സൂപ്പർതാരവും ടിവികെ അധ്യക്ഷനുമായ വിജയ് തമിഴ്നാട്ടിലെ കരൂരിൽ നടത്തിയ രാഷ്ട്രീയ റാലിയിൽ തിരക്കിൽപ്പെട്ട് 41 പേരുടെ ജീവൻ നഷ്ടമായിട്ട് ഒരുമാസമായിട്ടില്ല. നൂറിലധികംപേർ പരിക്കേറ്റ് ചികിത്സയിലുമായിരുന്നു. മറ്റേതു സംസ്ഥാനമായാലും വിജയ്യേയും അയാളുടെ തൊട്ടിലിൽകിടക്കുന്ന പാർട്ടിയേയും എന്നന്നേക്കും വെറുക്കാൻ ഈയൊരു ദുരന്തം മതി. എന്നാൽ തമിഴ്നാട്ടിൽ അതിനെ എത്രത്തോളം കൗശലപൂർവം കൈകാര്യം ചെയ്യുന്നുവെന്നതനുസരിച്ചിരിക്കും വിജയ്യുടെ വെട്രി. അതാണ് തമിഴ്നാട്, തമിഴ് രാഷ്ട്രീയം !
തമിഴ്നാട്ടിൽ സിനിമ വിനോദോപാധിയെന്നതിലുപരി, രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ശക്തമായ ആയുധമായിട്ടു നൂറ്റാണ്ടാവാറായി. ദ്രാവിഡ പ്രസ്ഥാനത്തിന്റെ കാലത്ത് ആരംഭിച്ച ഈ ബന്ധം അണ്ണാദുരൈ, കരുണാനിധി, എം.ജി.ആർ മുതൽ ഏറ്റവുമൊടുവിലെ കണ്ണിയായ വിജയ് വരെ എത്തിനിൽക്കുന്നു. സ്വന്തം പാർട്ടി തുടങ്ങിയവരും അല്ലാത്തവരുമായ സിനിമാ താരങ്ങളുടെ നിലപാടും തമിഴ് സാംസ്കാരിക-രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാഗമാണ്.
നാടകത്തിൽ തുടക്കം
മറ്റു സംസ്ഥാനങ്ങൾ പോലെ സംഗീതവും നാടകവുംതന്നെയായിരുന്നു ആദ്യകാല തമിഴ് വംശീയതയുടേയും ദേശീയതയുടേയും ആദ്യ ആയുധം. ‘തന്തൈ പെരിയോർ’ എന്നു വാഴ്ത്തുന്ന ഇ.വി. രാമസ്വാമി നായ്ക്കർ തുടക്കമിട്ട ദ്രാവിഡ കഴകത്തിന്റെ പ്രചരണത്തിനായി പ്രഥമ ശിഷ്യൻ അണ്ണാദുരൈയാണ് സാമൂഹിക പ്രസക്തിയുള്ള നാടകാവതരണങ്ങൾക്ക് തുടക്കമിട്ടത്. എം.ആർ. രാധയെന്ന അന്നത്തെ ഏറ്റവും ജനപ്രിയനടനും കണ്ണദാസൻ എന്ന മഹാകവിയും അടക്കം ഒരു നീണ്ടനിര കലാകാരന്മാർ തങ്ങളുടെ സൃഷ്ടിയുമായി ദ്രാവിഡ പ്രസ്ഥാനത്തോടു ചേർന്നു.
അതുവരെ ചിലപ്പതികാരവും രാജാപ്പാർട്ട് നാടകങ്ങളുമായി അന്യസംസ്ഥാനങ്ങളിൽവരെ പ്രചാരം നേടിയിരുന്ന തമിഴ് നാടകസംഘങ്ങൾക്ക് വേദി കുറഞ്ഞുവന്നു. സിനിമ എന്ന കലാരൂപം ജനങ്ങളിൽ ശ്രദ്ധയാകർഷിച്ചു തുടങ്ങിയെന്ന് മനസ്സിലാക്കിയതോടെ അണ്ണാദുരൈ സിനിമയിലേക്ക് കളംമാറ്റി. പിന്നാലെ സന്തതസഹചാരിയായ കലൈഞ്ജർ കരുണാനിധിയും സിനിമയിലെത്തി.
1952ൽ ‘പരാശക്തി’ എന്ന സിനിമ പുറത്തുവന്നു. അതുവരെ നാടകങ്ങളിൽമാത്രം അഭിനയിച്ചിരുന്ന ശിവാജി ഗണേശൻ എന്ന നടൻ കരുണാനിധിയുടെ സ്ഫോടനാത്മകമായ സംഭാഷണങ്ങൾ ഉരുവിട്ടതോടെ വെള്ളിത്തിരയ്ക്ക് തീപിടിച്ചു, ഒപ്പം തമിഴകത്തിനും. രണ്ടുവർഷത്തിനുശേഷം, എം.ആർ. രാധയുടെ സൂപ്പർഹിറ്റ് നാടകത്തിന്റെ ചലച്ചിത്ര രൂപം ‘രക്തക്കണ്ണീർ’ കൂടി റിലീസായതോടെ സിനിമ ജനങ്ങളുടെ നാവായി.
സിനിമയിലെ പ്രമുഖരെ സമുദായ നേതാക്കളായി മഹാഭൂരിപക്ഷംവരുന്ന ‘എഴൈ ജനത’ ആരാധിക്കാൻ തുടങ്ങി. അതുവരെ രാജാറാണി കഥകളിൽ മാത്രം അഭിനയിച്ചിരുന്ന എം.ജി.ആർ വരെ സാമൂഹിക പ്രസക്തിയുള്ള സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയത് ഇക്കാലത്താണ്. അല്ലെങ്കിൽ നിലനിൽപ്പിനുവേണ്ടി അതു വേണ്ടിവന്നു. ആ എം.ജി.ആർ പിന്നീട് ‘മക്കൾതിലക’മായി എന്നത് ചരിത്രം.
തിരിച്ചറിവുകൾ, കണക്കുകൂട്ടലുകൾ
സിനിമയിലെ തുടക്കം മുതൽതന്നെ രാഷ്ട്രീയമോഹവും എം.ജി.ആറിൽ അങ്കുരിച്ചിരുന്നു. ഗാന്ധിയൻ പാത പിന്തുടർന്ന്, കോൺഗ്രസുകാരനായാണ് എം.ജി.ആറിന്റെ തുടക്കം. സിനിമയിലെ ഉറ്റ സുഹൃത്ത് കരുണാനിധിയുടെ സ്വാധീനമാണ് ദ്രാവിഡ പ്രസ്ഥാനത്തിലേക്കു ശ്രദ്ധ തിരിപ്പിച്ചത്. പുരട്ചിനടനിൽ(വിപ്ലവ നടൻ) ജനങ്ങളുടെ ആരാധന ഏറിവരുന്നത് നിരീക്ഷിച്ച അണ്ണാദുരൈ ക്രമേണ അയാളെ താൻ സ്ഥാപിച്ച ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ഭാഗമാക്കാൻ പ്രയത്നിച്ചു.
എം.ജി.ആറിനെ കാണാൻ വരുന്ന കൂട്ടം തന്റെ പാർട്ടിയുടെ വളർച്ചയ്ക്ക് മറ്റെന്തിനേക്കാൾ ഗുണപ്പെടും എന്നത് രാഷ്ട്രീയ ചാണക്യനായ അണ്ണായ്ക്കു അറിയാമായിരുന്നു. തിരിച്ചു തമിഴ് ജനങ്ങൾ തന്നെ രക്ഷകനായി കാണുന്നുവെന്നു എം.ജി.ആർ മനസിലാക്കിയത് ഈ സമ്മേളങ്ങളിൽ പങ്കെടുത്താണ്.

ദ്രാവിഡ പാർട്ടി വക്താവ് തന്നെയായ എം.ആർ. രാധ 1967ൽ വെടിവച്ചതാണ് സത്യത്തിൽ തമിഴ്നാട്ടിൽ ദ്രാവിഡ പാർട്ടിയുടെ അസ്ഥിവാരമുറപ്പിച്ചത്. തെരഞ്ഞെടുപ്പ് കാലമായതിനാൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന എം.ജി.ആറിന്റെ ചിത്രം പതിച്ച പോസ്റ്ററുകൾ തമിഴകം നിറഞ്ഞു. ഫലമോ, ഡിഎംകെ എന്ന പാർട്ടി ആദ്യമായി ഭരണത്തിലെത്തി. അണ്ണാദുരൈ മുഖ്യമന്ത്രിയായി. തമിഴ് സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബാന്ധവത്തിന്റെ ആദ്യ ഫലം.
രണ്ടുവർഷത്തിനുശേഷം, അർബുദ ബാധയെത്തുടർന്ന് അണ്ണാ വിടപറഞ്ഞു. പാർട്ടിയിൽ രണ്ടാമനായിരുന്ന നെടുഞ്ചഴിയനെ ഒതുക്കി കലൈഞ്ജർ കരുണാനിധി മുഖ്യമന്ത്രിയായി. അല്ലെങ്കിൽ എംജിആറിന്റെ പിൻബലം കരുണാനിധിക്ക് മുഖ്യമന്തിപദം വാങ്ങിക്കൊടുത്തു. ക്രമേണ കരുണാനിധിയും എം.ജി.ആറും തമ്മിൽ അകലാൻ തുടങ്ങി. പാർട്ടിയുടെ കണക്കവതരിപ്പിക്കാൻ പരസ്യമായി എം.ജി.ആർ ആവശ്യപ്പെട്ടതോടെ,1972ൽ ഡിഎംകെയിൽനിന്ന് പുറത്താക്കി.
ദിവസങ്ങൾക്കുള്ളിൽ എംജിആർ പുതിയ പാർട്ടി പ്രഖ്യാപിച്ചു- എഐഡിഎംകെ. അധികാരം ഉപയോഗിച്ച് എംജിആറിലെ രാഷ്ട്രീയക്കാരനെയും നടനെയും തകർക്കാൻ കരുണാനിധി അങ്ങേയറ്റം ശ്രമിച്ചു. തന്നിലെ സിനിമയും പ്രേക്ഷകരെയും ഉപയോഗിച്ച് എംജിആർ പ്രതിരോധിച്ചു. തന്റെ സിനിമകൾ രാഷ്ട്രീയ പ്രചരണത്തിനായി വിനിയോഗിച്ചു. കേവലം അഞ്ചു വർഷത്തിനുശേഷം എം.ജി.ആർ തമിഴ് ഭരണം പിടിച്ചു. പുരട്ചി നടൻ പുരട്ചി തലൈവർ ആയി. ആത്യന്തികമായി രാഷ്ട്രീയത്തിനുമേൽ സിനിമയുടെ വിജയം.
ഇതിനിടയിൽ 1984ൽ എം.ജി.ആർ വൃക്കരോഗം മൂർഛിച്ചതിനെത്തുടർന്ന് അമേരിക്കയിൽ ബ്രുക്ലിൻ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് സമയമായതിനാൽ ഈ അവസരം കരുണാനിധി ക്രൂരമായി വിനിയോഗിച്ചു. എം.ജി.ആർ മരിച്ചെന്നും ഐസ് പെട്ടിയിൽ വച്ചിരിക്കുകയാണെന്നു പ്രചരിപ്പിച്ചു. എന്നാൽ എം.ജി.ആറിന്റെ കുശാഗ്രബുദ്ധിയായ ഉപദേശകൻ ആർ.എം. വീരപ്പൻ തന്ത്രം പ്രയോഗിച്ചു. ചികിത്സയിലുള്ള എം.ജി.ആർ സംസാരിക്കുന്നതും ചിരിക്കുന്നതുമെല്ലാം വിഡീയോ ചിത്രീകരിച്ചു സിനിമാ തിയറ്ററുകളിൽ പ്രദർശിപ്പിച്ചു. കരുണാനിധി തോറ്റു!
ജയയുടെ ഉദയം

അണ്ണാ തന്നെ കൂടെക്കൂട്ടിയതുപോലെ എം.ജി.ആർ മറ്റൊരാളുടെ കൈപിടിച്ചു- പ്രിയനായിക ജയലളിതയുടെ. വിദ്യാഭ്യാസവും വായാനാശീലവും ധൈര്യവും സർവോപരി ജനങ്ങളുടെ ഇഷ്ടവും ജയയ്ക്കുണ്ടെന്നു എം.ജി.ആർ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ പ്രതിച്ഛായ ജയയും ആസ്വദിച്ചു, ഉപയോഗിച്ചു.
പല പ്രമുഖരും എതിർത്തിട്ടും ജയയെ കൈവിടാൻ എം.ജി.ആർ തയാറായില്ല. അല്ലെങ്കിൽ കൈവിടാൻ തീരുമാനമെടുത്തതിന്റെ പിറ്റേന്ന് എം.ജി.ആർ മരിച്ചു. അപ്പോഴേക്കും സിനിമാ പ്രതിച്ഛായയുടെ പ്രാധാന്യം പാർട്ടിയിൽ തിരിച്ചറിഞ്ഞു. എതിര്ത്തവർതന്നെ ജനപ്രിയതയുള്ള ജയയുടെ ഒപ്പംചേർന്നു. ചെറിയ ഒരു വിഭാഗം എംജിആറിന്റെ ഭാര്യ ജാനകിയെ മുഖ്യമന്ത്രിയാക്കി ഭരണം പിടിക്കാൻ ശ്രമിച്ചെങ്കിലും ജയ ‘പുരട്ചി തലൈവി’യായി. സിനിമയുടെ മറ്റൊരു മായികപ്രഭാവം.

എം.ജി.ആറിനുശേഷം സമകാലികൻ ശിവാജി ഗണേശൻ ഒരു ദിവസം പുതിയൊരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ ആ പാർട്ടി ചരിത്രത്തിൽപോലും ഇല്ലാതെ അവസാനിച്ചു. വാസ്തവത്തിൽ രാഷ്ട്രീയത്തിൽ ശിവാജി എം.ജി.ആറിന്റെ മുൻഗാമിയാണ്. സ്വാതന്ത്ര്യസമര പോരാളിയുടെ മകൻ. നാടകത്തിലൂടെയും "പരാശക്തി', "കട്ടബൊമ്മൻ' സിനിമകളിലൂടെയും തമിഴകത്തിന്റെ വീരനായകൻ. ഒരു ഘട്ടത്തിൽ എം.ജി.ആറിനേക്കാൾ ജനപ്രിയൻ. പക്ഷേ ശിവാജി തിരശീലയിൽ അഭിനയിച്ചു. എം.ജി.ആർ പുറത്തും. ജനങ്ങളെ കാണുന്നതും സേവിക്കുന്നതും എം.ജി.ആർ വാർത്തയാക്കി ആയുധമാക്കി. അതിനുള്ളബുദ്ധി ശിവാജിക്കില്ലാതെപോയി.
എം.ജി.ആറിനുശേഷം കരുണാനിധി - ജയലളിത യുദ്ധമായിരുന്നു തമിഴകത്തിൽ. പണവും അധികാരവും അതിന്റെ പ്രഭാവം കാണിച്ചു. എം.ജി.ആർ കാണിച്ച വഴിയിലൂടെ അധികാരത്തിലേറാൻ മിക്ക നടന്മാരും മത്സരിച്ചു. ഡിഎംകെ, എഐഡിഎംകെ പാർട്ടികളിൽ ചേർന്നു.
അങ്ങനെയിരിക്കെ ജനസമ്മതിയിൽ എം.ജി.ആറിനൊപ്പം എത്തി സൂപ്പർസ്റ്റാർ രജനീകാന്ത്. തമിഴക മക്കൾ പുതിയ ദൈവത്തെ രജനിയിൽ കണ്ടുതുടങ്ങി. "ഇനി ഒരിക്കൽകൂടി ജയലളിത മുഖ്യമന്തിയായാൽ തമിഴ്നാടിനെ രക്ഷിക്കാൻ ദൈവത്തിനുപോലുമാകില്ല' എന്ന രജനിയുടെ ഒറ്റ ഡയലോഗിലാണ് 1996 തെരഞ്ഞെടുപ്പിൽ കരുണാനിധി മുഖ്യമന്ത്രിയായത്. സിനിമയിലെ യൗവനകാലം കഴിയുമ്പോൾ രജനി മറ്റൊരു എം.ജി.ആർ ആകുമെന്ന് തമിഴ് മക്കൾ പ്രത്യാശിച്ചു, ഒരിക്കലല്ല, പലവുരു. ജയ - കരുണാനിധി കാലം കഴിഞ്ഞപ്പോൾ രജനി തയാറായതുമാണ്. പക്ഷേ അനാരോഗ്യംപറഞ്ഞു പിന്മാറി. ബിജെപി ശക്തമായി ആവശ്യപ്പെട്ടിട്ടുപോലും രജനി വഴങ്ങിയില്ല.
തന്നിലൂന്നിയ ആത്മീയതയാണോ, അതോ തമിഴക രാഷ്ട്രീയത്തിന്റെ കരാളമുഖം മനസിലാക്കിയതുകൊണ്ടോ രാഷ്ട്രീയത്തിലേക്കില്ലെന്നു രജനി കടുത്ത പ്രഖ്യാപനം നടത്തി. അതോടെ മറ്റൊന്നുണ്ടായി- രജനിയുടെ ജനപ്രീതിയിടിഞ്ഞു.
കമൽ, വിജയകാന്ത്, ഖുശ്ബു
ഒരുകാലത്തു ജനപ്രിയത വർധിച്ചുവന്ന യുവനടൻ കമൽ ഹാസനെ വിളിച്ചു, രാഷ്ട്രീയതാല്പര്യമുണ്ടോയെന്നു എം.ജി.ആർ ചോദിച്ച ഒരുകഥയുണ്ട്. അന്ന് താത്പര്യം ഇല്ലെന്നു പറഞ്ഞ കമല് പതിറ്റാണ്ടുകൾക്കു ശേഷം ‘മക്കൾ നീതി മയ്യം’ എന്ന പാർട്ടിതന്നെ രൂപീകരിച്ചു. ധീരവും വ്യത്യസ്തവുമായ നിലപാടും ശിവാജിയെപോലെ ജനങ്ങൾക്കുമുന്നിൽ അഭിനയിക്കാൻ അറിയാത്തതും കമലിനേയും തറപറ്റിച്ചു. എന്നാലും ഡിഎംകെയുമായി കൈകോർത്തു കമൽ ഇന്ന് രാജ്യസഭാ എംപിയാണ്.
രജനി രാഷ്ട്രീയത്തിലേക്ക് വരില്ലെന്ന് ആദ്യം ഉറപ്പായ 2001ൽ മറ്റൊരു താരം ആ പദവിക്കായി ഇറങ്ങി- വിജയകാന്ത്. "കറുപ്പ് എംജിആറും' "പുരട്ചികലൈഞ്ജറു'മൊക്കെ ആയി വാഴ്ത്തുപാട്ടുകൾക്കിടയിൽ താരതമ്യേന ഭേദപ്പെട്ട വിജയംനേടാൻ വിജയകാന്തിനായി. ജയ മന്ത്രിസഭയുടെ കാലത്തു പ്രതിപക്ഷനേതാവുവരെയായി. പക്ഷെ മദ്യപാനവും അക്രമസ്വഭാവവും കാരണം അദ്ദേഹവും തകർന്നു. ഒടുവിൽ ജയയുടെ പാർട്ടിയിൽതന്നെ അഭയം തേടി.
തങ്ങൾക്കു ഭരണം കൈവെള്ളയിൽ വച്ചുതന്ന രജനി തുടർന്ന് ചൊൽപ്പടിക്കു നിൽക്കില്ലെന്നു ബോധ്യമായ കരുണാനിധി മറ്റൊരാളെ തെരഞ്ഞു. അപ്പോഴാണ് സിനിമയിൽ വൻ വിജയങ്ങൾ സമ്മാനിക്കുന്ന ശരത്കുമാറിനെ കണ്ണിൽപ്പെട്ടത്. സുപ്രീം സ്റ്റാറായ ശരത്കുമാറിനെ തന്റെ പാർട്ടിയിലേക്ക് ക്ഷണിച്ചു, എംഎൽഎയാക്കി. എന്നാൽ രജനിക്കടുത്തെത്താൻ ശരത്കുമാറിന് ആയില്ല. തമിഴ് മക്കൾ ക്ഷേത്രം പണിയിച്ച നായിക ഖുശ്ബുവും പല പാർട്ടികൾ മാറിമാറി ഭാഗ്യം പരീക്ഷിച്ചു. യുവനടൻ വിശാൽ വരെ പുതിയ പാർട്ടി പ്രഖ്യാപിച്ചു.
രക്ഷകൻ എവിടെ?
ഒന്നേയുള്ളു, തമിഴ് രാഷ്ട്രീയത്തിൽ സിനിമയ്ക്കുള്ള സ്ഥാനം ഒരിക്കലും രണ്ടാമത്തേതല്ല. ഓരോ പുതിയ നായകന്മാർ വരുമ്പോഴും അവർ വാരിക്കോരി സ്നേഹം നല്കുന്നത് മറ്റൊരു "രക്ഷകനെ' പ്രതീക്ഷിച്ചുകൊണ്ടാണ്. അവരുടെ പ്രതീക്ഷയ്ക്കൊത്ത് വളരാൻ കഴിവുള്ള ഏതു നടൻ വന്നാലും അവർ ഇനിയും മുകളിലേറ്റാൻ ശിരസു കുനിച്ചുകൊണ്ടേയിരിക്കും.
Tags : Jayalalitha MGR Vijay