വേനൽച്ചൂട്: ഭക്ഷ്യസുരക്ഷാ പരിശോധനകൾ കർശനമാക്കും
1516998
Sunday, February 23, 2025 6:06 AM IST
കോയന്പത്തൂർ: വേനൽചൂട് കനത്തതോടെ ശീതളപാനീയങ്ങളും പഴവർഗങ്ങളും വിൽക്കുന്ന കടകളിൽ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ആളുകൾക്ക് ഗുണനിലവാരമുള്ള പഴങ്ങൾ മാത്രം വിൽക്കണം. വേനൽക്കാലം വരുമ്പോൾ പഴങ്ങൾ, ജ്യൂസ്, ശീതളപാനീയങ്ങൾ, മോര്, പടണി, നന്നാരി സർബത്ത്, പ്രധാനമായും വെള്ളം എന്നിങ്ങനെ ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണപാനീയങ്ങൾക്ക് ചെലവേറും.
കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളിൽ ഇളനീർ, തണ്ണിമത്തൻ, വെള്ളരി, പടനീർ ജ്യൂസ് എന്നിവയുടെ വിൽപന പാതയോരങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ പഴച്ചാറുകളും വിൽക്കുന്നു.പ്രാദേശികമായി ഉത്പാദിപ്പിച്ച് വിൽക്കുന്ന ശീതളപാനീയങ്ങളിലേക്കും ഭക്ഷ്യസുരക്ഷാ വിഭാഗം ശ്രദ്ധ തിരിച്ചിട്ടുണ്ട്.
പഴങ്ങളിലും പല ജ്യൂസുകളിലും കൂടുതൽ നിറങ്ങൾ ചേർത്തിട്ടുണ്ടോ, പഴങ്ങൾ പഴുക്കാൻ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടോ, ഐസ്ഡ് ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ് ക്യൂബുകൾ ഗുണമേന്മയുള്ളതാണോ, പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ശീതളപാനീയങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അംഗീകാരമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ മിന്നൽപരിശോധനകൾ നടത്തും.