സ്കൂൾ പരിസരങ്ങളിലെ ലഹരി ഉപയോഗത്തിനെതിരേ നടപടികൾ ശക്തിപ്പെടുത്തും: ജില്ലാ വികസനസമിതി
1517002
Sunday, February 23, 2025 6:06 AM IST
പാലക്കാട്: സ്കൂൾ പരിസരങ്ങളിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. ലഹരിക്കെതിരെ പോലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ നടത്തുന്ന സ്പെഷൽ ഡ്രൈവുകൾ ശക്തിപ്പെടുത്താനും യോഗത്തിൽ ജില്ലാ കളക്ടർ നിർദേശം നൽകി.
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന നശാമുക്ത് ഭാരത് അഭിയാൻ വോളന്റിയർമാരുടെയും സ്കൂളുകളിലെ എൻഎസ്എസ്, എൻസിസി, എസ്പിസി കേഡറ്റുകളുടെയും സഹകരണത്തോടെ സ്കൂളുകളിലും കോളജുകളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ബോധവത്കരണവും ശക്തിപ്പെടുത്തും.
ലഹരി എത്തിക്കുന്ന കാരിയേഴ്സിനെ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തിപ്പെടുത്തണമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. പട്ടാന്പിയിൽ എക്സൈസ് സർക്കിൾ ഓഫീസ് അനുവദിക്കമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
പത്തിരിപ്പാല ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കണമെന്ന് കെ. ശാന്തകുമാരി എംഎൽഎ ആവശ്യപ്പെട്ടു.
തച്ചന്പാറ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. കോങ്ങാട് മണ്ഡലത്തിലെ കാടുപിടിച്ച് കിടക്കുന്ന ബസ് സ്റ്റോപ്പുകൾ വൃത്തിയാക്കാനും ബസുകൾ സ്റ്റോപ്പുകളിൽ തന്നെ നിർത്തുന്നു എന്നുറപ്പാക്കാനും നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
പറളി വട്ടപ്പള്ളത്ത് റെയിൽ അടിപ്പാത നിർമിക്കുന്നതിനുള്ള നിലം പരിവർത്തനപ്പെടുത്തുന്നതിന് കാർഷികോത്പാദന കമ്മീഷണർ അനുമതി നൽകിയതായി കെ. ശാന്തകുമാരി എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
കൊച്ചിൻ പാലം മുതൽ പൊതുവാൾ ജംഗ്ഷൻ വരെയും കുളപ്പുള്ളി മുതൽ ഷൊർണൂർ വരെയുമുള്ള റോഡിന്റെ രണ്ടാംഘട്ട പ്രവൃത്തികൾ ഉടൻ ആരംഭിക്കണമെന്ന് പി. മമ്മിക്കുട്ടി എംഎൽഎ ആവശ്യപ്പെട്ടു. നവീകരണം നടത്തിയ മുണ്ടൂർ-തൂത പാതയുടെ സമീപത്തെ വീട്ടുകാർ റോഡുമായുള്ള വീടുകളുടെ ഉയരവ്യത്യാസം കാരണം ബുദ്ധിമുട്ടുകയാണെന്നും ഇതിന് പരിഹാരം കാണണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
പാലക്കാട് തോണിപ്പാളയം പ്രദേശവാസികൾക്ക് റോഡില്ലാത്ത വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് എ. പ്രഭാകരൻ എംഎൽഎ ആവശ്യപ്പെട്ടു. അനുമതി ലഭിച്ചതിലും അധികം മണൽ വാളയാർ ഡാമിൽ നിന്നും ശേഖരിക്കുന്നുണ്ടെന്നും ഇതിനെതിരെ ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായ നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
മന്ത്രിമാരുടെ നേതൃത്വത്തിൽ വിവിധ താലൂക്കുകളിലായി നടന്ന കരുതലും കൈത്താങ്ങും പൊതുജനപരാതി പരിഹാര അദാലത്തുകളിൽ ലഭിച്ച പരാതികളിൽ അടിയന്തരമായി തീർപ്പ് കൽപ്പിക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. ചിറ്റൂർ മേഖലയിൽ കള്ളിൽ സ്പിരിറ്റ് ചേർത്ത് വിൽക്കുന്നത് വ്യാപകമാണെന്നും ഇതിനെതിരെ പോലീസും എക്സൈസും റെയ്ഡ് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പട്ടാന്പി മണ്ഡലത്തിലെ റവന്യൂ ടവർ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് സൈറ്റിലെ നിർമിതികളും കെഎസ്ഇബി പോസ്റ്റുകളും സ്റ്റേ വയറുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ ആവശ്യപ്പെട്ടു. വേനലിലെ കുടിവെള്ള ക്ഷാമം മുൻകൂട്ടി കണ്ട് ഓങ്ങല്ലൂർ, വല്ലപ്പുഴ മേഖലയിൽ കുടിവെളളവിതരണത്തിന് പദ്ധതി രൂപീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ദേശീയപാതാ വികസനത്തിനെന്ന പേരിൽ തൃത്താല മേഖലയിൽ അനധികൃത മണ്ണെടുപ്പ് വ്യാപകമാണെന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും അബ്ദുസമദ് സമദാനി എംപിയുടെ പ്രതിനിധി എസ്.എം.കെ. തങ്ങൾ ആവശ്യപ്പെട്ടു. മണ്ണെടുക്കുന്ന മേഖലകളിൽ പരിശോധന നടത്താൻ ജിയോളജി വകുപ്പിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
പദ്ധതികളുടെ നിർവഹണം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത കാണിക്കണമെന്നും ഫയലുകളുടെ ഫോളോ അപ്പ് നടപടികൾ നടത്തണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎമാരായ മുഹമ്മദ് മുഹ്സിൻ, പി. മമ്മിക്കുട്ടി, കെ.ശാന്തകുമാരി, എ. പ്രഭാകരൻ, മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, എഡിഎം കെ. മണികണ്ഠൻ, ആർഡിഒ ഡി. അമൃതവല്ലി, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.