്കോളർഷിപ്പുകളാണ്.
ബിരുദാനന്തരബിരുദം, ഡോക്ടറൽ ഗവേഷണം എന്നിവ നടത്തുന്നതിനുള്ള ഒരു കോടി രൂപയ്ക്കു മുകളിൽ മൂല്യമുള്ള സ്കോളർഷിപ്പുകളാണ് അധികവും. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ആകമാനം അഭിമാനിക്കാവുന്ന നേട്ടമാണ് വിപിനും ഗവേഷകരും സിഎംഎസ് കോളജിൽ സാധ്യമാക്കിയിരിക്കുന്നത്. നേട്ടങ്ങൾക്കുപിന്നിൽ മാനേജർ ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാന്റെയും പ്രിൻസിപ്പൽ ഡോ. അഞ്ജു സോസൻ ജോർജിന്റെയും പൂർണപിന്തുണയുണ്ട്.
കെമിസ്ട്രി ഡിപ്പാർട്ട്മെന്റിൽ പഠനത്തിനെത്തിയ വിദ്യാർഥികളിൽനിന്നാണ് ഗവേഷണ താത്പര്യമുള്ളവരെ ആദ്യം കണ്ടെത്തിയത്. പിന്നീട്, ഇതു കോളജിലെ മറ്റു ഡിപ്പാർട്ട്മെന്റുകളിലേക്കും വ്യാപിപ്പിച്ചു. ഇപ്പോൾ ഐഐടി, ഐസർ, വിവിധ യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽനിന്നും ഗവേഷകർ എത്തുന്നു. അക്കാഡമിക് രംഗത്ത് മികവു പുലർത്തുന്ന വിദ്യാർഥികളിൽ ഗവേഷണ താത്പര്യം കണ്ടെത്തുക ബുദ്ധിമുട്ടുള്ള ജോലിയാണെന്ന് ഡോ. വിപിൻ പറഞ്ഞു. കോളജിലെ മറ്റു ഡിപ്പാർട്ട്മെന്റുകളിലെ അധ്യാപകർ മികച്ച ഗവേഷകരെ കണ്ടെത്തുന്നതിന് സഹായം നൽകുന്നു.
വിദ്യാർഥികളുടെ പരീക്ഷാ ഉത്തരക്കടലാസുകളിലെ എഴുത്തിന്റെ ശൈലിയും തിയറി ക്ലാസിലെ സംശയങ്ങളും ജൂണിയർ ഗവേഷകരെ കണ്ടെത്താൻ കാരണമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡിഗ്രി അല്ലെങ്കിൽ പിജി പഠനത്തിനുശേഷം തിയററ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ റിസർച്ച് ലാബിൽ ഇന്റേണ്‍ഷിപ്പിന് എത്തുന്നവർക്ക് പ്രത്യേക സാന്പത്തിക സഹായമൊന്നും ലഭിക്കുന്നില്ല.
സ്വന്തം കൈയിൽനിന്നാണ് വിദ്യാർഥികൾ ഗവേഷണച്ചെലവ് കണ്ടെത്തുന്നത്. അതാനാൽ വളരെ ചെലവുചുരുക്കിയാണ് ഗവേഷണം പൂർത്തിയാക്കുന്നത്. എംഎസ്സി, പിഎച്ച്ഡി എന്നിവയ്ക്കായി 25 ഗവേഷകരാണ് ലാബിൽ നിലവിൽ ഉള്ളത്. ഇവരിൽ നാലുപേർക്ക് വിദേശ സ്കോളർഷിപ് ലഭിച്ചുകഴിഞ്ഞു. ഗവേഷണം പൂർത്തിയാക്കിയവരിൽ 15 പേർ കെമിസ്ട്രി അധ്യാപകരായി വിവിധ കോളജുകളിൽ ജോലിചെയ്യുന്നു.
വിദേശരാജ്യത്തെ ഗവേഷണത്തിനുശേഷം ബിസിനസ് ആശയവുമായി മുന്നോട്ടുപോകുന്നവരുണ്ട്. ഇവരെ സഹായിക്കാൻ വിദേശനിക്ഷേപകരുമെത്തുന്നു. വിദേശരാജ്യത്തെ പഠനത്തിനുശേഷം തിരിച്ച് ഇന്ത്യയിലെത്തി അധ്യാപനം നടത്തുന്ന ഡോ. വിപിനെ പോലുള്ള ഗവേഷകർ ശാസ്ത്രലോകത്തെ ഉന്നത പുരസ്കാരങ്ങൾ ഇന്ത്യയിലെത്തിക്കുന്നകാലം വിദൂരമല്ല.
SUNDAY DEEPIKA
ഹരിപ്രസാദ്
ഒരുപാടൊരുപാടു വിജയങ്ങള്‍ നേടിയശേഷം ജീവിതത്തിന്റെ സായാഹ്നത്തിലിരുന്ന് പോയകാലം നന്ദിയോടെ ഓര്ക്കാനാവുകയെന്നത് സുകൃതമാണ്. 92 വയസു പൂര്‍ത്തിയായവേളയില്‍ എട്ടുപതിറ്റാണ്ടുപിന്നിട്ട സംഗീതജീവിതം വാക്കുകളില്‍ വരച്ചിടുകയായിരുന്നു വിഖ്യാത ഗായിക ആശാ ഭോസ്ലേ. ഇനിയും ഒരുപാടു പഠിക്കാനുണ്ടെന്നു പറയുന്നു ആരാധകരുടെ പ്രിയപ്പെട്ട ആശാ തായി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവരുടെ ജന്മദിനം...
""പേരുപോലെതന്നെ എന്റെ ഉള്ളുനിറയെ ആശയാണ്. എനിക്കിനിയും ഒരുപാടു ചെയ്യാനുണ്ട്''- പറയുന്നത് 92 വയസു തികഞ്ഞ ഗായികയാണ്, ആശാ ഭോസ്ലേ.
സംഗീതം ഇഷ്ടപ്പെടുന്ന മനുഷ്യജീവനുകള്‍ക്ക് ഇതിനപ്പുറം എന്തു പ്രതീക്ഷയാണ് പകരേണ്ടത്! ഇങ്ങനെ കേള്‍ക്കാന്‍ കഴിയുന്നതുതന്നെ ഭാഗ്യം.പത്താം വയസില്‍ പാടിത്തുടങ്ങി, മിന്നിത്തിളങ്ങുന്ന എട്ടുപതിറ്റാണ്ടുകള്‍ പിന്നിട്ട ഗായികയുടെ പുതിയ പാട്ട് ഈ കുറിപ്പ് പുറത്തിറങ്ങുന്നതിനു രണ്ടുനാള്‍ മുമ്പ് ലോകം കേട്ടിരിക്കും.
വിഖ്യാതമായ ഒരു ബ്രിട്ടീഷ് ബാന്‍ഡിനൊപ്പമാണ് ആശയുടെ ആ പാട്ട്. സംഗീതത്തില്‍ പൊതുവേ പറഞ്ഞുവച്ച ചട്ടക്കൂടുകള്‍ മറികടക്കുമ്പോള്‍ അസാധാരണ പ്രതിഭകളായ സംഗീതസംവിധായകരെല്ലാം എന്നെ പരീക്ഷണത്തിനുള്ള ഉപാധിയാക്കിയെന്നത് വലിയ സന്തോഷം- അവര്‍ പറയുന്നു.
കൈപിടിക്കുന്ന കൈയടികള്‍
"ഈ നീണ്ടയാത്രയില്‍ പിന്തുണയേകിയ ഓരോരുത്തര്‍ക്കും നന്ദിപറയാന്‍ ഈ അവസരം ഉപയോഗിക്കുന്നു. നിങ്ങളുടെ സ്നേഹമില്ലായിരുന്നെങ്കില്‍ എനിക്ക് ഇത്രകാലം തുടരാന്‍ കഴിയില്ലായിരുന്നു.
ഓരോതവണ കേള്‍ക്കുന്ന കൈയടികളും സംഗീതസാഗരത്തിന്റെ എത്തിപ്പെടാത്ത ആഴങ്ങളിലേക്കിറങ്ങാന്‍ എന്നെ പ്രചോദിപ്പിച്ചു. പുറമേ കാണുന്നതുപോലെയല്ല, ഞാന്‍ ഉള്ളുകൊണ്ട് അല്പം നാണക്കാരിയാണ്.
നേട്ടങ്ങളെക്കുറിച്ചു പറയാന്‍ എനിക്കു ധൈര്യമില്ല. പഠിക്കാന്‍ ഇനിയും ഒരുപാടുണ്ടെന്നതുതന്നെ കാരണം. മുന്നിലുള്ള സമയം വളരെ കുറവും'. ഔദ്യോഗികമായി 11,000 പാട്ടുകള്‍ പാടി റെക്കോര്‍ഡ് ചെയ്തതിന്റെ കണക്കുമായി ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് സ്വന്തമായുള്ള ഗായികയാണ് ഇതു പറയുന്നതെന്നോര്‍ക്കണം.
"സത്യമായും എന്തെങ്കിലും റിക്കാര്‍ഡ് ഭേദിക്കണമെന്ന ആഗ്രഹത്തോടെ ഞാന്‍ ജോലിചെയ്തിട്ടില്ല. സിനിമാ സംഗീതരംഗം പുത്തന്‍ അനുഭവങ്ങളുടെ ലോകമായിരുന്നു. ആളുകള്‍ക്ക് എന്റെ പാട്ടുകള്‍ ഇഷ്ടമായതോടെ കൂടുതല്‍ അവസരങ്ങള്‍ വന്നു. ഏഴു പാട്ടുകള്‍ വരെ റെക്കോര്‍ഡ് ചെയ്ത ദിവസങ്ങളുണ്ട്'.
ബര്മന്, ജീനിയസ്
ഹിന്ദി ചലച്ചിത്രഗാനരംഗത്തെ ശ്രദ്ധേയമായ വഴിത്തിരിവുകളെക്കുറിച്ചും ആശ പറയുന്നു:"ആശ്ചര്യപ്പെടുത്തിയ പാശ്ചാത്യശൈലിയുമായി ഹിന്ദിയില്‍ ആദ്യമെത്തിയ കംപോസര്‍ സി. രാമചന്ദ്രയാണ്.
എല്‍വിസ് പ്രിസ്ലിയെപ്പോലുള്ളവരുടെ ശൈലിയില്‍ റോക്ക്-'ന് റോള്‍ പരീക്ഷണങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ആ ശൈലിയിലേക്കു ഞാന്‍ വേഗത്തില്‍ ഇണങ്ങി.
പഞ്ചാബി ഫോക് ഈണങ്ങളുമായാണ് ഒ.പി. നയ്യാര്‍ വന്നത്. അതിലേക്കും എന്റെ ശബ്ദം ചേര്‍ന്നുനിന്നു. പിന്നീടാണ് മ്യൂസിക്കല്‍ ജീനിയസായ എന്റെ ഭര്‍ത്താവ് രാഹുല്‍ ദേവ് ബര്മന് എത്തുന്നത് (ജന്മംകൊണ്ട് ത്രിപുരയിലെ രാജകുമാരനും പ്രതിഭകൊണ്ട് ചക്രവര്‍ത്തിയുമായിരുന്നു ബര്മന്).
അദ്ദേഹന്റെ വിപ്ലവകരമായ ശൈലിക്കും ശബ്ദങ്ങള്‍ക്കും സാങ്കേതികതയ്ക്കും ഇന്നും ആരാധകരുണ്ട്. അദ്ദേഹം 1994ലാണ് അന്തരിച്ചത്. കൃത്യം പിറ്റേവര്‍ഷം മറ്റൊരു മ്യൂസിക്കല്‍ ജീനിയസായ എ.ആര്. റഹ്മാന് രംഗീല എന്ന ചിത്രത്തിലെ അദ്ഭുതപ്പെടുത്തുന്ന ഈണങ്ങളുമായി ഹിന്ദിയിലെത്തി.
അദ്ദേഹത്തിനുവേണ്ടി രംഗീലാ രേ.., തന്ഹാ തന്ഹാ യഹാ പേ ജീന.. എന്നീ പാട്ടുകള്‍ പാടിയപ്പോള്‍ എനിക്ക് 62 വയസാണ്. ഇത്രയും പ്രായമുള്ള ഒരാളില്‍നിന്ന് ഇത്രയും മികച്ച പാട്ടുകളുണ്ടാക്കിയതിന് ഞാന്‍ റഹ്മാനോടു നന്ദി പറയട്ടെ..'
പ്രതിഭകള്‍, സ്നേഹിതര്‍
"ഒപ്പം പാടിയ, ഒരേകാലത്തു ജീവിച്ച വിസ്മയിപ്പിച്ച ഗായകരെ ഈസമയം ഓര്‍ക്കുകയാണ്. എന്റെ മുതിര്‍ന്ന സഹോദരി ലതാ മങ്കേഷ്കര്‍, മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍, മന്നാ ഡേ, മുകേഷ്, ഹേമന്ത് കുമാര്‍, ഗീതാ ദത്ത്, ഷംഷാദ് ബീഗം... ആ നിര നീളുന്നു.
സഹപ്രവര്‍ത്തകര്‍ എന്ന നിലയ്ക്കുമാത്രമല്ല, ആത്മമിത്രങ്ങള്‍ എന്ന നിലയിലും അവരുമായി എന്നും ചേര്‍ന്നുനിന്നു. ഇവര്‍ക്കെല്ലാം പൊതുവായുള്ള ഒരു കാര്യമുണ്ട്- എല്ലാവരും ലാളിത്യമുള്ള മനുഷ്യരായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവരില്‍ മിക്കവാറുംപേര്‍ ഇന്നീ ലോകത്തില്ല. ഒരുതുള്ളി കണ്ണീര് പൊഴിക്കാതെ അവരെ ഓര്‍ക്കാനാവില്ല. ആരുടെയും നഷ്ടം നികത്താനുമാവില്ല.
കൈഫി ആസ്മി എഴുതി സച്ചിന് ദേവ് ബര്മന് ഈണമിട്ട ഒരുപാട്ട് ഓര്‍മിക്കുന്നു- ദേഖീ സമാനേ കി യാരി.., ബിഛ്ഡേ സഭി ബാരി ബാരി...' (ഈ ലോകത്ത് സ്നേഹബന്ധങ്ങള്‍ക്ക് എന്താണുണ്ടാവുകയെന്ന് ഒരുപാടറിഞ്ഞിട്ടുണ്ട്, എല്ലാവരും പിരിഞ്ഞുപോകുന്നു.. ഓരോരുത്തരായി...)എത്ര മനോഹരമായ ചിന്തകളാണ് പ്രിയ ഗായികയുടേത്!
വൈവിധ്യത്തിന്റെ ശബ്ദം
ഉമ്രാവോ ജാന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്, എണ്‍പതുകാരനായ മുസാഫര്‍ അലി ആ ചിത്രത്തിലെ വിഖ്യാതമായ പാട്ടുകളെക്കുറിച്ചു പറഞ്ഞത് കഴിഞ്ഞനാളാണ്. ബഹുമുഖതയ്ക്ക് ഒരു സ്വരമുണ്ടെങ്കില്‍ അതു തീര്‍ച്ചയായും ആശാ ഭോസ്ലേയുടേതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഹിന്ദി സിനിമയുടെ പതിവുകള്‍ വിട്ടുള്ള സുഗന്ധമാണ് തന്റെ സിനിമയ്ക്കു വേണ്ടിയിരുന്നതെന്ന് അദ്ദേഹം ഓര്‍മിച്ചു. ഗസല്‍ ആയിരുന്നു എന്റെ ചിന്തയില്‍. ആശാജി അന്നധികം ഗസലുകള്‍ പാടിയിട്ടില്ല. എന്നാല്‍ ഒരു ഗായികയായി മാത്രമല്ല, കഥാപാത്രമായി മാറിക്കൊണ്ട് ആ സിനിമയിലെ പാട്ടുകള്‍ പാടാന്‍ അവര്‍ ഒരുക്കമായിരുന്നു.
സാധാരണ പിച്ചില്‍നിന്നു താഴ്ത്തിയാണ് പാടിയത്. പാട്ടുകള്‍ കൂടുതല്‍ മിനുക്കിയെടുക്കാന്‍ എത്ര സമയം ചെലവിടാനും അവര്‍ തയാറായി- മുസഫര്‍ അലി പറയുന്നു.ഉമ്രാവോ ജാനിലെ പാട്ടുകളിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരം ആശയെ തേടിയെത്തിയെന്നതു ചരിത്രം.
SUNDAY DEEPIKA
അജിത് ജി. നായർ
പാരിസ്ഥിതികവും സാംസ്കാരികവുമായ പ്രാധാന്യം കണക്കിലെടുത്ത് 2020 നവംബറില്‍ ലോണാർ തടാകത്തെ ഒരു റാംസര്‍ സൈറ്റായി (അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീര്‍ത്തടം) പ്രഖ്യാപിച്ചു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇതിനെ ഒരു ദേശീയ ഭൗമപൈതൃക സ്മാരകമായും സംരക്ഷിക്കുന്നു.
ഭൂമിയില്‍ ഭീമന് ഉല്‍ക്കാശിലകള്‍ പതിക്കുമ്പോള്‍ ആഴമേറിയ ഗര്‍ത്തങ്ങള്‍ ഉണ്ടാവുക സാധാരണമാണ്. എന്നാല്‍ അവയില്‍ ചിലത് അദ്ഭുതകരമായ പരിവര്‍ത്തനത്തിന് വിധേയമാവാറുണ്ട്.
അത്തരത്തില്‍ ഉല്‍ക്കാശില പതിച്ചതിനെത്തുടര്‍ന്നുണ്ടായ ഗര്‍ത്തം ജലാശയമായി രൂപാന്തരം പ്രാപിച്ച പ്രകൃത്യാലുള്ള അദ്ഭുതമാണ് മഹാരാഷ്ട്രയിലെ ബുള്‍ധാന ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ലോണാര്‍ തടാകം. 52,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്ലീസ്റ്റോസീന്‍ യുഗത്തില്‍ പ്രദേശത്ത് പതിച്ച ഒരു ഉല്‍ക്കയാണ് ലോണാറിന്റെ രൂപീകരണത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. ബസാള്‍ട്ടിക് പാറയില്‍ ഇന്നേവരെ ലോകത്ത് കണ്ടെത്തിയിട്ടുള്ള ഏക ഹൈപ്പര്‍ വെലോസിറ്റി ഇംപാക്ട് ക്രേറ്റര്‍ ആണിത്.
അതേസമയം പദ്മപുരാണം, സ്കന്ദ പുരാണം തുടങ്ങിയ ചില ഭാരതീയ പുരാണ ഗ്രന്ഥങ്ങളിലും ലോണാര്‍ തടാകത്തെപ്പറ്റി പരാമര്‍ശമുണ്ട്. ലോണാസുരന്‍ എന്ന അസുരന് ഒരു കാലത്ത് ഇവിടെ ജീവിച്ചിരുന്നെന്നും അവന്റെ ശല്യം സഹിക്കവയ്യാതെ മഹാവിഷ്ണു അവനെ സംഹരിച്ചെന്നും അസുരന് മരിച്ചുവീണ സ്ഥലത്താണ് തടാകം രൂപപ്പെട്ടതെന്നുമാണ് ഐതിഹ്യം.
തടാകത്തിനു ചുറ്റുമായി 30ല്‍ അധികം പുരാതന ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. അവയില്‍ പലതും ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. പതിമൂ ന്നാം നൂറ്റാണ്ടിലെ യാദവരാജവംശത്തിന്റെ കാലത്തെ വാസ്തു ശൈലിയായ ഹേമാഡ്പന്തി ശൈലിയില്‍ പണികഴിപ്പിച്ചവയാണ് ഈ ക്ഷേത്രങ്ങള്‍. ഇവയെല്ലാം പ്രദേശത്തിന് ആത്മീയവും വാസ്തുവിദ്യാപരവുമായ മൂല്യം നല്കുന്നതില് വലിയ പങ്ക് വഹിക്കുന്നു.
തടാകത്തിന്റെ ചരിത്രത്തിലേക്കു വന്നാല്‍ ഏകദേശം 20 ലക്ഷം ടണ്‍ ഭാരമുള്ള ഒരു ഉല്‍ക്കയാണ് ഇവിടേക്ക് പതിച്ചതെന്നു കരുതപ്പെടുന്നു. ഉപ്പും ക്ഷാരവും കലര്‍ന്ന ജലമാണ് തടാകത്തിലേത്. ലോകത്ത് മറ്റെങ്ങും കാണാത്ത സൂക്ഷ്മജീവികളെയും തടാകത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നാസയും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഇവിടെ നടത്തിവരുന്ന പഠനങ്ങള്‍ ഗ്രഹങ്ങളുടെ ഭൂമിശാസ്ത്രം, പ്രത്യേകിച്ച് ചന്ദ്രനിലെയും ചൊവ്വയിലെയും ഗര്‍ത്തങ്ങള്‍ മനസിലാക്കാന്‍ ഏറെ സഹായകമായിട്ടുണ്ട്.1823ല്‍ ബ്രിട്ടീഷ് ഓഫീസറായ ജെ.ഇ. അലക്സാണ്ടറാണ് ഈ തടാകം കണ്ടെത്തുന്നതും ശാസ്ത്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതും.
കോളനിഭരണ കാലഘട്ടത്തില്‍ നിരവധിയായ ഭൗമശാസ്ത്ര, പുരാവസ്തു സര്‍വേകള്‍ ഇവിടെ നടന്നതോടെയാണ് ലോണാര്‍ തടാകത്തിന്റെ പ്രാധാന്യം ലോകത്തിനു ബോധ്യപ്പെട്ടത്.1.2 കിലോമീറ്റര്‍ ചുറ്റളവുള്ള തടാകത്തിന് 150 മീറ്റര്‍ വരെ ആഴവുമുണ്ട്. 75 ഡിഗ്രി വരെ ചെരിവുള്ള കുന്നുകളാല്‍ തടാകം ചുറ്റപ്പെട്ടിരിക്കുന്നു.
അസാധാരണമായ സവിശേഷതകളാണ് ശാസ്ത്രജ്ഞരെയും സന്ദര്‍ശകരെയും ഒരുപോലെ തടാകത്തിലേക്ക് ആകര്‍ഷിക്കുന്നത്. നിറമാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ജലത്തിന്റെ അവസ്ഥയും കാലാവസ്ഥയും അനുസരിച്ച് നിറം പച്ചയില്‍നിന്ന് പിങ്കിലേക്ക് മാറുന്ന അപൂര്‍വ പ്രതിഭാസമാണ് ഇവിടെ സംഭവിക്കുന്നത്.
തടാകത്തിലെ ഉപ്പുവെള്ളവും ആല്‍ക്കലൈന്‍ സാഹചര്യങ്ങളുമാണ് ഇതിനു കാരണം. സൂക്ഷ്മാണുക്കളായ ഹാലോ ബാക്ടിരിയേസി, ഡുനാലിയെല്ല സലീന എന്നിവ പുറപ്പെടുവിക്കുന്ന പിഗ്മെന്റുകളാണ് തടാകത്തിന് പിങ്ക് നിറം നല്‍കുന്നത്.
ഉപ്പുവെള്ളവും ക്ഷാരഗുണമുള്ള വെള്ളവും ഒരുമിച്ച് ഒരു തടാകത്തില്‍ കാണുന്നത് അസംഭവ്യമായ കാര്യമാണെന്ന് ശാസ്ത്രജ്ഞര്‍പോലും പറയുന്നു. ഭൗമചരിത്രത്തിലേക്കും പരിണാമത്തിലേക്കും ജീവന്റെ ആവിര്‍ഭാവത്തിലേക്കും വെളിച്ചംവീശാന്‍ സഹായിക്കുന്ന വിവരങ്ങളും തടാകം നല്‍കിയിട്ടുണ്ട്.
65 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന വലിയ അഗ്നിപര്‍വത സ്ഫോടനങ്ങളിലൂടെ രൂപംകൊണ്ട ഡെക്കാൻ പീഠഭൂമിയിലെ ബസാള്‍ട്ടിക് പാറയിലുണ്ടായ ഒരേയൊരു ഉല്‍ക്കാപതന ഗര്‍ത്തമാണിത്. ഉല്‍ക്കാപതനത്തിന്റെ ആഘാതത്തില്‍ ബസാള്‍ട്ട് പാറ ഉരുകി പിളരുകയും, തത്ഫലമായി മാസ്കെലിനൈറ്റ് എന്നറിയപ്പെടുന്ന ഒരുതരം ഗ്ലാസ് രൂപപ്പെടുകയും ചെയ്തു.
തടാകത്തില്‍ സസ്യജന്തുജാലങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്, മേല്‍പ്പറഞ്ഞ പോലെ അതില്‍ ചിലത് ഈ പ്രദേശത്ത് മാത്രം കാണുന്നവയാണ്.തടാകത്തിന്റെ ചില നിഗൂഢമായ സവിശേഷതകള്‍ക്ക് ഇന്നും ശാസ്ത്രീയമായ വിശദീകരണമില്ല.
ഉദാഹരണത്തിന്, തടാകത്തിലെ മണ്ണിന്റെ ഘടനയും കാന്തികഗുണങ്ങളും കാരണം ഗര്‍ത്തത്തിന്റെ ചില ഭാഗങ്ങളില്‍ കോമ്പസുകള്‍ പ്രവര്‍ത്തിക്കാറില്ല. തടാകത്തിന്റെ പാരിസ്ഥിതികവും സാംസ്കാരികവുമായ പ്രാധാന്യം കണക്കിലെടുത്ത്, 2020 നവംബറില്‍ ഇതിനെ ഒരു റാംസര്‍ സൈറ്റായി (അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീര്‍ത്തടം) പ്രഖ്യാപിച്ചു.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇതിനെ ഒരു ദേശീയ ഭൗമപൈതൃക സ്മാരകമായും സംരക്ഷിക്കുന്നു. എന്നിരുന്നാലും, മലിനീകരണം, കൈയേറ്റം, അധിനിവേശ ജീവികള്‍ തുടങ്ങിയ ചില ഭീഷണികളും തടാകം നേരിടുന്നുണ്ട്, ഇതിന്റെ ഭംഗിയും പ്രാധാന്യവും നിലനിര്‍ത്താന്‍ ഇവയെല്ലാം പരിഹരിക്കേണ്ടതുണ്ട്.
ലോണാര്‍ തടാകത്തെ വെറുമൊരു തടാകമായി മാത്രം കാണാനാവില്ല. അതിന്റെ ചരിത്രപരമായ പ്രാധാന്യവും നിഗൂഢതയും ചന്ദ്രോപരിതലവുമായുള്ള സാദൃശ്യവും എക്കാലവും ആളുകളെ അതിലേക്ക് വശീകരിക്കുന്നു. ഭാരതീയരെ സംബന്ധിച്ച് പ്രകൃത്യാലുള്ള ഒരു അപൂര്‍വ നിധിതന്നെയാണ് ലോണാര്‍ തടാകം.
SUNDAY DEEPIKA
കെ.പി.ആന്റണി
ബ്രിട്ടീഷുകാർ കിഴക്കിന്റെ ട്രോയ് എന്നും ഛത്രപതി ശിവജി ഇന്ത്യയിലെ ഏറ്റവും അജയ്യമായ കോട്ടയെന്നും വിശേഷിപ്പിച്ച ജിഞ്ചി ഫോർട്ട്. സെഞ്ചിയെന്നും വിളിക്കപ്പെടുന്ന കോട്ട ചരിത്രത്തിലേക്കു ജാലകങ്ങൾ തുറന്നിടുന്നു. തമിഴ്നാട്ടിൽ അവശേഷിക്കുന്ന ചുരുക്കം കോട്ടകളിലൊന്നായ ജിഞ്ചിയുടെ വിശേഷങ്ങളിലേക്ക്...
കാട്പാടിയിൽ ട്രെയിനിറങ്ങി രാവിലെ പത്തോടെ വെല്ലൂർ ബസ് സ്റ്റാൻഡിലെത്തുന്പോൾ ജിഞ്ചി ബസ് പുറപ്പെടാൻ തയാറായി നിൽക്കുന്നു.
ബസിൽ ചാടിക്കയറി, രണ്ടു മണിക്കൂർ നീണ്ട യാത്ര. വിശാലമായ മലനിരകൾ ജിഞ്ചിയെത്തിയെന്നറിയിച്ചു. രണ്ടു കിലോമീറ്റർ ദൂരംകൂടി ഓട്ടോറിക്ഷയിൽ പോയാൽ രാജഗിരിയായി- കോട്ടകളിൽ ആദ്യത്തേത്. ടിക്കറ്റെടുത്ത് കോട്ടയിലേക്ക്. ആൽമരങ്ങൾ തണലിടുന്ന മുറ്റം.
ജിഞ്ചി കോട്ടയുടെ ചരിത്രം
മൂന്നു കുന്നുകളിലായി വ്യാപിച്ചു കിടക്കുന്ന കൂറ്റൻ കോട്ടസമുച്ചയം. 1190-ൽ കോനാർ രാജവംശത്തിലെ ആനന്ദകോൻ നിർമിച്ച രാജഗിരി കോട്ട പതിമൂന്നാം നൂറ്റാണ്ട ിലും പതിനാലാം നൂറ്റാണ്ടിലും വലുതാക്കി.
പതിനാറാം നൂറ്റാണ്ടിൽ കല്യാണമഹലും ഇസ്ലാമിക രീതിയിലുളള പല നിർമിതികളും പണികഴിപ്പിച്ചു. പിന്നീട് കൃഷ്ണഗിരി കോട്ടയും ചന്ദ്രയാൻ ദുർഗും പണിത് കോട്ടസമുച്ചയം പൂർത്തിയാക്കി.
തന്ത്രപരമായ സ്ഥാനം കാരണം കോട്ട നിയന്ത്രണത്തിലാക്കുന്നതിന് ഭരണാധികാരികൾ തമ്മിൽ ഒട്ടേറെ പോരാട്ടങ്ങൾ നടന്നു. ഇന്ത്യൻ ചരിത്രത്തിലെ ഇതിഹാസയുദ്ധങ്ങൾക്കും ഉപരോധങ്ങൾക്കും സാക്ഷ്യംവഹിച്ച കോട്ടയുടെ ആധിപത്യം മാറിക്കൊണ്ടേയിരുന്നു.
കോനാർ, വിജയനഗര സാമ്രാജ്യം, ജിഞ്ചീ നായക്മാർ, ബിജാപുർ സുൽത്താൻ, മറാത്ത സാമ്രാജ്യം, മുഗളർ, ഫ്രഞ്ച്, ബ്രിട്ടീഷ് ഭരണാധികാരികൾവരെ സാമ്രാജ്യങ്ങളുടെ ഉയർച്ചയ്ക്കും പതനത്തിനും സാക്ഷ്യം വഹിച്ച കോട്ട. പലരും ജിഞ്ചി കോട്ട അവരുടെ ഭരണനിർവഹണത്തിന്റെ പ്രധാന കേന്ദ്രമാക്കി.
എട്ടുവർഷത്തെ ഉപരോധം കൊണ്ടാണ് ശിവജി കോട്ട പിടിച്ചെടുത്തതെന്നത് കോട്ടയുടെ അജയ്യത വിളംബരംചെയ്യുന്നു. കുന്നുകളിൽ സ്ഥാപിതമായ രാജഗിരി കോട്ട, കൃഷ്ണഗിരി കോട്ട, ചന്ദ്രയാൻ ദുർഗ് എന്നിവ മതിലുകളും കിടങ്ങുകളും കൊണ്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
കോട്ട ഭിത്തികൾക്ക് പതിമൂന്നു കിലോ മീറ്റർ നീളവും 25 അടി വരെ ഉയരവുമുണ്ട്. വീതിയുള്ള കിടങ്ങുകളും കരിങ്കൽ പാറകളിൽ ഉറപ്പിച്ച കൽച്ചുവരുകളും കാണാം. 11 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സമുച്ചയത്തിന് ഏഴു കവാടങ്ങളുണ്ട്.
രാജഗിരി കോട്ടയിലെ കാഴ്ചകൾ
ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ കോട്ടയാണ് രാജഗിരി. 800 അടി ഉയരം. കല്യാണമഹലും ജയിലറകളും ഗ്രാനറിയും കണ്ടശേഷം കോട്ട കയറാം.
കുത്തനെയുള്ള ചെരിവുകളും ഇടുങ്ങിയ പടികളും പാറകളിൽ കൊത്തിയ കൽപ്പടവുകളും കയറ്റം പ്രയാസകരമാ ക്കുന്നു. കുത്തനെയുള്ള വഴികളിലൂടെ, ഇടനാഴികളിലൂടെ കയറിയിറങ്ങി, അലഞ്ഞുതിരിഞ്ഞ് ചരിത്രവും വാസ്തുവിദ്യയും കണ്ടറിയാം.
കോട്ടയിൽ ക്ഷേത്രങ്ങൾ, കളപ്പുരകൾ, ദർബാർ ഹാളുകൾ, മണ്ഡപങ്ങൾ, കവാടങ്ങൾ, ജലസംഭരണികൾ... കാഴ്ചകൾ അവസാനിക്കുന്നില്ല. പ്രധാനപാതയ്ക്ക് അപ്പുറമുള്ള കൃഷ്ണഗിരി കോട്ട 700 അടി ഉയരത്തിലാണ്. ഇത്തവണ കയറി കാണാനായില്ല. കൃഷ്ണഗിരി കോട്ടയിലും മനോഹര നിർമിതികളുണ്ട്.
ചന്ദ്രയാൻ ദുർഗ് ഏകദേശം 600 അടി ഉയരമുള്ള കോട്ടയാണ്. ഒറ്റപ്പെട്ടതും എത്തിച്ചേരാൻ പറ്റാത്തതുമായ ഭാഗം.പൈതൃകവും സാഹസികതയും ഇഷ്ടപ്പെടുന്നവരെ ജിഞ്ചി കോട്ട കാത്തിരിക്കുന്നു. രാജഗിരിയും കൃഷ്ണഗിരിയും ചരിത്രസ്മാരകം മാത്രമല്ല, വാസ്തുവിദ്യയുടേയും എഞ്ചിനീയറിംഗിന്റെയും അത്ഭുതംകൂടിയാണ്.
സെഞ്ചിയമ്മൻ ക്ഷേത്രത്തിൽനിന്നാണ് തമിഴിൽ ജിഞ്ചി അല്ലെങ്കിൽ സെഞ്ചി എന്ന പേര് കോട്ടസമുച്ചയത്തിനു ലഭിച്ചത്. പോണ്ടിച്ചേരി യാത്രപോകുന്നവർക്ക് ജിഞ്ചി കോട്ടയും ഉൾപ്പെടുത്താം. പോണ്ടിച്ചേരിയിൽനിന്ന് 70 കിലോമീറ്ററാണ് ദൂരം. തിണ്ടിവനമാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. 30 കിലോമീറ്റർ അകലെ.
SUNDAY DEEPIKA
കയർ ഇത്ര കാണാനുണ്ടോ എന്നു സംശയിക്കാം, അന്താരാഷ്ട്ര കയർ മ്യൂസിയം എന്നു കേൾക്കുന്പോൾ. എന്നാൽ കാര്യം അത്ര നിസാരമല്ല എന്നു വ്യക്തമാകും കലവൂരിലെ ഈ മ്യൂസിയം കണ്ടാൽ.
കയർ ഇത്ര കാണാനുണ്ടോ എന്നു സംശയിക്കാം, അന്താരാഷ്ട്ര കയർ മ്യൂസിയം എന്നു കേൾക്കുന്പോൾ. എന്നാൽ കാര്യം അത്ര നിസാരമല്ല എന്നു വ്യക്തമാകും കലവൂരിലെ ഈ മ്യൂസിയം കണ്ടാൽ. ലോകത്തെ ആദ്യത്തേതും നിലവിലുള്ളതുമായ ഏക കയർ മ്യൂസിയം ഇതാണ്.
കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാന്പത്തിക മേഖലകളുമായി ഇഴചേർന്നു കിടക്കുന്നതാണ് കയർ വ്യവസായം. കയർ ബോർഡ് ഓഫ് ഇന്ത്യയുടെ വജ്രജൂബിലി വർഷമായ 2014ൽ ആണ് മ്യൂസിയം സ്ഥാപിച്ചത്. കയർ മേഖലയുടെ ചരിത്രപരമായ വികാസപരിണാമങ്ങൾ, സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവയെല്ലാം ഇവിടെ അടുത്തറിയാം.
ഈ മേഖലയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ലഭ്യമാക്കുന്ന ഒരു ഹ്രസ്വ വീഡിയോ ചിത്രം കാണാനും അവസരമുണ്ട്. മ്യൂസിയത്തോടു ചേർന്ന ഷോപ്പിൽനിന്ന് വിവിധ കയർ കരകൗശല വസ്തുക്കൾ, ചവിട്ടികൾ, കയർ ആഭരണങ്ങൾ എന്നിവ വാങ്ങാം.
തിങ്കൾ ഒഴികെ എല്ലാ ദിവസവും രാവിലെ ഒന്‍പതര മുതൽ വൈകുന്നേരം അഞ്ചുവരെ നിശ്ചിത ഫീസ് നൽകി പൊതുജനങ്ങൾക്ക് മ്യൂസിയം കാണാം. ആലപ്പുഴ ബസ് സ്റ്റാൻഡ്, കലവൂർ റെയിൽവേ സ്റ്റേഷൻ എന്നിവ അടുത്തുണ്ട്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് 10 കിലോമീറ്ററാണ് ദൂരം.
SUNDAY DEEPIKA
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
<b> ദൈവം എപ്പോഴും നമുക്കു രോഗശാന്തി തന്നുവെന്നു വരില്ല. എന്നാൽ ദുഃഖദുരിതങ്ങൾക്കിടയിലും വിശ്വാസം നഷ്ടപ്പെടാതെ നാം നിലനിൽക്കുന്നുവെങ്കിൽ അത് ദൈവത്തിന്റെ കൃപ മൂലമാണ്. അതും വലിയൊരു അദ്ഭുതംതന്നെയെന്നു സാരം. </b>
2023ൽ പുറത്തിറങ്ങിയ മനോഹരമായ ഒരു സിനിമയാണ് "ദ മിറക്കിൾ ക്ലബ്'. അയർലൻഡിലും ബ്രിട്ടനിലുമായി നിർമിക്കപ്പെട്ട ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് തദേവൂസ് സള്ളിവനാണ്.
അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിലെ ബാലിഗർ എന്ന പ്രദേശത്തെ ചില സ്ത്രീകളാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. അവരിലൊരാൾ ലിലി. രണ്ടാമത്തവൾ ഐലീൻ. മൂന്നാമത്തവൾ ഡോളി. "മിറക്കിൾസ്' എന്ന പേരിൽ അവർ ഒരു മ്യൂസിക് ബാൻഡ് രൂപീകരിച്ചു.
ഇടവകപ്പള്ളിയിലെ ടാലന്റ് ഷോ മത്സരത്തിൽ അവർ വിജയികളായി. സമ്മാനമായി കിട്ടിയത് ലൂർദിലേക്കു തീർഥയാത്ര പോകാനുള്ള ടിക്കറ്റുകളായിരുന്നു. തീർഥയാത്ര നയിച്ചിരുന്നത് അവിടത്തെ പള്ളിവികാരിയായ ഫാ. ഡെർമോട്ടും. ലിലിയുടെ ജീവിതാഭിലാഷമായിരുന്നു ലൂർദിലേക്കു തീർഥയാത്ര പോവുകയെന്നത്.
ഐലീനെ സംബന്ധിച്ചിടത്തോളം തന്റെ കാൻസർ രോഗത്തിനു ശമനംതേടുക എന്നതായിരുന്നു യാത്രാലക്ഷ്യം.ഡോളിയുടെ ലക്ഷ്യം മറ്റൊന്നായിരുന്നു. ബാലനായ മകൻ ഡാനിയേലിനു സംസാരശേഷി ലഭിക്കാൻവേണ്ടിയായിരുന്നു അവളുടെ തീർഥയാത്ര.
ഈ മൂന്നുപേരും തീർഥയാത്രയ്ക്കൊരുങ്ങിയപ്പോൾ അവരുടെ ഭർത്താക്കന്മാർ നഖശിഖാന്തം എതിർത്തു. തീർഥയാത്ര പോയാൽ വീട്ടിലേക്കു മടങ്ങിവരേണ്ട എന്ന അന്ത്യശാസനം ഡോളിയുടെ ഭർത്താവ് അവൾക്കു നൽകിയിരുന്നു.
എന്നാൽ അതൊന്നും വകവയ്ക്കാതെ അവർ യാത്രതുടങ്ങി. അപ്പോഴാണ് ക്രിസി എന്ന നാലാമതൊരു സ്ത്രീ അവർക്കൊപ്പം ചേരുന്നത്. വർഷങ്ങൾക്കുമുന്‍പ് അമേരിക്കയിലേക്കു കുടിയേറാൻ നിർബന്ധിതയായവളാണ് ക്രിസി. അതിനു കാരണം ലിലിയുടെ മകനായ ഡെക്ലാനുമായുള്ള അവളുടെ പ്രേമബന്ധമായിരുന്നു.
വിവാഹത്തിനുമുന്‍പ് ഡെക്ലാനിൽനിന്നു ഗർഭവതിയായ അവളെ സമൂഹം ആട്ടിപ്പുറത്താക്കുകയായിരുന്നു. ക്രിസി നാടുവിട്ടു എന്നു കേട്ടപ്പോൾ ദുഃഖംമൂലം ഡെക്ലാൻ ആത്മഹത്യചെയ്തു. എന്നാൽ ഒരപകടത്തിൽ അയാൾ മുങ്ങിമരിച്ചു എന്നാണ് പരക്കേ അറിയപ്പെട്ടത്. അമ്മ മൊറീന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനാണ് ക്രിസി ഡബ്ലിനിൽ തിരിച്ചെത്തിയത്.
അപ്പോൾ ലിലിയും ഐലീനും ശത്രുതാമനോഭാവത്തോടെയാണ് അവളോടു പെരുമാറിയത്. എങ്കിലും അമ്മയുടെ സംസ്കാരശുശ്രൂഷകൾ കഴിഞ്ഞപ്പോൾ ക്രിസിയും ആ തീർഥാടനസംഘത്തിൽ ചേരാൻ തീരുമാനിച്ചു. ലൂർദിലെത്തിയ തീർഥാടകർ അവർ ആഗ്രഹിക്കുന്ന അദ്ഭുതങ്ങൾ അതിവേഗം നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു.
എന്നാൽ അവിടത്തെ ജലത്തിൽ കുളിച്ചിട്ടും പ്രത്യക്ഷത്തിലുള്ള അദ്ഭുതങ്ങളൊന്നും നടന്നില്ല. പ്രത്യേകിച്ചും ഐലീന്റെ കാര്യത്തിൽ. ആ സ്ത്രീ പ്രതീക്ഷിച്ചിരുന്നതുപോലെ തന്റെ മാറിലെ മുഴ അപ്രത്യക്ഷമായില്ല. തന്മൂലം ഐലീൻ പൊട്ടിത്തെറിച്ചു. ലൂർദിലെ പരിപാടികളെല്ലാം തട്ടിപ്പാണ് എന്നായിരുന്നു അവളുടെ നിലപാട്.
ഉൗമയായ തന്റെ മകൻ ലൂർദിലെത്തിയാൽ സംസാരിക്കുമെന്നായിരുന്നു ഡോളി വിചാരിച്ചിരുന്നത്. എന്നാൽ ആ അദ്ഭുതം നടക്കാതെവന്നപ്പോൾ അവൾ ആകെ തകർന്നു. ഡാനിയേലിനെ ഗർഭം ധരിച്ചിരുന്നപ്പോൾ അവനെ ഗർഭച്ഛിദ്രത്തിലൂടെ നശിപ്പിക്കാൻ ആലോചിച്ചതിന്റെ ശിക്ഷമൂലമാണ് അവൻ ഉൗമയായി ജനിച്ചതെന്ന് ഡോളി വിലപിച്ചു.
ക്രിസിയും തന്റെ കുറ്റം ഏറ്റുപറഞ്ഞ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ക്രിസി ഏറ്റുപറഞ്ഞ കുറ്റം തന്റെ ഗർഭച്ഛിദ്രമായിരുന്നു. ഇതിനിടയിൽ ക്രിസി ലിലിയുമായി രമ്യപ്പെട്ടുകഴിഞ്ഞിരുന്നു. ഐലീനും ഡോളിയുമൊക്കെ പ്രതീക്ഷിച്ച അദ്ഭുതം കാണാതെയാണ് ഡബ്ലിനിലേക്കു മടങ്ങിയത്.
എന്നാൽ അവരാരും ശ്രദ്ധിക്കാത്ത വലിയ അദ്ഭുതം ലൂർദിലെ സന്ദർശനത്തിനിടയിൽ അവരുടെ ജീവിതത്തിൽ നടന്നുകഴിഞ്ഞിരുന്നു. ലിലിയെയും ഐലീനെയും ക്രിസിയെയും സംബന്ധിച്ചിടത്തോളം പരസ്പരം ക്ഷമിക്കാനും അങ്ങനെ അവരുടെ ജീവിതം ഏറെ പ്രസന്നമാക്കാനും സാധിച്ചു.
ഡോളിയെ സംബന്ധിച്ചിടത്തോളം തന്റെ കുറ്റം ഏറ്റുപറയുകവഴി വലിയ മനസമാധാനം ലഭിച്ചു. ലിലിയും ഐലീനും ഡോളിയും തീർഥാടനംകഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ ഭർത്താക്കന്മാർ ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്.
അതും ഒരദ്ഭുതമായിരുന്നു. അതോടൊപ്പം ഡോളി പ്രതീക്ഷിച്ച അദ്ഭുതം നടക്കുന്നതും നാം കാണുന്നുണ്ട്. വീട്ടിൽ മടങ്ങിയെത്തിയ ഡാനിയേൽ വീട് എന്ന അർഥംവരുന്ന "ഹോം' എന്ന വാക്കുപറയുന്നതാണ് ആ അദ്ഭുതം. എന്താണ് ഈ സിനിമ നൽകുന്ന സന്ദേശം? രോഗശാന്തി മാത്രമല്ല യഥാർഥ അദ്ഭുതം.
തെറ്റുകൾ പരസ്പരം ഏറ്റുപറയാനും ക്ഷമിക്കാനും അങ്ങനെ ജീവിതത്തിലെ സങ്കടങ്ങൾ സന്തോഷത്തോടെ നേരിടാനും സാധിച്ചാൽ അതും യഥാർഥ അദ്ഭുതംതന്നെയാണ്. ദൈവം എപ്പോഴും നമുക്കു രോഗശാന്തി തന്നുവെന്നു വരില്ല. എന്നാൽ ദുഃഖദുരിതങ്ങൾക്കിടയിലും വിശ്വാസം നഷ്ടപ്പെടാതെ നാം നിലനിൽക്കുന്നുവെങ്കിൽ അത് ദൈവത്തിന്റെ കൃപ മൂലമാണ്. അതും വലിയൊരു അദ്ഭുതംതന്നെയെന്നു സാരം.
പ്രാർഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന അദ്ഭുതം നടക്കാതെവരുന്പോഴും നമ്മിൽ വിശ്വാസം നിലനിൽക്കുന്നുണ്ടോ? സ്നേഹം ഉണ്ടോ? ക്ഷമിക്കാനുള്ള സന്നദ്ധതയുണ്ടോ? സ്വന്തം കുരിശുകൾ വഹിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള മനഃശക്തിയുണ്ടോ? ഉണ്ടെങ്കിൽ അവയൊക്കെ ദൈവം നമ്മിൽ പ്രവർത്തിക്കുന്ന അദ്ഭുതങ്ങൾതന്നെയെന്നതാണ് വാസ്തവം. അതു നാം മറക്കരുത്.
ദൈവം നമ്മിൽ പ്രവർത്തിക്കുന്ന ഈ അദ്ഭുതങ്ങളെക്കുറിച്ച് എത്രമാത്രം അവബോധം നമുക്കുണ്ടാകുന്നുവോ അത്രയും നമ്മുടെ ജീവിതം കൃതജ്ഞതാപൂരിതവും സന്തോഷപ്രദവുമായിരിക്കും.