യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ പ്രവർത്തക കൺവൻഷൻ
1517201
Monday, February 24, 2025 1:27 AM IST
പാലക്കാട്: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ (യുഎംസി) ജില്ലാ പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചു.
കൺവൻഷനിൽ വ്യാപാരികളെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന തൊഴിൽ നികുതി മൂന്നിരട്ടി വർധിപ്പിച്ചത് പിൻവലിക്കണമെന്നും, വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ട നിയമങ്ങൾ കർശനമായും പ്രായോഗികമായും നടപ്പിൽവരുത്തണമെന്നും ആവശ്യപ്പെട്ടു.
വർധിച്ചു വരുന്ന ഓൺലൈൻ വ്യാപാരത്തിന് സെസ്സ് ഏർപ്പെടുത്തണമെന്നും, കെട്ടിട വാടകക്കുമേൽ ചുമത്തുന്ന ജിഎസ്ടി വ്യാപാരികൾക്ക് വലിയ ബാധ്യതയായതു പിൻവലിക്കണമെന്നും പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
യുഎംസിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പാലക്കാട് ഡിസ്ട്രിക്ട് മർച്ചന്റ്സ് വെൽഫെയർ കോ- ഓപറേറ്റീവ് സൊസൈറ്റി നടപ്പാക്കിയ മരണാനന്തര കുടുംബ സഹായ പദ്ധതി മോനോൻപാറ യൂണിറ്റിൽ നിര്യാതനായ മോഹൻദാസിന്റെ കുടുംബത്തിനു ചടങ്ങിൽ കൈമാറി.
ജില്ലാ പ്രസിഡന്റ് പി.എസ്. സിംപ്സണിന്റെ അധ്യക്ഷതയിൽ വി.കെ. ശ്രീകണ്ഠൻ എംപി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ, ട്രഷറർ നിജാം ബഷി , വൈസ് പ്രസിഡന്റ് ടി.കെ.ഹെൻട്രി, ജില്ലാ ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ്, വർക്കിംഗ് പ്രസിഡന്റ് കെ.ആർ.ചന്ദ്രൻ, ട്രഷറർ കെ. ഹുസൈൻകുട്ടി, ഭാരവാഹികളായ തോമസ് ജേക്കബ്, മോഹൻദാസ് പി. കുത്തനൂർ, പി.ജെ.കുര്യൻ, വി.എം. ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.