ലക്കിടി മേല്പാലം പദ്ധതി അനിശ്ചിതാവസ്ഥ തീരുന്നില്ല
1517210
Monday, February 24, 2025 1:27 AM IST
ഒറ്റപ്പാലം: ലക്കിടി- തിരുവില്വാമല റോഡിൽ മേല്പാലം പദ്ധതിയുടെ കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥക്ക് പരിഹാരമായില്ല.
വാഹന ഗതാഗതം സ്തംഭിക്കുന്നതിനൊപ്പം മൃതദേഹങ്ങളുടെ സംസ്കാരച്ചടങ്ങുകളെയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്നമായി ഇതു മാറിയിട്ടുണ്ട്.
ഭാരതപ്പുഴയുടെ പുണ്യതീരങ്ങളിലൊന്നായി വിശ്വസിക്കപ്പെടുന്ന പാമ്പാടി ഐവർമഠം തീരത്തെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്ന മൃതശരീരങ്ങളും ലക്കിടി റെയിൽവേ ഗേറ്റിനു മുന്നിൽ വഴിയടഞ്ഞു കിടക്കേണ്ടിവരുന്നുണ്ട്.
നിളയുടെ മറുകരയിലുള്ള പാമ്പാടിയിലെ ശ്മശാനത്തിലേക്കു ലക്കിടി വഴി പ്രതിദിനം പത്തോളം മൃതദേഹങ്ങളാണു കൊണ്ടുവരുന്നത്. പുണ്യതീരമെന്ന നിലയിൽ മലപ്പുറം ജില്ലയിൽ നിന്നുവരെ മൃതദേഹങ്ങൾ തൃശൂർ ജില്ലയിലെ പാമ്പാടിയിലെത്തുന്നുണ്ട്.
ലക്കിടിയിൽ ഗേറ്റ് അടഞ്ഞുകിടക്കുമ്പോൾ മൃതദേഹം വഹിച്ചുവരുന്ന ആംബുലൻസുകളും കുരുക്കിലകപ്പെടുന്നു. മൃതദേഹങ്ങളും അന്ത്യകർമം നിർവഹിക്കാൻ വരുന്ന ബന്ധുക്കളും മണിക്കൂറുകളോളം വഴിയിൽ കുരുങ്ങുന്നുണ്ട്.
2020ലെ സംസ്ഥാന ബജറ്റിൽ 20 കോടിരൂപ വകയിരുത്തിയ മേൽപാലം പദ്ധതിയാണ് അനിശ്ചിതാവസ്ഥയിൽ തുടരുന്നത്. അതേസമയം, മങ്കര- കാളികാവ് റോഡിലെ ലവൽക്രോസിൽ അനുവദിച്ച മേൽപാലം നിർമാണം നിർവഹണ ഘട്ടത്തിലേക്കു നീങ്ങുകയാണ്. മങ്കര- കാളികാവ് റോഡിലേതിനെക്കാൾ കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്ന ലക്കിടി-തിരുവില്വാമല റോഡിലെ പദ്ധതി ഇരുട്ടിലും.
പദ്ധതി വേഗത്തിലാക്കാൻ ഇടപെടുമെന്ന് കെ.പ്രേംകുമാർ എം എൽ എ പറഞ്ഞു. ലക്കിടി മേൽപാലം പദ്ധതിയുടെ കാര്യത്തിൽ പിഡബ്ല്യുഡി ബ്രിജസ് വിഭാഗത്തിന്റെ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഡിസൈനും എസ്റ്റിമേറ്റും തയാറായിട്ടില്ല. കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനും ഇതുസംബന്ധിച്ച് എസ്റ്റിമേറ്റ് തയാറാക്കുന്ന നടപടികൾ സ്വീകരിക്കുന്നുണ്ടന്ന് കെ. പ്രേംകുമാർ എംഎൽഎ വ്യക്തമാക്കി.