പാലക്കുഴിയിൽ കുരുമുളകിനൊപ്പം ഗ്രാന്പൂ വിളവെടുപ്പും തുടങ്ങി
1517009
Sunday, February 23, 2025 6:06 AM IST
വടക്കഞ്ചേരി: മലമ്പ്രദേശമായ പാലക്കുഴിയിൽ കുരുമുളക് വിളവെടുപ്പിനൊപ്പം ഗ്രാമ്പു വിളവെടുപ്പും തുടങ്ങി. മസാലകൂട്ടിലെ ഈ കറുത്ത പൂമൊട്ടിനെ ഇങ്ങനെ പച്ചകളറിൽ പലരും കണ്ടിട്ടുണ്ടാകില്ല.
എണ്ണിയാലൊടുങ്ങാത്ത പൂമൊട്ടുകളുടെ കൃഷിയാണിത്. മരങ്ങളിൽ കുലകളായി ഉണ്ടാകുന്ന ഗ്രാമ്പുമുട്ടുകൾ പറിച്ചെടുക്കൽ ശ്രമകരമായ ജോലിയാണെങ്കിലും വിലയുള്ളതിനാൽ ഗ്രാമ്പു വിളവെടുപ്പും മലയോരത്ത് സജീവമാണ്.
ഉണങ്ങിയ ഗ്രാമ്പുവിന് കിലോക്ക് 800 രൂപയാണ് ഇപ്പോഴത്തെ വില. ആയിരം വരെ ഉണ്ടായിരുന്ന വില വിയറ്റ്നാമിൽ നിന്നുള്ള ഇറക്കുമതിയെ തുടർന്ന് വില കുറഞ്ഞെന്ന് പാലക്കുഴിയിലെ മലഞ്ചരക്ക് വ്യാപാരിയായ ചാർളി പറയുന്നു.
ഉണങ്ങിയ പതിനഞ്ചായിരം മുട്ടെങ്കിലും വേണം ഒരു കിലോയാകാൻ. പച്ച കളർ മാറി കറുത്ത കളറാകണം വില്പനക്ക്. കൊച്ചിയാണ് ഗ്രാമ്പുവിന്റെ പ്രധാന വിപണി. മുട്ടു പറിച്ചെടുത്ത തണ്ടിനും വിലയുണ്ട്.
പാലക്കുഴിയിൽ പൊതുവേ ഉയരം കുറഞ്ഞ ഗ്രാമ്പു മരങ്ങളാണ്.ഇതിനാൽ കയറി പറിച്ചെടുക്കാൻ പ്രയാസമില്ല. പൂവാകും മുമ്പേ മുട്ടുകളെല്ലാം പറിച്ചെടുക്കണം. മുട്ടിന്റെ പച്ച കളർ വിട്ട് ചെറിയ സ്വർണ വർണ നിറമാകുന്ന പരുവത്തിലാണ് വിളവെടുപ്പ് നടത്തേണ്ടത്.
കുലകളിൽ നിന്നും മുട്ടുകൾ വേർതിരിച്ചെടുക്കലും ക്ഷമ പരീക്ഷിക്കുന്ന പണിയാണ്. കുലയിലെ മുട്ടുകൾ ഒന്നിച്ചുപിടിച്ച് കൈവെള്ളയിൽ ചെരിച്ച് അമർത്തിയാൽ മുട്ടുകൾ താഴെ വീഴും.
അങ്ങനെ മത്സരം വച്ച് കുട്ടികൾക്ക് രസകരമായി ചെയ്യാവുന്നതാണിത്. വലിയ അധ്വാന പണികൾക്ക് പോകാൻ കഴിയാത്ത പ്രായമായവർക്കും ഈ പണി ചെയ്യാനാകും. ഉയർന്ന മലമ്പ്രദേശങ്ങളിലാണ് ഗ്രാമ്പു ചെടികൾ കൂടുതലും വളരുന്നത്. വലിയ പരിചരണമില്ലാതെ ഈ ചെടികൾ വളർന്ന് മരമാകും.പാലക്കുഴിയിൽ മിക്കവാറും എല്ലാ തോട്ടങ്ങളിലുമുണ്ട് ഗ്രാമ്പു ചെടികൾ.