സൂപ്പർതാരവും ടിവികെ അധ്യക്ഷനുമായ വിജയ് തമിഴ്നാട്ടിലെ കരൂരിൽ നടത്തിയ രാഷ്ട്രീയ റാലിയിൽ തിരക്കിൽപ്പെട്ട് 41 പേരുടെ ജീവൻ നഷ്ടമായിട്ട് ഒരുമാസമായിട്ടില്ല. നൂറിലധികംപേർ പരിക്കേറ്റ് ചികിത്സയിലുമായിരുന്നു. മറ്റേതു സംസ്ഥാനമായാലും വിജയ്യേയും അയാളുടെ തൊട്ടിലിൽകിടക്കുന്ന പാർട്ടിയേയും എന്നന്നേക്കും വെറുക്കാൻ ഈയൊരു ദുരന്തം മതി. എന്നാൽ തമിഴ്നാട്ടിൽ അതിനെ എത്രത്തോളം കൗശലപൂർവം കൈകാര്യം ചെയ്യുന്നുവെന്നതനുസരിച്ചിരിക്കും വിജയ്യുടെ വെട്രി. അതാണ് തമിഴ്നാട്, തമിഴ് രാഷ്ട്രീയം !
തമിഴ്നാട്ടിൽ സിനിമ വിനോദോപാധിയെന്നതിലുപരി, രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ശക്തമായ ആയുധമായിട്ടു നൂറ്റാണ്ടാവാറായി. ദ്രാവിഡ പ്രസ്ഥാനത്തിന്റെ കാലത്ത് ആരംഭിച്ച ഈ ബന്ധം അണ്ണാദുരൈ, കരുണാനിധി, എം.ജി.ആർ മുതൽ ഏറ്റവുമൊടുവിലെ കണ്ണിയായ വിജയ് വരെ എത്തിനിൽക്കുന്നു. സ്വന്തം പാർട്ടി തുടങ്ങിയവരും അല്ലാത്തവരുമായ സിനിമാ താരങ്ങളുടെ നിലപാടും തമിഴ് സാംസ്കാരിക-രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാഗമാണ്.
നാടകത്തിൽ തുടക്കം
മറ്റു സംസ്ഥാനങ്ങൾ പോലെ സംഗീതവും നാടകവുംതന്നെയായിരുന്നു ആദ്യകാല തമിഴ് വംശീയതയുടേയും ദേശീയതയുടേയും ആദ്യ ആയുധം. ‘തന്തൈ പെരിയോർ’ എന്നു വാഴ്ത്തുന്ന ഇ.വി. രാമസ്വാമി നായ്ക്കർ തുടക്കമിട്ട ദ്രാവിഡ കഴകത്തിന്റെ പ്രചരണത്തിനായി പ്രഥമ ശിഷ്യൻ അണ്ണാദുരൈയാണ് സാമൂഹിക പ്രസക്തിയുള്ള നാടകാവതരണങ്ങൾക്ക് തുടക്കമിട്ടത്. എം.ആർ. രാധയെന്ന അന്നത്തെ ഏറ്റവും ജനപ്രിയനടനും കണ്ണദാസൻ എന്ന മഹാകവിയും അടക്കം ഒരു നീണ്ടനിര കലാകാരന്മാർ തങ്ങളുടെ സൃഷ്ടിയുമായി ദ്രാവിഡ പ്രസ്ഥാനത്തോടു ചേർന്നു.
അതുവരെ ചിലപ്പതികാരവും രാജാപ്പാർട്ട് നാടകങ്ങളുമായി അന്യസംസ്ഥാനങ്ങളിൽവരെ പ്രചാരം നേടിയിരുന്ന തമിഴ് നാടകസംഘങ്ങൾക്ക് വേദി കുറഞ്ഞുവന്നു. സിനിമ എന്ന കലാരൂപം ജനങ്ങളിൽ ശ്രദ്ധയാകർഷിച്ചു തുടങ്ങിയെന്ന് മനസ്സിലാക്കിയതോടെ അണ്ണാദുരൈ സിനിമയിലേക്ക് കളംമാറ്റി. പിന്നാലെ സന്തതസഹചാരിയായ കലൈഞ്ജർ കരുണാനിധിയും സിനിമയിലെത്തി.
1952ൽ ‘പരാശക്തി’ എന്ന സിനിമ പുറത്തുവന്നു. അതുവരെ നാടകങ്ങളിൽമാത്രം അഭിനയിച്ചിരുന്ന ശിവാജി ഗണേശൻ എന്ന നടൻ കരുണാനിധിയുടെ സ്ഫോടനാത്മകമായ സംഭാഷണങ്ങൾ ഉരുവിട്ടതോടെ വെള്ളിത്തിരയ്ക്ക് തീപിടിച്ചു, ഒപ്പം തമിഴകത്തിനും. രണ്ടുവർഷത്തിനുശേഷം, എം.ആർ. രാധയുടെ സൂപ്പർഹിറ്റ് നാടകത്തിന്റെ ചലച്ചിത്ര രൂപം ‘രക്തക്കണ്ണീർ’ കൂടി റിലീസായതോടെ സിനിമ ജനങ്ങളുടെ നാവായി.
സിനിമയിലെ പ്രമുഖരെ സമുദായ നേതാക്കളായി മഹാഭൂരിപക്ഷംവരുന്ന ‘എഴൈ ജനത’ ആരാധിക്കാൻ തുടങ്ങി. അതുവരെ രാജാറാണി കഥകളിൽ മാത്രം അഭിനയിച്ചിരുന്ന എം.ജി.ആർ വരെ സാമൂഹിക പ്രസക്തിയുള്ള സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയത് ഇക്കാലത്താണ്. അല്ലെങ്കിൽ നിലനിൽപ്പിനുവേണ്ടി അതു വേണ്ടിവന്നു. ആ എം.ജി.ആർ പിന്നീട് ‘മക്കൾതിലക’മായി എന്നത് ചരിത്രം.
തിരിച്ചറിവുകൾ, കണക്കുകൂട്ടലുകൾ
സിനിമയിലെ തുടക്കം മുതൽതന്നെ രാഷ്ട്രീയമോഹവും എം.ജി.ആറിൽ അങ്കുരിച്ചിരുന്നു. ഗാന്ധിയൻ പാത പിന്തുടർന്ന്, കോൺഗ്രസുകാരനായാണ് എം.ജി.ആറിന്റെ തുടക്കം. സിനിമയിലെ ഉറ്റ സുഹൃത്ത് കരുണാനിധിയുടെ സ്വാധീനമാണ് ദ്രാവിഡ പ്രസ്ഥാനത്തിലേക്കു ശ്രദ്ധ തിരിപ്പിച്ചത്. പുരട്ചിനടനിൽ(വിപ്ലവ നടൻ) ജനങ്ങളുടെ ആരാധന ഏറിവരുന്നത് നിരീക്ഷിച്ച അണ്ണാദുരൈ ക്രമേണ അയാളെ താൻ സ്ഥാപിച്ച ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ഭാഗമാക്കാൻ പ്രയത്നിച്ചു.
എം.ജി.ആറിനെ കാണാൻ വരുന്ന കൂട്ടം തന്റെ പാർട്ടിയുടെ വളർച്ചയ്ക്ക് മറ്റെന്തിനേക്കാൾ ഗുണപ്പെടും എന്നത് രാഷ്ട്രീയ ചാണക്യനായ അണ്ണായ്ക്കു അറിയാമായിരുന്നു. തിരിച്ചു തമിഴ് ജനങ്ങൾ തന്നെ രക്ഷകനായി കാണുന്നുവെന്നു എം.ജി.ആർ മനസിലാക്കിയത് ഈ സമ്മേളങ്ങളിൽ പങ്കെടുത്താണ്.