നഗരപാത ഗ്രാമപാതയെക്കാൾ കഷ്ടം: മന്ത്രിക്ക് പരാതിനൽകി വ്യാപാരികൾ
1517005
Sunday, February 23, 2025 6:06 AM IST
മണ്ണാർക്കാട്: നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ നവീകരണ പ്രവൃത്തികൾ കഴിഞ്ഞ് അധികനാൾ ആയിട്ടില്ല. എന്നാൽ റോഡിന്റെ അവസ്ഥ അതിദയനീയമാണ്. പല ഭാഗത്തും പൊന്തിയും താഴ്ന്നുമാണ് കിടക്കുന്നത്. ആൽത്തറ കയറ്റത്തിൽ റോഡ് ഒരു വശം താണുപോയ അവസ്ഥയിലാണ്. ഇത് ഇരുചക്രവാഹനങ്ങൾക്ക് വലിയ അപകട ഭീഷണിയാകുന്നുണ്ട്.
ഇതേ അവസ്ഥയാണ് കോടതിപ്പടി ഇറക്കത്തിലും ഉള്ളത്. റോഡിൽ ഹമ്പുകൾ രൂപപ്പെട്ട അവസ്ഥയിലാണ്. മറ്റു വാഹനങ്ങളെ മറികടക്കുമ്പോൾ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഭാരം വഹിച്ച് വരുന്ന ലോറികൾ ഹമ്പുകൾ കാരണം കയറാൻ കഴിയാത്ത അവസ്ഥയും പതിവാണ്.
ഇതോടെ ഈ ഭാഗങ്ങളിൽ ഗതാഗതക്കുരുക്കും നിത്യസംഭവമാണ്. നിർമാണത്തിലെ അപാകതയാണ് റോഡിന്റെ ദയനീയാവസ്ഥയ്ക്ക് കാരണമെന്നാണ് പരക്കെയുള്ള ആക്ഷേപം. പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റ് വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ടവർക്കും കത്ത് നല്കി.