തച്ചനാട്ടുകരയിൽ പ്ലൈവുഡ് ഫാക്ടറിക്കെതിരേ ജനകീയ പ്രക്ഷോഭവുമായി സമരസമിതി
1517211
Monday, February 24, 2025 1:27 AM IST
മണ്ണാർക്കാട്: തച്ചനാട്ടുകര നന്നങ്ങാടിക്കുന്ന് പ്രദേശത്ത് നിർമിക്കുന്ന പ്ലൈവുഡ് ഫാക്ടറിക്കെതിരെ നന്നങ്ങാടിക്കുന്ന് സമരസമിതി പ്രക്ഷോഭവുമായി രംഗത്ത്. നാളെ രാവിലെ പത്തിനു ഫാക്ടറിക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നു സമരസമിതി ഭാരവാഹികൾ മണ്ണാർക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്ലൈവുഡ് ഫാക്ടറി വരുന്നതോടെ നാട്ടിലുള്ളവർക്ക് നിരവധി പ്രശ്നങ്ങൾ നേരിടും എന്നതിനാലാണ് കമ്പനിക്കെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കാൻസർ, ആസ്തമ പോലെയുള്ള രോഗങ്ങൾവരാൻ സാധ്യത കൂടുതലാണ്. അതിഥി തൊഴിലാളികളാണ് കമ്പനിയിൽ അധികവും. ഇവർ ലഹരി ഉപയോഗിക്കുന്നവരാണ്. ഫാക്ടറിക്ക് തൊട്ടടുത്ത് രണ്ടു സ്കൂളുകളുണ്ട്. ഇവിടേക്കുള്ള റോഡ് വളരെ വീതി കുറവുള്ളതാണ്.
ഇത്തരത്തിൽ ഫാക്ടറി പ്രവർത്തനം ആരംഭിക്കുന്നതോടെ നിരവധി പ്രശ്നങ്ങളാണ് നന്നങ്ങാടിക്കുന്ന് മേഖലയിൽ വരുന്നത്. ഇക്കാര്യം ഗ്രാമപഞ്ചായത്ത് അധികൃതരെ പലതവണ അറിയിച്ചു. ജില്ലാ കളക്ടറെ സമീപിച്ചു പരാതിപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
ഇതിൽ പ്രതിഷേധിച്ചാണ് സമരത്തിന് ഇറങ്ങുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. സമരസമിതി പ്രസിഡന്റ് കബീർ പട്ടിശ്ശേരി, വൈസ് പ്രസിഡന്റ് കെ.ഖാലിദ്, സെക്രട്ടറി പി. ഷഫീഖ്, പി. അയൂബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.