പാലക്കുഴിയിൽ പെരുന്തേനീച്ച ആക്രമണം: വയോധികനു ഗുരുതരമായി പരിക്കേറ്റു
1517004
Sunday, February 23, 2025 6:06 AM IST
വടക്കഞ്ചേരി: പാലക്കുഴിയിൽ പെരുന്തേനീച്ചയുടെ ആക്രമണത്തിൽ രോഗിയായ വയോധികന് ഗുരുതരമായി പരിക്കേറ്റു. പിസിഎ പാത്തിപ്പാറയിലെ കൂനോത്ത് തോമസാണ് (വാൽപ്പാറ തോമസ് - 75) ആക്രമണത്തിനിരയായത്. തോമസ് നെന്മാറ അവൈറ്റീസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൂടിളകി വന്ന പെരുന്തേനീച്ചക്കൂട്ടം വീടിനടുത്തെ കൃഷിയിടത്തിൽവച്ച് തോമസിനെ പൊതിഞ്ഞ് ആക്രമിക്കുകയായിരുന്നു. അവശനായ തോമസ് അടുത്തുള്ള ഷെഡിൽ ഓടികയറി.
ബഹളം കേട്ട് ഓടിയെത്തിയവർ തീപുകച്ച് ഈച്ചകളെ അകറ്റിയാണ് തോമസിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. ശ്വാസംമുട്ട് ഉൾപ്പെടെയുള്ള രോഗങ്ങൾ അലട്ടുന്നയാളാണ് തോമസ്. രണ്ടാഴ്ച മുമ്പ് പാലക്കുഴി താണിചുവട്ടിൽ പെരുന്തേനീച്ചയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.